കുന്നിൻമുകളിലെ വഴികാട്ടി

ഒരു കാലത്ത് ആത്മഹത്യ മുനമ്പ് കൂടിയായിരുന്നത്രേ ഈ പ്രദേശം. യുവാക്കൾ ഒരുപാട് പേർ ഇവിടെ നിന്നും എടുത്ത് ചാടി മൃത്യു വരിച്ചിട്ടുണ്ട്. അടുത്ത കാലത്ത് അവിടെ നടന്ന ഒരു ആത്മഹത്യയിലേക്ക് അനീഷിന്റെ കഥ പറച്ചിൽ പതിയെ നാടകീയമായി  ചുരുൾ നിവർന്നു. ജീവിതത്തോടൊപ്പം മരണവും കുന്നിൻമുകളിൽ പീലി നിവർത്തുന്നതിനെക്കുറിച്ചുള്ള അനീഷിന്റെ  അവതരണം കാറ്റിനെ പോലും  വെല്ലുന്ന നെടുവീർപ്പുകളോടെയാണ് ഞങ്ങൾ ഓരോരുത്തരും കേട്ടിരുന്നു പോയത്.

 

ജീവിതം യാത്രകളുടെ ഓർമ പുസ്തകം കൂടിയാണ്. വായിക്കാനേറെയിഷ്ടം തോന്നുന്ന സ്മൃതി പുസ്തകമായി അത് നാളുകൾ കഴിയുന്തോറും മാറിക്കൊണ്ടേയിരിക്കുമല്ലോ? അവ  പകരുന്ന വെളിച്ചം ഏതെല്ലാം അജ്ഞാത ദേശങ്ങളിലേക്കും മനസ്സുകളിലേക്കുമാണ് നമ്മെ നയിക്കുന്നത്? കണ്ടുമുട്ടുന്ന ചില നുറുങ്ങുവെട്ടങ്ങളുണ്ട് ഓരോ യാത്രയിലും. ഉള്ളുതുറപ്പിക്കുന്ന
പൊരുൾ ഒളിപ്പിച്ച പ്രകാശത്തുരുത്തുകളാണവ.

ഇത്തവണ വിദ്യാർത്ഥികളോടൊത്ത് വിനോദ യാത്ര പോയത് വാഗമൺ, രാമക്കൽ, തേനി തുടങ്ങിയ ഇടങ്ങളിലേക്കാണ്. ഈ  യാത്രയിലും കണ്ടുകിട്ടി
അത്തരം പ്രകാശം പ്രസരിപ്പിക്കുന്ന സവിശേഷ ഗുണമുള്ള ഒരു സാധാരണക്കാരനായ മനുഷ്യനെ ...

'എനിക്കു രസമീ നിമ്‌നോന്നതമാം വഴിക്കു തേരുരുൾ പായിക്കാൻ' എന്ന കവിത വായിച്ചിട്ടാകുമോ ആവോ. അനീഷ് എന്ന ജീപ്പ് ഡ്രൈവർ ഞങ്ങളെയും കൊണ്ട് കുണ്ടും കുഴിയും നിറഞ്ഞ ചെമ്മൺ  പാതയിലൂടെ തൂക്കുപാലത്ത് നിന്നും രാമക്കൽ മേടിലേക്ക് പോയൊരു പോക്കുണ്ട്.

പിത്തം മുഴുവൻ കലക്കിയെന്ന് മാത്രമല്ല, കുഞ്ഞുന്നാളിൽ കുടിച്ച അമ്മിഞ്ഞപ്പാലു വരെ കുലുക്കി തുളുമ്പിപ്പിച്ച ഒരു വമ്പൻ കുതികുതിപ്പൻ യാത്രയായിരുന്നു അത്.

