ടൊറോന്റോ (കാനഡ) - ഒരു കുപ്പി മദ്യത്തിനായി എട്ട് കൗമാരക്കാരികൾ ചേർന്ന് 59-കാരനെ കൊന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയുമാണ് പെൺകുട്ടികൾ അരുംകൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. കാനഡയിൽ തിരക്കുപിടിച്ച നഗരത്തോട് ചേർന്നാണ് സംഭവം.
കൂട്ടത്തോടെ ആക്രമിക്കുന്ന അധോലോക സംഘങ്ങളുടെ സ്വഭാവമാണ് പെൺകുട്ടികൾ പ്രകടമാക്കിയതെന്ന് കാനഡ പോലീസിലെ ഡിറ്റക്ടീവ് സെർജന്റ് ടെറി ബ്രൗൺ പറഞ്ഞു. 19 വർഷമായി നരഹത്യാ കുറ്റാന്വേഷണ രംഗത്തു പ്രവർത്തിക്കുന്ന തന്നെ ഇത്രയും ഞെട്ടിപ്പിച്ച ഒരു കൊലപാതകം ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളെ വിചാരണ ആരംഭിക്കുന്ന ഡിസംബർ 29ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. അതുവരെ ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരും. കൊലക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഒരു കുപ്പി മദ്യത്തിന് വേണ്ടിയാണ് പെൺകുട്ടികൾ കൊല നടത്തിയതെന്നും ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പോലീസ് വ്യക്തമാക്കി.
13 വയസ് പ്രായമുള്ള മൂന്ന് പെൺകുട്ടികളും 14 വയസായ മൂന്ന് പെൺകുട്ടികളും 16 വയസുള്ള രണ്ട് പെൺകുട്ടികളുമാണ് കേസിൽ അറസ്റ്റിലായത്. ഡിസംബർ 18-നായിരുന്നു സംഭവം. തുടർന്ന് വിശദമായ അന്വേഷണത്തിന് ശേഷമാണ് പോലീസ് വസ്തുത വിശദീകരിച്ചത്. ആക്രമണം കണ്ട് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അക്രമകാരികളായ പെൺസംഘം തനിക്കെതിരെ തിരിഞ്ഞതിനാൽ ജീവനുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് ഒരു സ്ത്രീ പോലീസിന് മൊഴി നൽകി. പെൺകുട്ടികളിൽ ഇത്തരമൊരു പ്രവണത പഠനവിധേയമാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.