സകാക്ക - സാമൂഹികമാധ്യമത്തിലൂടെ വ്യാജ വീഡിയോ പോസ്റ്റ് ചെയ്ത കേസില്‍ രണ്ടു സൗദി യുവാക്കളെ അല്‍ജൗഫ് പോലീസ് അറസ്റ്റ് ചെയ്തു. അല്‍ജൗഫിലെ റോഡില്‍ വെച്ച് തനിക്കു നേരെ ആക്രമണമുണ്ടായി എന്ന് വാദിക്കുന്ന വീഡിയോ സംഘത്തില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിടുകയായിരുന്നു. അന്വേഷണത്തില്‍ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്ന് വ്യക്തമായി.
സൈബര്‍ ക്രൈം നിയമം ലംഘിച്ച് വീഡിയോയില്‍ വ്യാജ വിവരങ്ങളും വാദങ്ങളും ഉള്‍പ്പെടുത്തിയതായി വ്യക്തമായി. അബദ്ധത്തില്‍ റോഡില്‍ വീണ ഇരുമ്പ് വസ്തുവില്‍ തട്ടിയാണ് യുവാവിന്റെ കാറിന് കേടുപാടുകള്‍ സംഭവിച്ചത്. ഹൈവേ സുരക്ഷാ സേന സംഭവത്തില്‍ ഇടപെടുകയും യുവാവിന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാജ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവാവിനെയും ഇതിന് കൂട്ടുനിന്ന കൂട്ടാളിയെയും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവര്‍ക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ജൗഫ് പോലീസ് അറിയിച്ചു.