പുതുവർഷത്തെ വരവേൽക്കുമ്പോൾ

ഏതാനും മണിക്കൂറുകൾ പിന്നിട്ടാൽ ഒരു പുതുവൽസരം കൂടി പിറക്കുകയായി. ഈ വേളയിൽ  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നവ വൽസരത്തെ വരവേൽക്കുന്നതിനായി പല തരം കൗതുകകരമായ ആഘോഷങ്ങളും ആചാരങ്ങളും  അരങ്ങേറുന്നത്  കാണാം.ന്യൂയോർക്ക് ടൈം സ്‌ക്വയറിലെ  ബോൾ ഡ്രോപ് ഇതിൽ ഏറെ പ്രസിദ്ധമാണ്.ന്യൂയോർക്ക്  ടൈംസിന്റെ പുതിയ ആസ്ഥാനത്തേക്ക് ജനശ്രദ്ധ തിരിക്കാൻ 1908 പിറക്കുന്ന നേരത്ത് ഉടമയായ അഡോൾഫ് ഓക്‌സ് തുടക്കമിട്ട ഒരു പരിപാടിയാണിത്.ഡിസംബർ 31 അർധരാത്രിയിൽ ഘടികാരത്തിൽ 12 അടിക്കുന്ന നിമിഷം നേരിൽ കാണാൻ  മരംകോച്ചും  തണുപ്പ് വകവെക്കാതെ ആയിരങ്ങളാണ് അവിടേക്ക് ഒഴുകിയെത്തുക. വർണാഭമായ ദീപാലങ്കാരങ്ങളും വെടിക്കെട്ടുകളും വിനോദ പരിപാടികളും വർഷം തോറും ഇതിന്റെ ഭാഗമായി അവിടെ നടക്കുന്നുണ്ട്.വേനലായതിനാൽ പുതുവർഷത്തെ വരവേൽക്കാൻ    ബ്രസീലുകാർ    കടൽ തീരത്തേക്കാണത്രേ പോവുക. ഏഴ് ആഗ്രഹങ്ങൾ
ചൊല്ലിപ്പറഞ്ഞ് അവർ ഏഴ് തിരമാലകളെ മുറിച്ച് കടക്കും. ഐതിഹ്യമനുസരിച്ച് ശുദ്ധിയുടെ പ്രതീകമായ  വെള്ള വസ്ത്രം ധരിച്ചാണ് ഈ ആചാരം എന്ന് പറയപ്പെടുന്നു.സ്‌പെയിൻകാരാവട്ടെ, പന്ത്രണ്ട് മുന്തിരികൾ തിന്നുകൊണ്ടാണ് പുതുവർഷത്തിന്   സ്വാഗതമോതുന്നത്. പിശാച് ബാധ ഒഴിയാനും വരുംനാളുകൾ സമൃദ്ധിയുടേതാവാനും  പന്ത്രണ്ട് മുന്തിരികളും ഒറ്റയടിക്ക് തിന്നണമത്രേ!
ജപ്പാൻകാരാവട്ടെ സോബാ നൂഡിൽസ് കഴിച്ചും ഫിലിപ്പിനോകൾ പന്ത്രണ്ട് തരം പഴങ്ങൾ ഭക്ഷിച്ചുമാണ് പുതുവർഷ പുലരിയെ സ്വീകരിക്കുന്നത്. ഗ്രീസിൽ വാതിൽപടിയിൽ ഉള്ളി കെട്ടിത്തൂക്കിയും കൊളംബിയയിൽ വിവിധ തരത്തിൽ തൊലിയുരിച്ച മൂന്ന് ഉരുളക്കിഴങ്ങ് കിടക്കക്കടിയിൽ വെച്ച്  കണ്ണടച്ച് പാതിരാവിൽ അതിലൊന്നെടുത്ത് ഭാഗ്യപരീക്ഷണം നടത്തിയുമാണ് പുത്തൻവർഷാഗമനത്തെ വരവേൽക്കുന്നത്.ഇതുപോലെ തന്നെ കൗതുകകരമാണ് കലണ്ടറുകളുടെ ചരിത്രവും. മെസോപൊട്ടോമിയക്കാരും  ബാബിലോണിയക്കാരും പേർഷ്യക്കാരുമെല്ലാം ഉപയാഗപ്പെടുത്തിയ കലണ്ടറുകൾ താൽപര്യമുള്ളവർക്ക് പഠനവിധേയമാക്കാവുന്നതാണ്. ചന്ദ്രോദയത്തിന്റെ അടിസ്ഥാനത്തിലാണ് ഹിജ്‌റ കലണ്ടർ തയാറാക്കുന്നത്.
