റിസോർട്ടും നിസ്സഹായതയും ബ്രഹ്മിയും

മൊറാഴ എന്നു കേട്ടാൽ തിളയ്ക്കണം, ചോര നമുക്കു ഞരമ്പുകളിൽ. ഇല്ലെങ്കിൽ നമുക്കു ലവലേശം ചോരയില്ല എന്നർഥം. 'കണ്ണിൽ ചോരയില്ലാത്ത വർഗം' എന്ന ചീത്തപ്പേര് കിട്ടുകയും ചെയ്യും. സ്ഥലത്ത് 1940 സെപ്റ്റംബർ 15 നു നടന്ന സാമ്രാജ്യത്വ വിരുദ്ധ ദിനം 5 പേരെയാണ് രക്തസാക്ഷികളാക്കിയത്. അതിൽ രണ്ടുപേർ പോലീസ് രക്തസാക്ഷികൾ. കാലം മാറി. കെ.പി.ആർ. ഗോപാലൻ 'തൂക്കുമരത്തിൽ നിന്നിറങ്ങിപ്പോന്ന മനുഷ്യൻ' എന്നറിയപ്പെട്ടു.
അടുത്ത തലമുറ ആയുർവേദ കമ്പനി മുതലാളിമാരായി ഇന്ന് അറിയപ്പെടുന്നു. പണ്ടു തല്ലുകൊണ്ടുവരെയും എല്ലൊടിഞ്ഞവരെയും ലാക്കാക്കി ഒരു മർമചികിത്സ കേന്ദ്രം വളരെ മുമ്പേ വേണ്ടതായിരുന്നു. എന്തു ചെയ്യാം, യഥാർഥ ബുദ്ധിജീവികൾ ജനിക്കാൻ കുറച്ചു വൈകിപ്പോയി. ഇപ്പോഴിതാ കുന്ന് ഇടിച്ചു നിരത്തി വന്നെത്തിയ റിസോർട്ട് ചർച്ചാവിഷയം! ബൗദ്ധികതയുടെ കുത്തകപ്പാട്ടക്കാർ ആയ ശാസ്ത്രസാഹിത്യ പരിഷകൾ പോലും എതിർത്തുവത്രേ! അത്തരം ആചാരങ്ങൾ നമുക്കു പതിവാണ്. റിസോർട്ട് വന്നെത്തുക തന്നെ ചെയ്തു. ജയരാജൻ സഖാവാണ് കക്ഷി. ഒന്നാം പിണറായി സഭയിൽ മന്ത്രിയായ ദേഹം. ഭാര്യാസഹോദരിയുടെ മകനെ സർക്കാരിൽ നിയമിച്ചു; മന്ത്രിസ്ഥാനം പോയി. പൊയ്‌ക്കൊള്ളട്ടെ; ആയുർവേദ റിസോർട്ടാണ് മുഖ്യം. സുഖ ചികിത്സ നടത്തി പരമസുഖം നേടി. വാട്ടർതീം പാർക്കും കണ്ടൽ പാർക്കും ഒരുക്കാൻ 'നിലയില്ലാക്കയ'ത്തിലേക്കു ചാടി. ഒരു യഥാർഥ സഖാവ് ഭീരുവാകാൻ പാടില്ല; നിവൃത്തിയില്ലെങ്കിൽ നനഞ്ഞു കുളിച്ചുകയറാം. പാർട്ടിക്കു ഇടക്കിടെ 'തെറ്റുതിരുത്തൽ പ്ലീന' മഹോത്സവമുണ്ട്. സംഗതി പാലക്കാട്ട് നടക്കുമ്പോൾ പാർട്ടി വി.എം. രാധാകൃഷ്ണന്റെ 'ചാക്കിൽ' കയറി.

