ദോഹ- പ്രാദേശിക നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ '1,000 അവസരങ്ങള്‍' പദ്ധതിക്ക് വമ്പിച്ച പ്രതികരണം . ഇതുവരെ 713 പേര്‍ സേവനത്തില്‍ നിന്ന് പ്രയോജനം നേടുന്നതിന് അപേക്ഷ സമര്‍പ്പിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
ഈ സേവനം പ്രാദേശിക നിക്ഷേപകര്‍ക്ക് ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന വിദേശ, പ്രാദേശിക കമ്പനികളില്‍ നിക്ഷേപം നടത്താന്‍ അവസരമൊരുക്കുന്നു. ഈ വര്‍ഷം ആദ്യം മന്ത്രാലയം ആരംഭിച്ച സംരംഭത്തിന് ആഗസ്റ്റില്‍ 346 അപേക്ഷകള്‍ ലഭിച്ചിരുന്നു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ഡാറ്റ പ്രകാരം കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ 367 അപേക്ഷകര്‍ കൂടി ഈ സേവനത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.
1,000 അവസരങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് പുതിയ ചക്രവാളങ്ങള്‍ തുറക്കുകയും ഖത്തറിലെ പൊതുസ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാച്ച് ഹോസ്പിടാലിറ്റി, മക്‌ഡൊണാള്‍ഡ്‌സ്, സിസിസി കോണ്‍ട്രാക്റ്റിംഗ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, അമേരിക്കാന, അല്‍ഷായ ഗ്രൂപ്പ്, പവര്‍ ഇന്റര്‍നാഷണല്‍, ജനറല്‍ ഇലക്ട്രിക് എന്നിവ ഈ സംരംഭത്തിന്റെ ഭാഗമാണ്.






