ക്രിസ്മസ് പുലരിയില്‍ കോഴിക്കോട്ടും കൊല്ലത്തും  വാഹനാപകടങ്ങളില്‍ നാല് യുവാക്കള്‍ മരിച്ചു 

കോഴിക്കോട്- ക്രിസ്മസ് ദിനത്തില്‍ പുലരിയില്‍ കോഴിക്കോടും കൊല്ലത്തും  ഉണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ നാലുപേര്‍ മരിച്ചു. പുലര്‍ച്ചെ നാലുമണിയാേടെ കുണ്ടറ പെരുമ്പുഴ സൊസൈറ്റി മുക്കില്‍ അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. കുണ്ടറ നാന്തിരിക്കല്‍ സ്വദേശി ജോബിന്‍ ഡിക്രൂസ് (25),പേരയം മുളവന സ്വദേശി ആഗ്‌നല്‍ സ്ഫീഫന്‍ (25) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് വരികയായിരുന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
കോഴിക്കോട്ട്  ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടമുണ്ടായത്. കോഴിക്കോട് - കൊയിലാണ്ടി ദേശീയപാതയില്‍ കാട്ടിലപ്പീടികയിലാണ് അപകടം. വടകര കുരിയാടി സ്വദേശികളായ അശ്വിന്‍ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സായന്തിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 3.30 ഓടെ ഇവര്‍ സഞ്ചരിച്ച ബൈക്കും എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ഉത്സവം കഴിഞ്ഞ് വടകരയിലേക്ക് പോവുകയായിരുന്നു യുവാക്കള്‍.
            

Latest News