ന്യൂദല്‍ഹി- ദല്‍ഹിയില്‍ വീണ്ടും വായുമലിനീകരണം പിടിമുറുക്കുന്നു. വായുഗുണനിലവാര സൂചിക (എ.ക്യു.ഐ) വെള്ളിയാഴ്ച 399 ആയതോടെ അധികൃതര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. അനാവശ്യമായുള്ള കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ താത്കാലികമായി നിര്‍ത്താന്‍ അധികൃതര്‍ ഉത്തരവിട്ടു. വര്‍ക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കാനും നിര്‍ദേശമുണ്ട്.
ബി.എസ് മൂന്ന് പെട്രോള്‍, ബി.എസ് ഫോര്‍ ഡീസല്‍ വാഹനങ്ങള്‍ എന്നിവയ്ക്കുള്ള നിരോധനം ഏര്‍പ്പെടുത്തണോ എന്നകാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. അടുത്തദിവസവും വായുഗുണനിലവാര സൂചിക ഗുരുതര വിഭാഗത്തില്‍ തുടരുമെന്നാണ് കരുതപ്പെടുന്നത്.
മലിനീകരണത്തിന് കാരണമാകാത്ത പ്ലംബിങ്, കാര്‍പെന്ററി, ഇന്റീരിയര്‍ ഡെക്കറേഷന്‍, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ തുടങ്ങിവയ്ക്ക് നിരോധനമില്ല. കല്‍ക്കരി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ ജനുവരി ഒന്നുമുതല്‍ അടച്ചിടാന്‍ നിര്‍ദേശമുണ്ട്. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കും.
ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് മൂലം വായു ഗുണനിലവാര സൂചിക ഗുരുതര വിഭാഗത്തില്‍ എത്തിയിരുന്നു.