പെലെ യുദ്ധം നിർത്തിച്ച കഥ

1960-കളുടെ മധ്യം. നൈജീരിയയിൽ ഫെഡറൽ ഗവൺമെന്റും രാജ്യത്തിന്റെ തെക്ക് കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന റിപ്പബ്ലിക് ഓഫ് ബിയാഫ്ര സംസ്ഥാനവും തമ്മിൽ രൂക്ഷമായ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. വടക്കൻ ആധിപത്യമുള്ള ഫെഡറൽ ഗവൺമെന്റ് തങ്ങളുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന് ബിയാഫ്രയിലെ ജനങ്ങൾക്ക് തോന്നി. മറ്റൊരു രാജ്യം വേണമെന്ന് അവർക്ക് വാശിയായി. 

നൈജീരിയ അക്കാലം വരെ കാണാത്തെ വംശീയ ആക്രമണങ്ങൾ അരങ്ങേറി. പട്ടിണിയും മരണവുമായിരുന്നു ഫലം. 300-ലധികം വ്യത്യസ്ത വംശീയ സാംസ്‌കാരിക ഗ്രൂപ്പുകൾ അടങ്ങുന്ന 60 ദശലക്ഷത്തിലധികം ജനങ്ങളുള്ള ഒരു രാജ്യമാണ് നൈജീരിയ. 

ഫുട്‌ബോളിന്റെ വിശ്വകിരീടം രണ്ടു തവണ ചൂടി നിൽക്കുകയാണ് പെലെ. ബ്രസീലിന്റെ ദേശീയ സ്വത്തായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പെലെ സാന്റോസിന് വേണ്ടി കളിക്കുകയാണ്. പെലെയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് സാന്റോസിലൂടെ ബ്രസീൽ. പെലെ കളിക്കുന്നത് കാണാത്ത ലോകമുണ്ടാകരുത്. ഫുട്‌ബോൾ പര്യടനം കോംഗോ, മൊസാംബിക്, ഘാന, അൾജീരിയ എന്നീ രാജ്യങ്ങൾക്ക് ശേഷം  1967 ജനുവരിയിൽ നൈജീരിയയിൽ എത്തി.

1967 ജനുവരി 26-ന്, ഗ്രീൻ ഈഗിൾസ് എന്നറിയപ്പെടുന്ന നൈജീരിയൻ ദേശീയ ടീമിനെതിരായ മത്സരത്തിനായി സാന്റോസ് നൈജീരിയയിൽ ഇറങ്ങി. തലേന്നുവരെ യുദ്ധം ചെയ്യുകയായിരുന്ന നൈജീരിയയിലെ രണ്ട് വിഭാഗവും 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. യുദ്ധത്തിന് അവധി നൽകി. കളിക്കാരുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഇരുവിഭാഗത്തിലെയും സൈനികരായിരുന്നു. 

ലാഗോസ് സിറ്റി സ്റ്റേഡിയത്തിലായിരുന്നു മത്സരം. പരസ്പരം പോരടിച്ചിരുന്നവർ ഫുട്‌ബോൾ ആസ്വദിക്കാനായി മാത്രം ഒത്തുകൂടുന്നു. സ്റ്റേഡിയത്തിൽ അക്രമമുണ്ടായില്ല, അറസ്റ്റുകളില്ല. ഫുട്‌ബോൾ ആവേശം പങ്കിടാൻ ഒത്തുകൂടിയ ആരാധകർ മാത്രം. 

രണ്ടു ഗോളാണ് പെലെ നേടിയത്. രണ്ടിനെയും സ്റ്റേഡിയം കരഘോഷത്തോടെ സ്വീകരിച്ചു. മത്സരം തീർന്നു. സാന്റോസ് സ്‌റ്റേഡിയം വിട്ടു. കാണികൾക്കറിയാമായിരുന്നു അടുത്ത ദിവസം യുദ്ധം പുനരാരംഭിക്കുമെന്ന്. അതു സംഭവിച്ചു. സാന്റോസ് അടുത്ത കളിയിൽ ഏർപ്പെടുന്നതിന് മുമ്പേ നൈജീരിയയിൽ വെടിപ്പൊട്ടി. എങ്കിലും വ്യത്യസ്തമായ പശ്ചാത്തലത്തിലും മാനസികാവസ്ഥയിലുമുള്ള ആളുകളെ താൽക്കാലികമായെങ്കിലും ഒരുമിപ്പിക്കാൻ പെലെയുടെ മനോഹരമായ ഫുട്‌ബോളിന് സാധിച്ചു. ചരിത്രത്തിന്റെ ഇരുണ്ടതും മങ്ങിയതുമായ കാലഘട്ടത്തിൽ അവർക്ക് സമാധാനത്തിന്റെയും സഹവാസത്തിന്റെയും രുചി സമ്മാനിച്ചുവെന്നാണ് അതിനെ പറ്റി എഴുതപ്പെട്ടത്. 

അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.  'ഞാൻ റൊണാൾഡ് റീഗൻ, അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ്. എന്നാൽ നിങ്ങൾ സ്വയം പരിചയപ്പെടുത്തേണ്ടതില്ല, കാരണം പെലെ ആരാണെന്ന് എല്ലാവർക്കും അറിയാം. 

 

Latest News