സൗമ്യമായി പുഞ്ചിരിച്ച് ഹൃദ്യമായി ഞങ്ങളെ എട്ട് പേരെയും വഹിച്ച് നുറുങ്ങുകഥകൾ പറഞ്ഞ്  അദ്ദേഹം ഞങ്ങളുടെ ഖൽബിലേക്കാണ്
അപ്പോൾ പാഞ്ഞു കേറിക്കൊണ്ടിരുന്നതെന്ന് അറിയാൻ ഏറെ നേരം വേണ്ടിവന്നില്ല. ഉച്ചഭക്ഷണവും കഴിച്ച് ജീപ്പിൽ ചെറുസംഘങ്ങളായാണ്  നൂറ്റി എഴുപതോളം പേരടങ്ങുന്ന ഞങ്ങൾ ജീപ്പുകളിൽ   രാമക്കൽ മേടിലേക്ക് പുറപ്പെട്ടത്. ടീം ലീഡർ ബിജുവിന്റെയും ടൈം കീപ്പർ പ്രിയ അമ്പു സാറിന്റെയും കൊടി ഒരുമിച്ച് വീശിയപ്പോൾ രാമക്കൽമേടിലേക്ക് ആദ്യം പുറപ്പെട്ട ജീപ്പ് ഞങ്ങളുടേതായിരുന്നു.
അതിനാൽ ഭാഗ്യമെന്ന് പറയട്ടെ, കുന്നിൻ മുകളിൽ നിന്ന് അനീഷിനെ കേൾക്കാൻ ഞങ്ങൾക്ക്  കൂടുതൽ നേരം കിട്ടി. നിമിഷങ്ങൾക്കുള്ളിൽ ആ ചങ്ങാതി ഞങ്ങളുടെ ഉറ്റ തോഴനായി.
പരിശീലനം സിദ്ധിച്ച ടൂറിസ്റ്റ് ഗൈഡിനെ വെല്ലുന്ന തരത്തിൽ ഞങ്ങളുടെ സന്ദർശനത്തെ അദ്ദേഹം വിജ്ഞാന പ്രദവും ഹൃദയ ഹാരിയുമാക്കി.

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തിന് കിഴക്ക് രാമക്കൽമേടിന്റെ നെറുകയിലെ പാറക്കെട്ടിലെത്തുന്നതിന് മുമ്പേ ഒരു ഗുഹയുണ്ട്. അതീവ രസകരവും സാഹസികവുമായ യാത്ര ക്കിടയിൽ  അദ്ദേഹം ഞങ്ങളെ അവിടെ ഇറക്കി  ഗുഹയിലേക്കുള്ള വഴി കാണിച്ചു കൂടെ പോന്നു.

ജനിമൃതികൾക്കിടയിലെ  വിവിധ ഘട്ടങ്ങളെ ഓർമിപ്പിക്കുന്ന വിധം കുനിഞ്ഞും ഇരുന്നും നിവർന്നും   ഇഴഞ്ഞും നിരങ്ങിയും ഉരുണ്ടും ആ ഗുഹയിലൂടെ പുറത്തെത്തുമ്പോൾ ഒരു പുതുപ്പിറവിയുടെ സുഖമാണ്.

അനീഷ്  സ്‌നേഹലാളനകളോടെ എത്ര വേഗത്തിലാണ് ഞങ്ങളെ ആ ഗുഹാമുഖത്തേക്ക് നയിച്ചതും ഞങ്ങളിലൊരാളായതും! ശരീര വലിപ്പം  ഇച്ചിരിയധികമുള്ള അധ്യാപിക 
ഗുഹായാനത്തിന്റെ വിവിധ ഘട്ടങ്ങൾ പിന്നിടാനാവുമോ എന്നാശങ്കിച്ച്  നിന്നപ്പോൾ  പ്രോൽസാഹിപ്പിച്ച്   അവരുടെ ഭാരവും ക്ലേശവും കുറയ്ക്കാൻ അവരുടെ ബാഗ്  കൈയിലേന്തി ഏറെ നേരം സഹായിച്ച അനീഷ് അവരെ ഗുഹക്ക് പുറത്ത് ഏറെ നേരം   കാത്ത് നിന്നൊരു കാത്തിരിപ്പുണ്ട്.  ഒടുവിൽ വിജയശ്രീലാളിതയായി അവർ പുറത്തെത്തിയപ്പോൾ ആൾകൂട്ടത്തിനിടയിൽ അനീഷിനെ കാണാതെ ബാഗ് കിട്ടാത്ത വേവലാതിയിലായി ടീച്ചർ.  മൂപ്പരാണേൽ ബാഗും പിടിച്ച് ടീച്ചറെയും   അന്വേഷിച്ച്  നടക്കുകയായിരുന്നു.  ഒടുവിൽ ടീച്ചറെ കണ്ടുകിട്ടിയപ്പോൾ  അനീഷിനുണ്ടായ ആഹ്ലാദം  ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.

