പെണ്‍കുട്ടിയെ ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ച മഠാധിപതി റിമാന്‍ഡില്‍

ജയ്പുര്‍-പതിനേഴ് വയസ്സുകാരിയെ ഒന്നരവര്‍ഷത്തോളം നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ മഠാധിപതി അറസ്റ്റില്‍. നാലുസംസ്ഥാനങ്ങളിലായി അഞ്ച് ആശ്രമങ്ങളുടെ മേധാവിയായ സര്‍ജുദാസിനെയാണ് രാജസ്ഥാനിലെ ഭില്‍വാരയിലെ ആശ്രമത്തില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ കഴിഞ്ഞ ഒന്നരവര്‍ഷമായി സര്‍ജുദാസ് പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

പെണ്‍കുട്ടിയുടെ അമ്മയ്ക്ക് നേരെ മുന്‍പ് ആസിഡ് ആക്രമണം നടന്നിരുന്നു. ഇതിന് ശേഷം ആശ്രമത്തിലെത്തിയിരുന്ന പെണ്‍കുട്ടിയെ ആണ് സര്‍ജുദാസ് പീഡനത്തിനിരയാക്കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സുഹൃത്തിനോടാണ് പെണ്‍കുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ അമ്മയോടും വിവരം പറഞ്ഞു. തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു.  പോക്‌സോ കേസ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 ആത്മീയ നേതാവായ സര്‍ജുദാസിന് ഉത്തര്‍പ്രദേശിലെ അയോദ്ധ്യ, ഉത്തരാഖണ്ഡിലെ ബദ്രിനാഥ്, മഹാരാഷ്ട്ര, രാജസ്ഥാനിലെ ഭില്‍വാര എന്നിവിടങ്ങളിലാണ് ആശ്രമങ്ങളുള്ളത്. അറസ്റ്റിന് പിന്നാലെ സര്‍ജുദാസ് വിഷവസ്തു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

 

Latest News