സമീറക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ സന്നിധാനത്തേക്ക് പുറപ്പെട്ട കണ്ണന്‍ ദേശീയ മാധ്യമങ്ങളില്‍

മലപ്പുറം-സമീറ ടീച്ചര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ വീല്‍ചെയറില്‍ ശബരിമലയിലക്കു പുറപ്പെട്ട കണ്ണന്റെ കഥ വാര്‍ത്തയാക്കി ദേശീയ മാധ്യമങ്ങള്‍. അപകടത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട കണ്ണന്‍ ചക്രക്കസേരയില്‍ ശബരിമലയിലേക്കു പുറപ്പെട്ട് 12 ദിവസമായി.
ശബരിമലയിലേക്കുള്ള യാത്രയില്‍ കണ്ണന് ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. സ്വപ്‌നം കാണാന്‍ പോലും സാധ്യമല്ലാതിരുന്ന വീട് നിര്‍മിച്ചു നല്‍കിയ സമീറ ടീച്ചര്‍ക്കു വേണ്ടി മനസ്സുരുകി പ്രാര്‍ഥിക്കണം.
തമിഴ്‌നാട് മുത്തുപേട്ട സ്വദേശിയായ കണ്ണന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മലപ്പുറത്തെത്തിയത്. വിവിധയിടങ്ങളില്‍ കെട്ടിട നിര്‍മാണ ജോലി ചെയ്ത് വരികയായിരുന്നു. ആയിടെയാണ് ലോറിയില്‍ നിന്നു ലോഡ് ഇറക്കുന്നതിനിടെ അപകടം പറ്റി ഇടതുകാല്‍ നഷ്ടമായത്. ഇതോടെ കണ്ണന്റെ വലതു കാലിന്റെ സ്വാധീനവും കുറഞ്ഞു. തുടര്‍ന്ന് എടവണ്ണപ്പാറയില്‍ ലോട്ടറി ടിക്കറ്റ് വില്‍പന നടത്തി ഭാര്യയ്ക്കും നാല് മക്കള്‍ക്കുമൊപ്പം ഓമാനൂര്‍ തടപ്പറമ്പിലെ ഷെഡില്‍ കഴിയുന്നതിനിടെയാണ് കൊണ്ടോട്ടി ഗവ.കോളജ് അധ്യാപിക എം.പി സമീറ  ഇവര്‍ക്ക് മുന്നില്‍ അവതരിക്കുന്നത്.
തടപ്പറമ്പില്‍ എട്ട് ലക്ഷം രൂപ ചെലവഴിച്ച് സമീറ ടീച്ചറും കോളജിലെ എന്‍എസ്എസ് വിദ്യാര്‍ഥികളും ചേര്‍ന്ന് സൗകര്യങ്ങള്‍ ഏറെയുള്ള വീട് കണ്ണന് നിര്‍മിച്ചുനല്‍കി. എന്‍.എസ്.എസിന്റെ ചുമതല ടീച്ചര്‍ക്കായിരുന്നു. കൂടാതെ സഞ്ചരിക്കാന്‍ ചക്രക്കസേരയും വാങ്ങി നല്‍കി. 2016ല്‍ വീട് നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ തന്നെ കണ്ണന്‍ കരുതിയതാണ് ദുരിത ജീവിതം മാറ്റിയെടുത്ത പ്രിയപ്പെട്ട അധ്യാപികയ്ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന്. എന്നാല്‍ ഓരോ കാരണങ്ങളാല്‍ യാത്ര നീണ്ടുപോവുകയായിരുന്നു.
സന്നിധാനത്ത് എത്തി മകര ജ്യോതി കാണാനും പദ്ധതിയുണ്ട്. അതേസമയം ട്രോളി ഉപയോഗിക്കാതെ പതിനെട്ടാംപടി നേരിട്ടു കയറണമെന്നാണ് കണ്ണന്റെ ആഗ്രഹം. തുടര്‍ന്ന് ബസില്‍ നാട്ടിലേക്കു മടങ്ങും. യാത്രയ്ക്കായി ചിലര്‍ പണം നല്‍കിയെന്നും യാത്രയ്ക്കിടെ പലരും പലവിധത്തില്‍ സഹായിക്കുന്നതായും കണ്ണന്‍ പറയുന്നു. യാത്രയിലുടനീളം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് കണ്ണന്റെ ഭക്ഷണവും താമസവും.
'സമീറ ടീച്ചര്‍ എനിക്കും എന്റെ കുടുംബത്തിനും ദൈവത്തെപ്പോലെയാണ്. ശബരിമല യാത്ര സമീറ ടീച്ചര്‍ക്ക് സമര്‍പ്പിക്കുന്നു. ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ പ്രാര്‍ത്ഥിച്ചാല്‍ അയ്യപ്പന്‍ അവരുടെ മേല്‍ അനുഗ്രഹം ചൊരിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,' കണ്ണന്‍ പറയുന്നു.
തടപ്പറമ്പ് ഗ്രാമത്തില്‍ നിന്നാണ് അദ്ദേഹം യാത്ര തുടങ്ങിയത്. ദിവസവും രാവിലെ ആറുമണിക്ക് വീല്‍ചെയറില്‍ യാത്ര തുടങ്ങുമെന്നും ഉച്ചവരെ തുടരുമെന്നും കണ്ണന്‍ പറഞ്ഞു.
ശബരിമല തീര്‍ഥാടകര്‍ക്കായി ക്ഷേത്രങ്ങളില്‍ നിന്നോ അന്നദാനം കൗണ്ടറുകളില്‍ നിന്നോ ഉച്ചഭക്ഷണം കഴിച്ച ശേഷം അല്‍പനേരം വിശ്രമിച്ച ശേഷം വൈകുന്നേരം ആറു മണി മുതല്‍ യാത്ര പുനരാരംഭിച്ച് രാത്രി 11 മണി വരെ തുടരും. പ്രാദേശിക ക്ഷേത്രങ്ങളിലാണ് അദ്ദേഹം രാത്രി ചെലവഴിക്കുന്നത്. ജനുവരി ആദ്യവാരത്തോടെ മലയുടെ അടിവാരത്തുള്ള പമ്പാനദിയില്‍ എത്തിയാല്‍ കാല്‍നടയായി അയ്യപ്പക്ഷേത്രത്തില്‍ കയറാനാണ് കണ്ണന്റെ പദ്ധതി.
അദ്ദേഹത്തിന് ഒരു വീട് പണിയാന്‍ സഹായിച്ച് നാല് വര്‍ഷത്തിന് ശേഷവും, കനത്ത മഴ പെയ്താല്‍ കണ്ണന്‍ എന്നെ വിളിക്കുകയും നന്ദി പറയുകയും ചെയ്യാറുണ്ടെന്ന് പ്രൊഫ സമീറ പറയുന്നു.

 

 

 

Latest News