ഒരു വിപ്ലവ (കാരിയായ) വ്യവസായിയുടെ ആശംസ പരസ്യം പാർട്ടി വക മുഖപത്രത്തിൽ വരിക; രണ്ടു കോടി അതിന്റെ ചെലവിനു വാങ്ങുക- അതൊക്കെ ദീർഘ ദൃഷ്ടിയും ജ്ഞാന ദൃഷ്ടിയും ഒന്നാണല്ലോ, പ്രത്യേകമായോ കാണപ്പെടുന്ന ജനറൽ മാനേജർ ജയരാജനു മാത്രം കഴിയുന്ന കാര്യം. കഥാന്ത്യത്തിൽ പത്രമാപ്പീസിന്റെ പഴയ കെട്ടിടവും 'ചാക്കി'ന്റെ ബിനാമി വാങ്ങി. ഇന്ത്യയിലെ ഏറ്റവും കെട്ടുറപ്പുള്ള 'സ്ഥാപന'മായി പാർട്ടിയെ മാറ്റിയതിൽ സഖാവിന്റെ പങ്ക് ഇനി ഒരു ഏജൻസിയും അന്വേഷിക്കേണ്ടതില്ല. സ്ഥാപക നേതാക്കൾ പണ്ടു കൈലി മുറുക്കിയുടുത്ത് കട്ടൻ ചായയും പരിപ്പുവടയുമായി കഴിഞ്ഞ കാര്യം പാണന്മാർ പാടി നടന്നോളും. അവർക്ക് പാർട്ടി പ്രത്യേകം ശമ്പളവും കൊടുത്തോളും; എന്നു കരുതി ജയരാജൻ സഖാവിനെ ഇങ്ങനെ അലട്ടാമോ? വെള്ളിയാഴ്ച നടക്കുന്ന കമ്മിറ്റി യോഗത്തിൽനിന്നും മാറ്റിനിർത്താമോ? ഇടതുമുന്നണി കൺവീനർ സ്ഥാനത്തെ 'ഡെമോക്ലിസിന്റെ വാൾ' പോലെ ഇങ്ങനെ മാറ്റി തൂക്കിയിടാമോ? കണ്ണൂരിലെ മുൻ 'ചോരച്ചെങ്കതി'രോനാണ് ഈ ചതി ചെയ്തത്. സി.സി. അഥവാ സെൻട്രൽ കമ്മിറ്റിയിൽ ചെന്നേ ഇതവസാനിക്കൂ, അവിടെ ആരെങ്കിലുമുണ്ടെങ്കിൽ!
'വ്യത്യസ്തനാമൊരു ബാർബറാം ബാലനെ/ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല' എന്ന് നമ്മുടെ കട്ടൻ ചായ-പരിപ്പുവട വിരുദ്ധനെക്കുറിച്ചു പാടാതിരിക്കാൻ കഴിയില്ല.


****                           ****                           ****


പണ്ട്, ലൈഫ് ബോയ് എവിടെയുണ്ടോ അവിടെ ആരോഗ്യമുണ്ട് എന്നു പറഞ്ഞിരുന്നതു പോലെ ഇടതു മന്ത്രിസഭയുണ്ടെങ്കിൽ അവിടെ എ.കെ. ശശീന്ദ്രനമുണ്ട്. ഒന്നാം പിണറായി സഭയിൽ അദ്ദേഹം ഗതാഗത വകുപ്പിലായിരുന്നു. മിതഭാഷി. ആനവണ്ടി കോർപറേഷൻ നിമിത്തമാണോ, അതോ, അക്കാലത്തു വീണുപോയ 'ഹണിട്രാപ്' കാരണമാണോ എന്നറിയില്ല; ആ മുഖത്ത് സ്ഥായിയായ ശോകഭാവമാണ് എപ്പോഴും. ട്രാപ്പിൽ നിന്നും അദ്ദേഹം പുഷ്പം പോലെ കരകയറി. ആനവണ്ടി കടത്തിന്റെ ചെളിക്കുണ്ടിൽ തന്നെ ഇപ്പോഴും. അക്കാര്യം ചോദിച്ചാൽ അദ്ദേഹം ആംഗ്യഭാഷയിൽ കൈമലർത്തുകയും കണ്ണുതുടയ്ക്കുകയും ചെയ്യും. 
രണ്ടാം പിണറായി സഭയിൽ മറ്റാരെങ്കിലും വന്നെത്തുമെന്നു കരുതി. നോക്കെത്താ ദൂരത്തു കണ്ണുംനട്ട് ഇരുന്നവർക്കു തെറ്റി. ശശീന്ദ്രനു പകരം വെയ്ക്കാൻ തക്കവണ്ണം നിസ്സഹായതയുള്ള ആളില്ല. പക്ഷേ ഒരു കാര്യം. അദ്ദേഹം അകത്തു വരണമെങ്കിൽ വകുപ്പു വേറെ വേണം. അങ്ങനെ 'വനപ്രവേശനം തുടർന്ന്' ബഫർ സോൺ വന്നപ്പോഴും നിസ്സഹായത തന്നെ. ഇന്നിപ്പോൾ, പരീക്ഷ ജയിച്ച ആദിവാസി യുവാവിനു വനംവകുപ്പിൽ ജോലിയുടെ പ്രശ്‌നം വന്നപ്പോൾ വകുപ്പിന്റെ നിസ്സഹായത മന്ത്രി തന്നെ വെളിവാക്കി. മുത്തുവിന്റെ പല്ലുകൾ മേലോട്ടു ലേശം ഉന്തിയതാണത്രേ! പി.എസ്.സിയുടെ തെരഞ്ഞെടുപ്പു പത്രികയിൽ പല്ലുകൾ ഉന്താൻ പാടില്ലെന്നു വെണ്ടക്ക വലിപ്പത്തിലുണ്ടത്രേ! പേരിൽ 'മുത്തു'ണ്ടായാൽ പോരാ, പല്ലുകൾ മുത്തുകൾ പോലെ തിളങ്ങണം! ശശീന്ദ്രൻ മന്ത്രി കൈമലർത്തി നിസ്സഹായനായതിൽ അദ്ഭുതമില്ല. ഇനി അവശേഷിക്കുന്ന ഒരു അടിയന്തര പരിഹാരമുണ്ട്- നിസ്സഹായത ഒരു പ്രത്യേക വകുപ്പായി പ്രഖ്യാപിക്കുക. അതിന് ഒരു മന്ത്രിയുമാകാം. ഏതു കീറാമുട്ടിയും ആ വകുപ്പിലേക്കു മാറ്റാം.  വകുപ്പു മന്ത്രിക്കു കൈമലർത്തിക്കാട്ടിയിട്ട് വൈകിട്ടു മടങ്ങുകയും ചെയ്യാം. ഗവർണർ സാഹിബ് ഇതിൽ ഇടങ്കോലിടാൻ സാധ്യതയില്ല. രാജ്ഭവന് ആവശ്യമായ എല്ലാ വിഭാഗങ്ങളും രണ്ടാം പിണറായി സഭ ഒരുക്കിപ്പോരുന്നുണ്ട്. ഒരു നിസ്സഹായത മന്ത്രി കൂടി പോന്നോട്ടെ, ആർക്കു ചേതം!


