Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരള ടൂറിസത്തെ നയിക്കുക ബീച്ച് ടൂറിസമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോവളത്തിന്റെ പേര് മാത്രം കേട്ട കാലം മാറുന്നു

കാസർകോട്- കേരള ടൂറിസത്തെ ഭാവിയിൽ നയിക്കുന്നത് ബീച്ച് ടൂറിസം ആയിരിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മുമ്പെല്ലാം ഒരുകോവളത്തിന്റെ പേര് മാത്രമാണ് നമ്മൾ കേട്ടിരുന്നത്. എന്നാലിന്ന് തീരദേശ ടൂറിസത്തിന്റെ പട്ടികയിലേക്ക് കോവളത്തോടൊപ്പം തന്നെ ബേക്കലും ബേപ്പൂരും പൊന്നാനിയും കൊല്ലവും എറണാകുളവും ആലപ്പുഴയുമെല്ലാം കടന്നുവരികയാണെന്നും ബീച്ച് ടൂറിസത്തെ പരമാവധി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്നും അടുത്ത വർഷംമുതൽ ബീച്ച് ഫെസ്റ്റുകൾ വ്യാപകമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ നഗരിയിലെ കൈറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബീച്ച് ടൂറിസം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ പ്രധാനമാണ്. അതിനുദാഹരണമാണ് ബേക്കലിൽ കാണുന്ന വലിയ ജനപങ്കാളിത്തം. ബീച്ച് ടൂറിസത്തിന്റെ വളർച്ചക്കായി ആവുന്നതെല്ലാം സർക്കാരും ടൂറിസം വകുപ്പും ചെയ്യും. ടൂറിസം രംഗത്തെ മികച്ച സമയമാണ് ഇത്. സംസ്ഥാനത്തെ പ്രധാന തീരദേശ മേഖലകളിലിലെല്ലാം ഇതു പോലുള്ള  ആഘോഷങ്ങൾ സംഘടിപ്പിക്കും. കോവിഡാനന്തരം വിദേശ സഞ്ചാരികൾ കേരളത്തിലേക്ക് എത്തുന്നതിന് ഇനിയും സമയമെടുക്കും എന്നത് മനസ്സിലാക്കി ആഭ്യന്തര ടൂറിസ്റ്റുകളുടെ ഒഴുക്ക് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കേരളത്തിലെ ജില്ലകൾ തമ്മിലുള്ള ടൂറിസവും അയൽ സംസ്ഥാനങ്ങൾ തമ്മിലുള്ള ടൂറിസവും വളർത്തികൊണ്ടുവരും. ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ഹൃദയോത്സവമായി മാറിയെന്നതിന് തെളിവാണ് ഓരോ ദിവസവും എത്തുന്ന ജനസഞ്ചയമെന്നും ഈ ആഘോഷം എല്ലാ വർഷവും തുടരും. ജനങ്ങൾ ഏറ്റെടുത്ത ബേക്കൽ, ബേപ്പൂർ ഫെസ്റ്റിവലുകൾ ടൂറിസം വകുപ്പ് തുടരും.  2022ൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ മികച്ച വർധനവാണ് ഉണ്ടായത്. ആഭ്യന്തര സഞ്ചാരികളുടെ കടന്നു വരവിന് ആവിഷ്‌കരിച്ച പദ്ധതികൾക്ക് റോക്കറ്റ് വേഗത്തിൽ ഫലമുണ്ടായതിന് തെളിവാണ് ടൂറിസം രംഗത്തെ ജി.ഡി.പിയുടെ വർദ്ധനവെന്നും അന്താരാഷ്ട്ര തലത്തിൽ കേരളം മുന്നിലാണെന്നും ദൂരെ പോയി വിവാഹം കഴിക്കുന്നവർ കൂടുതൽ ഇഷ്ടപ്പെടുന്നത് കേരളത്തെയാണെന്നും മന്ത്രി പറഞ്ഞു. മികച്ച കുടുംബശ്രീ സി.ഡി.എസിനുള്ള ദേശിയ പുരസ്‌കാരം നേടിയ പനത്തടി കുടുംബശ്രീ സി.ഡി.എസിന് മന്ത്രി ഉപഹാരം സമ്മാനിച്ചു. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഹുസ്സൈൻ. കുഞ്ഞി, മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ, മധു മുദിയക്കാൽ, ഹക്കീം കുന്നിൽ, കെ.ഇ.എ. ബക്കർ, തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

Latest News