വഴിയില്‍ കൊള്ളക്കാരും വന്യമൃഗങ്ങളും; മക്കയിലെത്തിയത് രണ്ടുവര്‍ഷം സൈക്കിള്‍ ചവിട്ടി

ജിദ്ദ- രണ്ട് വര്‍ഷം മുമ്പ് സൈക്കിളില്‍ പുറപ്പെട്ട നൈജീരിയിയക്കാരന്‍ വിശുദ്ധ ഭൂമിയിലെത്തി ഉംറ നിര്‍വഹിച്ചു. ജിദ്ദയിലെത്തിയ അലിയു അബ്ദുല്ലാഹി ബാലയെ നൈജീരിയന്‍ അംബാസഡര്‍ യഹയ ലാവലിന് വേണ്ടി ജിദ്ദ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ ഊഷ്മളമായി സ്വീകരിച്ചു.
സാധ്യമായ എല്ലാ കോണ്‍സുലര്‍ സഹായവും മാര്‍ഗനിര്‍ദേശവും പ്രോത്സാഹനവും നല്‍കിയതായി കോണ്‍സുലേറ്റ് അറിയിച്ചു. മക്കയിലേക്കും മദീനയിലേക്കും സൈക്കിളിലുള്ള യാത്ര സുഗമമാക്കി.
2021 ഫെബ്രുവരിയിലാണ് നൈജീരിയയിലെ ജോസില്‍നിന്ന് അലിയു സൈക്കിള്‍ കയറിയത്.   
ആധുനിക കാലത്ത് നൈജീരിയയില്‍ നിന്ന് ഇത്തരമൊരു യാത്ര നടത്തുന്ന ആദ്യ വ്യക്തിയാണ് അലിയു ബാല. സൗദിയിലെത്തിയതുമുതല്‍ വര്‍ധിച്ച ആവേശത്തിലായിരുന്നു.
ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്തുള്ള നൈജീരിയയില്‍ നിന്ന് ആരംഭിച്ച് നൈജര്‍, ചാഡ്, സുഡാന്‍ എന്നിവിടങ്ങളിലൂടെ കടന്ന് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്റെ കഠിനമായ യാത്രയില്‍ നിരവധി തടസ്സങ്ങളെയും അപകടങ്ങളെയും അതിജീവിച്ചു. കലാപകാരികളില്‍നിന്നും കൊള്ളക്കാരില്‍നിന്നും വന്യമൃഗങ്ങളില്‍നിന്നും  ഭീഷണി നേരിട്ടിരുന്നു.
മൊബൈല്‍ ഫോണ്‍ കവര്‍ന്ന  കൊള്ളക്കാരെക്കുറിച്ചുള്ള ഭയാനകമായ അനുഭവം പങ്കിട്ടതിന് ശേഷം സുഡാനിലെ ഒരു ചെറിയ പട്ടണത്തില്‍ നിന്നുള്ള ഉദാരമതികളാണ്  പുതിയ മൊബൈല്‍ ഫോണ്‍ സമ്മാനിച്ചത്.
പലപ്പോഴും കുറ്റിക്കാട്ടില്‍ കിടന്നുറങ്ങിയ അലിയു  ബാല ടയര്‍ പൊട്ടിയപ്പോള്‍ കിലോമീറ്ററുകളോളം സൈക്കിള്‍ തള്ളിയിട്ടുമുണ്ട്.
കടന്നുപോയ നഗരങ്ങളിലും പട്ടണങ്ങളിലുമെല്ലാം വലിയ സ്വീകരണമാണ് ലഭിച്ചത്. ആളുകള്‍ സംഭാവനകളും പിന്തുണയും നല്‍കി. മക്ക, മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി അലിയു ബാല വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങി.

 

Latest News