പുതുവർഷത്തിൽ ആദ്യത്തെ ആഴ്ച ഞാൻ ജിമ്മിൽ പോകാറില്ല. കാരണം അവിടെ നല്ല തിരക്കായിരിക്കും എന്ന് സരസനായ ഒരാൾ എഴുതിയതോർമയിലെത്തുന്നു.  പുത്തൻ തീരുമാനങ്ങളും പദ്ധതികളുമായി പുതുവർഷത്തെ എതിരേൽക്കുന്നവരുണ്ട്. ആരോഗ്യം, സാമ്പത്തികം, സൗഹൃദം, പഠനം, തൊഴിൽ, വായന, കൃഷി, യാത്ര തുടങ്ങി  വിവിധ  കാര്യങ്ങളിൽ ആത്മവിശകലനം നടത്തിപ്പോയ നാളുകളിൽ   നിന്നും വ്യത്യസ്തമായി  ക്രിയാത്മകമായി വരും നാളുകളെ ഉപയോഗപ്പെടുത്താൻ ലക്ഷ്യ നിർണയം നടത്തി പ്രായോഗിക പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കാൻ പലരും മുന്നിട്ടിറങ്ങുന്ന മണിക്കൂറുകൾ കൂടിയാണിത്.
ചിലരെല്ലാം ന്യൂ ഇയർ റെസലൂഷൻസ് ഫലപ്രദമായി ഉപയോഗപ്പെടുത്തി ദൈനംദിന ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ വിജയിക്കാറുണ്ട്. 
എല്ലാ തീരുമാനങ്ങളും പലപ്പോഴും  വിജയിപ്പിച്ചെടുക്കാനാവില്ലെങ്കിലും ചില തീരുമാനങ്ങളെങ്കിലും വിജയിപ്പിച്ചെടുക്കാൻ ഇത്തരം ഗോൾ സെറ്റിംഗ് ഉപകാരപ്പെടുമെന്നതിൽ ശങ്ക വേണ്ടതില്ല. 
ആയുസ്സിൽ നിന്നും വിലപ്പെട്ട ഒരു വർഷം കൂടി വിട പറഞ്ഞകലുന്നതിന്റെ നൊമ്പരവും മരണത്തിലേക്ക് ദൂരം കുറയുന്നതിലെ  അമ്പരപ്പും വിവേകശാലികളിൽ ചിലരെയെങ്കിലും ഈ വേളകളിൽ ചിന്താമഗ്‌നരാക്കാതിരിക്കില്ല. കൂടുതൽ ഉത്തരവാദിത്തബോധത്തോടെ ദിനരാത്രങ്ങൾ ചെലവഴിക്കാൻ ഇത്തരം ചിന്തകൾ പ്രേരിപ്പിച്ചേക്കാം. പല കൊണ്ടാടലുകളുടെയും  ആഘോഷങ്ങളുടെയും  അർത്ഥവും നിരർത്ഥകതയും ആ രീതിയിൽ കൂടി ഓരോരുത്തരെയും  ചിന്തിപ്പിക്കേണ്ടതുണ്ട്.

Latest News