യു.എസ്.ബി-സി ചാർജിംഗ് പോർട്ട് 2025 മുതൽ ഇന്ത്യയിലും നിർബന്ധം

ഇന്ത്യയിൽ ഫോണുകൾ അടക്കമുള്ള ഉപകരണങ്ങളിൽ ടെപ്പ് സി പോർട്ട് ഉറപ്പാക്കാൻ നിർമാതാക്കൾക്ക് നിർദേശം. കോമൺ ചാർജർ യൂറോപ്യൻ രാഷ്ട്രങ്ങളിൽ പ്രാബല്യത്തിൽവരുന്നതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യയിലും നടപ്പിലാക്കുന്നത്.
ഇന്ത്യയിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾ ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്‌സി പോർട്ട് ഉണ്ടെന്ന് ഉറപ്പാക്കാൻ ഉപകരണ നിർമ്മാതാക്കൾക്ക് 2025 മാർച്ച് വരെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. 
യുഎസ്ബി ടൈപ്പ്‌സി ചാർജർ മാനദണ്ഡം പിന്തുടരുമെന്ന് ഉപകരണ നിർമ്മാതാക്കൾ ഉറപ്പാക്കണമെന്നതാണ് കോമൺ ചാർജർ നിർദേശം. 
ഇതിനായി യൂറോപ്യൻ യൂണിയൻ ഉപകരണ നിർമ്മാതാക്കൾക്ക് 2024 ഡിസംബർ 28 വരെയാണ് സമയപരിധി നൽകിയത്. അതിന് ശേഷം ഏതാനും മാസങ്ങൾക്ക് ശേഷം ഇന്ത്യയിൽ 2025 മാർച്ച് മുതൽ ഉത്തരവ് നടപ്പിലാക്കും.
ചാർജറുകളുടെ കാര്യത്തിൽ ആഗോള വിതരണ ശൃംഖലയുണ്ടെന്നും അതുകൊണ്ടു തന്നെ ആ സമയപരിധി കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും ഉപഭോക്തൃകാര്യ മന്ത്രാലയം സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു.
യൂറോപ്യൻ യൂണിയൻ നടപ്പലാക്കിയതിനുശേഷം മൂന്ന് മാസത്തിനുള്ളിൽ തന്നെ  ഇന്ത്യയിൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ വിൽക്കുന്ന വെയറബിളുകൾക്ക് പൊതു ചാർജർ സ്റ്റാൻഡേർഡ് നടപ്പിലാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ കേന്ദ്ര സർക്കാർ മറ്റൊരു ഉപഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.

Latest News