****                                   ****                       ****


തലസ്ഥാന കോർപറേഷനിലെ 'കത്തു വിവാദം' അന്വേഷിക്കാൻ കമ്മീഷൻ ഉറപ്പായി. അവർക്കുള്ള കമ്മീഷൻ എന്ന ദുർവ്യാഖ്യാനത്തിനു പ്രതിപക്ഷം തയറാകുമോ എന്നേ ഇനി അറിയാനുള്ളൂ. കത്തു വിവാദത്തിനു ശേഷം 'പ്രായവിവാദ'വും അന്വേഷണം ഉണ്ടാകും. എസ്.എഫ്.ഐയുടെ മുൻ ജില്ല സെക്രട്ടറി വയസ്സ് ഒളപ്പിച്ചുവെച്ചു. പാർട്ടി ജില്ല സെക്രട്ടറി ആനാവൂർ സഖാവ് ഉപദേശിച്ചിട്ടാണെന്ന് കൊച്ചു സഖാവ്. കൊച്ചന് കൊളളാവുന്ന സംബന്ധം വല്ലതു കിട്ടുന്നെങ്കിൽ ആയിക്കോട്ടെ എന്ന നല്ല ലാക്കോടെയാണ് ആനാവൂർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുക. 


****                         ****                             ****


ഉലകനായകൻ ജോഡോ യാത്രയിൽ പങ്കെടുത്തതോടെ രാഹുലിന് 'ആയുർവേദ ബ്രഹ്മി' കഴിച്ചതിന്റെ ഉന്മേഷം കാണുന്നുണ്ടത്രേ! തമിഴ്‌നാട്ടിലെ 'മക്കൾ മെയ്യം' പാർട്ടിയുടെ ജനപിന്തുണ സഹിക്കാതെയാണ് നായകൻ ദില്ലിക്കു കടന്നത്. ചെന്നൈയിൽ നേരമ്പോക്കിനുള്ള മറ്റു മാർഗങ്ങളെല്ലാം അടഞ്ഞിരിക്കണം. ഷൂട്ടിംഗിനാണെങ്കിൽ പടവുമില്ല, ഹീറോയിനുമില്ല. തന്റെ അച്ഛൻ കോൺഗ്രസുകാരനായിരുന്നുവെന്ന് വെളിപ്പെടുത്താനും ഹീറോ മടിച്ചില്ല. അതുകൊണ്ടാണ് താൻ കമ്യൂണിസ്റ്റാണെന്നു കണ്ണൂരിൽ ചെന്നു പ്രഖ്യാപിച്ചതെന്നു പറയാഞ്ഞത് ഉചിതമായി. 

Latest News