VIDEO തബൂക്ക് മലനിരയില്‍ മഞ്ഞുവീഴ്ച; വെള്ള പുതച്ച മനോഹരദൃശ്യങ്ങള്‍

ഉത്തര സൗദിയിലെ തബൂക്ക് പ്രവിശ്യയില്‍ പെട്ട അല്ലോസ് മലനിരയിലുണ്ടായ മഞ്ഞുവീഴ്ച.

തബൂക്ക് - ഉത്തര സൗദിയിലെ തബൂക്ക് പ്രവിശ്യയില്‍ പെട്ട അല്ലോസ് മലനിരയില്‍ കനത്ത മഞ്ഞുവീഴ്ച. അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന തബൂക്കിലെ അല്ലോസ് മലനിരകള്‍ കഴിഞ്ഞ ദിവസമുണ്ടായ മഞ്ഞുവീഴ്ചയില്‍ വെള്ളപുതച്ചു. ഈ മനോഹര ദൃശ്യങ്ങള്‍ സൗദി ഫോട്ടോഗ്രാഫര്‍ ഫവാസ് അല്‍ഹര്‍ബി തന്റെ ക്യാമറ കണ്ണുകളില്‍ പകര്‍ത്തി. തബൂക്ക് നഗരത്തിന് വടക്കുപടിഞ്ഞാറ് 200 കിലോമീറ്റര്‍ ദൂരെ സൗദി, ജോര്‍ദാന്‍ അതിര്‍ത്തിക്കു സമീപമാണ് അല്ലോസ് പര്‍വതം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2,549 മീറ്ററാണ് ഇതിന്റെ കൂടിയ ഉയരം.
ബി.സി പതിനായിരാമാണ്ടോളം പഴക്കമുള്ള ശിലാചിത്രങ്ങളും ലിഖിതങ്ങളും ഇവിടെയുണ്ട്.
സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോമിന്റെ ഭാഗമായ ജബലുല്ലോസിലാണ് ട്രോജിന സ്‌കീ റിസോര്‍ട്ട് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്‌കീ സ്‌പോര്‍ട്‌സും മറ്റു സാഹസിക കായിക വിനോദങ്ങളും നല്‍കുന്ന ട്രോജിനയുടെ നിര്‍മാണം 2026 ല്‍ പൂര്‍ത്തിയാകും. 2029 ലെ ഏഷ്യന്‍ വിന്റര്‍ ഗെയിംസിന് ട്രോജിന ആതിഥ്യമരുളുമെന്നാണ് കരുതുന്നത്.
പശ്ചിമേഷ്യയില്‍ ഏഷ്യന്‍ വിന്റര്‍ ഗെയിംസിന് ആതിഥ്യമരുളുന്ന ആദ്യ നഗരമായി ട്രോജിന മാറും. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെ ഏഷ്യന്‍ വിന്റര്‍ ഗെയിംസിന് ആതിഥ്യമരുളിയിരിക്കുന്നത്. മഞ്ഞുവീഴ്ചയില്‍ ശുഭ്രവസ്ത്രം അണിഞ്ഞ അല്ലോസ് മലയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ നിയോമും പുറത്തുവിട്ടു.

 

 

Latest News