കാതിൽ അതീവ ദ്രുതശ്രുതിയിൽ കാറ്റിന്റെ തിരമാലകൾ ഈണമിടുന്ന ആ  സഹ്യസാനുവാകെ അദ്ദേഹത്തിന്റെ തൂമന്ദഹാസത്തിൽ പൊൻവെളിച്ചമുടുത്തു നിന്ന പോലെ തോന്നി അപ്പോൾ. പോക്കുവെയിൽ പോലും ആ വാൽസല്യ തിളക്കത്തിൽ നാണിച്ചു പോയിരിക്കണം.

രാമക്കൽമേട്ടിലേക്കുള്ള ഓരോ യാത്രയിലും ഇനി പ്രദീപ്തമായ ആ മുഖം തെളിഞ്ഞുവരും തീർച്ച. കടൽ പിൻവാങ്ങി കരയായിത്തീർന്ന പ്രദേശമാണ് രാമക്കൽമേട് എന്നാണ് പറയപ്പെടുന്നത്. ചെങ്കുത്തായ ഈ പാറക്കെട്ടുകളിലേക്കാണ് അനീഷ് പിന്നീട് ഞങ്ങളെ നയിച്ചത്. സഹ്യപർവത നിരകളിലെ താരതമ്യേന ഉയരം കൂടിയ പ്രദേശങ്ങളിൽ ഒന്നാണ് രാമക്കൽമേട്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പർവത നിരകൾ കേരളത്തെയും തമിഴകത്തെയും തമ്മിൽ വേർതിരിക്കുന്നു. അതിരിട്ട ഇരുമ്പുവേലി കാട്ടി അനീഷ് തുടർന്നു.  അവിടെ കാണുന്ന തൊട്ടോലി ചെടികളെക്കുറിച്ചും രാമക്കൽമേടിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ചും ഐതിഹ്യങ്ങളെക്കുറിച്ചും അനീഷ് വാചാലനായി.

ഒരു കാലത്ത് ആത്മഹത്യ മുനമ്പ് കൂടിയായിരുന്നത്രേ ഈ പ്രദേശം. യുവാക്കൾ ഒരുപാട് പേർ ഇവിടെ നിന്നും എടുത്തുചാടി മൃത്യു വരിച്ചിട്ടുണ്ട്. അടുത്ത കാലത്ത് അവിടെ നടന്ന ഒരു ആത്മഹത്യയിലേക്ക് അനീഷിന്റെ കഥ പറച്ചിൽ പതിയെ നാടകീയമായി  ചുരുൾ നിവർന്നു. ജീവിതത്തോടൊപ്പം മരണവും കുന്നിൻമുകളിൽ പീലി നിവർത്തുന്നതിനെ കുറിച്ചുള്ള അനീഷിന്റെ  അവതരണം കാറ്റിനെ പോലും  വെല്ലുന്ന  നെടുവീർപ്പുകളോടെയാണ് ഞങ്ങൾ ഓരോരുത്തരും കേട്ടിരുന്നുപോയത്.

ഇടക്ക് വഴിയിൽ, പൊന്തക്കാടുകളിൽ നിന്ന് ആകാശത്തേക്ക് പൊടുന്നനെ    പറന്നുയർന്ന കഴുകന്റെ ചിറകടി ശബ്ദം അപ്പോൾ അകതാരിൽ വീണ്ടും ഉൾക്കിടിലമായി കനത്തതുപോലെ..അപ്പോഴേക്കും അടുത്ത സംഘം എത്തിയിരുന്നു. പിന്നീട് അനീഷ് ഞങ്ങളെയും കൊണ്ട് കുറവൻ കുറത്തി മലയിലേക്ക് തിരിച്ചു.
വാഹനത്തിൽ നിന്ന് ഇറങ്ങി ഞങ്ങൾ ടിക്കറ്റ് കൗണ്ടർ ഉദ്യോഗസ്ഥയുമായി സംസാരിക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഇമ്പത്തോടെ  ഒരു ദീർഘകാല സൗഹൃദം കുറഞ്ഞ നേരത്തിനുള്ളിൽ സമ്മാനിച്ച് അനീഷ് വിനയാന്വിതനായി നനഞ്ഞ് ചിരിച്ചു മറയുന്നത് കാണാമായിരുന്നു. ഏറെ വേണ്ടപ്പെട്ട ആരോ ഒരാൾ പിരിഞ്ഞുപോവുന്ന പ്രതീതിയായിരുന്നു അപ്പോൾ അന്തരീക്ഷമാകെ.

Latest News