ജിദ്ദ- ഇക്കൊല്ലത്തെ ക്രിസ്മസ് സൗദി അറേബ്യയെ സംബന്ധിച്ച് വലിയ പുതുമകളുള്ളതാണ്. മാറുന്ന സൗദിയുടെ പുതിയ മുഖം ലോകത്തിന് വെളിപ്പെടുന്നതാണ് ഈ ക്രിസ്മസ്. സൗദിയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ അറബ് ന്യൂസിന്റെ ക്രിസ്മസ് ദിനത്തിലെ ഒന്നാം പേജ് ഈ മാറ്റത്തിന്റെ നിദര്‍ശനമായി.
ഇതാദ്യമായി മുഖ്യ പത്രാധിപരുടെ ക്രിസ്മസ് ആശംസയോടെയാണ് പത്രത്തിന്റെ ഒന്നാം പേജ് പുറത്തിറങ്ങിയത്. ലോകത്തെ ക്രിസ്തീയ മതവിശ്വാസികള്‍ ക്രിസ്തുവിന്റെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍, സൗദി അറേബ്യയിലും വിദേശത്തുമുള്ള ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് അറബ് ന്യൂസ് സന്തോഷകരമായ ക്രിസ്മസ് നേരുന്നു എന്നാണ് ചീഫ് എഡിറ്റര്‍ ഫൈസല്‍ ജെ. അബ്ബാസിന്റെ ഒന്നാം പേജ് ലേഖനം ആരംഭിക്കുന്നത്.

ഹൃദ്യവും മനോരമ്യവുമായ മാറ്റം- ദമാമിലെ ഒരു അക്കൗണ്ടിംഗ് കമ്പനിയില്‍ ഫിനാന്‍സ് മാനേജരായി ജോലി ചെയ്യുന്ന പന്തളം സ്വദേശി തോമസ് മാത്യു മലയാളം ന്യൂസിനോട് പറഞ്ഞു. സൗദി അറേബ്യയുടെ ഔദ്യോഗിക പത്രമായാണ് ഞങ്ങള്‍ അറബ് ന്യൂസിനെ കാണുന്നത്. ആ പത്രത്തില്‍ കണ്ട മാറ്റം സൗദിയുടെ വലിയ മാറ്റത്തെ ഉള്‍ക്കൊള്ളുന്നതും പ്രതിഫലിപ്പിക്കുന്നതുമാണ്- അദ്ദേഹം പറഞ്ഞു.
അധ്യാപികയായ ഷീബ മാത്യുവും ഈ അഭിപ്രായം പങ്കുവെക്കുന്നു. നാലഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ സൗദിക്ക് സംഭവിച്ച മാറ്റം അടുത്തുനിന്ന് നോക്കിക്കാണാന്‍ സാധിച്ചു. മറ്റൊരു രാജ്യത്തും ഇത്ര വേഗം സാമൂഹിക മാറ്റം സാധ്യമാകുമെന്ന് തോന്നുന്നില്ല- ഇംഗ്ലീഷ് അധ്യാപികയായ ഷീബ മാത്യു പറഞ്ഞു.
ഇസ്ലാം മത വിശ്വാസികള്‍ മാത്രം പൗരന്മാരായുള്ള സൗദി അറേബ്യ മുമ്പ് ഇതര മത ആഘോഷ വേളകളില്‍ ആശംസ നേരാറുണ്ടായിരുന്നില്ല. രാജ്യത്തെ പത്രങ്ങളും സാമാന്യമായി ഈ കീഴ്‌വഴക്കം പാലിച്ചുപോന്നിരുന്നു. അതിനാണ് മാറ്റം വരുന്നത്. മലയാളികളുടെ സ്വന്തം പത്രവും അറബ് ന്യൂസിന്റെ സഹോദര പത്രവുമായ മലയാളം ന്യൂസ് നേരത്തെ തന്നെ മലയാളികളുടെ എല്ലാ ആഘോഷവേളകളേയും വരവേല്‍ക്കാറുണ്ടായിരുന്നു എന്നത് ശരിയാണെങ്കിലും.

ഒരു പുതിയ പാരമ്പര്യത്തിന് തുടക്കമിടാന്‍ ഈ അവസരം ഉപയോഗിക്കുന്നു എന്നാണ് അറബ് ന്യൂസ് മുഖ്യപത്രാധിപര്‍ ഫൈസല്‍ ജെ. അബ്ബാസിന്റെ ലേഖനത്തില്‍ പറയുന്നത്. വായനക്കാര്‍ക്കായി ആദ്യമായി ക്രിസ്മസ് എഡിഷന്‍ പത്രം പുറത്തിറക്കിയാണ് ഈ പാരമ്പര്യത്തിന് തുടക്കമിട്ടിരിക്കുന്നത്. ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ ഈ പാരമ്പര്യം പുതിയതല്ല. എന്നാല്‍ സൗദി അറേബ്യയില്‍ ഇത് പുതിയതാണ്. രാജ്യത്തെ ഭരണകൂടം കൊണ്ടുവന്ന വന്‍പിച്ച സാമൂഹിക പരിഷ്‌കാരങ്ങളില്ലായിരുന്നെങ്കില്‍ ഇത് സാധ്യമാകില്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ഇതര മതസ്ഥര്‍ക്ക് അവരുടെ ആഘോഷവേളകളില്‍ അഭിവാദ്യമര്‍പ്പിക്കുന്നത് ഇസ്ലാമിക പാരമ്പര്യത്തിന് വിരുദ്ധമല്ലെന്ന് ഇസ്്‌ലാമിക പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്രിസ്മസ് ആശംസ നേരുന്നത് ഇസ്ലാമികമല്ലെന്ന് സാകിര്‍ നായികിനെപ്പോലുള്ളവര്‍ വ്യാഖ്യാനിക്കുന്ന കാലത്താണ് ഇസ്്‌ലാമിന്റെ ഈറ്റില്ലമായ സൗദി അറേബ്യ പുതിയ പാരമ്പര്യത്തിന് തുടക്കമിടുന്നത്. വൈകിയുദിച്ചതാണെങ്കിലും ഇതാണ് ഇസ്ലാമിനോട് ചേര്‍ന്നുനില്‍ക്കുന്ന ശൈലിയെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.
അറബ് ന്യൂസിന്റെ ക്രിസ്മസ് എഡിഷന്‍ തന്നില്‍ വിസ്മയം ജനിപ്പിച്ചതായി റിയാദില്‍ പ്രവാസിയായ തിരുവല്ല സ്വദേശി ബിനു സാമുവല്‍ പറഞ്ഞു. എല്ലാ വിശ്വാസികളേയും വിവേചനമില്ലാതെ സ്വീകരിക്കുന്ന സ്വഭാവമാണ് സൗദികളുടേത് എന്നാണ് തന്റെ അനുഭവം. അത് കുറച്ചുകൂടി തുറന്നു പ്രകടിപ്പിക്കപ്പെടുന്നത് സന്തോഷകരമായി തോന്നുന്നുവെന്നും ബിനു സാമുവല്‍ പറഞ്ഞു.






