Sorry, you need to enable JavaScript to visit this website.

'സ്വകാര്യതയെ മാനിക്കുന്നു, സമയമാകുമ്പോൾ എല്ലാം പറയാം'; തുനീഷയുടെ മരണത്തിൽ സഹനടന്റെ സഹോദരിമാർ

മുംബൈ - നടി തുനിഷ ശർമയുടെ മരണത്തിൽ സഹതാരം ഷീസാൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് ഷീസാന്റെ സഹോദരിമാരായ ഷഫാഖ് നാസും ഫലാഖ് നാസും. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സമയമാവുമ്പോൾ എല്ലാത്തിനോടും പ്രതികരിക്കുമെന്നും അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
'കഥയുടെ മറുവശം' അറിയാൻ എല്ലാവരേയുംപോലെ ഞങ്ങൾക്കും ആകാംക്ഷയുണ്ട്. എന്നാൽ ഈ സാഹചര്യത്തിൽ അല്പം സ്വകാര്യതയാണ് വേണ്ടത്. ഒരർത്ഥത്തിൽ രണ്ട് കുടുംബങ്ങളും ബാധിക്കപ്പെട്ടവരാണ്. ഉചിതമായ സമയം വരുമ്പോൾ ഈ വിഷയത്തേക്കുറിച്ച് സംസാരിക്കും. മരണമെന്നത് വളരെ വേദനാജനകമാണ്. രണ്ടുകുടുംബങ്ങളുടെയും സ്വകാര്യതയെ എല്ലാവരും മാനിക്കുകയും അവർക്ക് അനുശോചിക്കാനും മരണാനന്തരച്ചടങ്ങുകൾ നടത്താനും ഇടം നൽകേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
 ഒരാത്മാവിനെ നഷ്ടമാവുകയും മറ്റൊരാൾ അറസ്റ്റിലാവുകയും ചെയ്തത് വളരെ ദൗർഭാഗ്യകരമാണ്. ഷീസാനെതിരെ ആരോപണങ്ങൾ ഉയരുകയും പോലീസ് അതിൽ അന്വേഷണം നടത്തുകയുമാണ്. ഒരു നിരപരാധിക്കുമേലാണ് കുറ്റം ചാർത്തിയിരിക്കുന്നതെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. പോലീസുമായി സഹകരിക്കാനാണ് തീരുമാനം. സത്യം പുറത്തുവരട്ടെ. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പരിപൂർണ വിശ്വാസമുണ്ട്. സത്യം വിജയിക്കുമെന്ന് പ്രതീക്ഷയുണ്ട്. ഞങ്ങളുടെ മൗനം ബലഹീനതയായെടുക്കരുത്. സമയമാവുമ്പോൾ ഞങ്ങൾ സംസാരിക്കും. ഇപ്പോഴത്തേക്ക്, ഞങ്ങൾക്ക് സ്വകാര്യത അനുവദിക്കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
 ഷൂട്ടിംഗ് സൈറ്റിൽ മൂന്നുദിവസം മുമ്പാണ് തുനിഷ ശർമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നടിയുടെ അമ്മയുടെ പരാതിയിൽ സഹതാരവും മുൻ കാമുകനുമായ ഷീസാൻ ഖാനെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി വലിവ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാണിപ്പോൾ. ഷീസാന്റെ മേക്കപ്പ് റൂമിൽ കയറിയായിരുന്നു നടി വാതിലടച്ച് ജീവനൊടുക്കിയത്. മരണത്തിൽ ലൗ ജിഹാദ് ആരോപണവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. ആത്മഹത്യയല്ല, കൊലപാതകമാണെന്നും ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. കേസിന്റെ എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്നാണ് പോലീസ് പറഞ്ഞത്. അറസ്റ്റിലായ സഹനടന്റെ കുടുംബാംഗങ്ങളുടെ പ്രതികരണത്തിനായി മാധ്യമങ്ങൾ നിരന്തരം വിളിക്കുകയും അപ്പാർട്ടമെന്റിന് താഴെ ഒരുമിച്ച് കൂടുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് സംസ്‌കാര ചടങ്ങുകൾ കഴിയട്ടെയെന്നും ഇപ്പോൾ ഒരൽപ്പം സ്വകാര്യതയാണ് കുടുംബത്തിന് വേണ്ടതെന്നും അവശ്യമായ സമയത്ത് ഞങ്ങൾ പ്രതികരിക്കാമെന്നും മാധ്യമങ്ങളോടായി ഷീസാന്റെ സഹോദരിമാരായ ഷഫാഖ് നാസും ഫലാഖ് നാസും പ്രതികരിച്ചത്. പോസ്റ്റമോർട്ടത്തിനുശേഷം നടിയുടെ മൃതശരീരം രാത്രിയോടെ കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി. ഇന്ന് (ചൊവ്വ) വൈകുന്നേരം നാലിനാണ് സംസ്‌കാര ചടങ്ങ്.

Latest News