സംഗീത ലോകത്ത് തരംഗമായി ഖത്തർ മലയാളിയുടെ കാൽപന്ത് പാട്ട്

ആൽബം കവർ, ശാഫി മണ്ടോട്ടിൽ
ശാഫി മണ്ടോട്ടിലും സംവിധായകൻ ലിയോൺ ആൽബർട് ഊസ്തിസെനും

ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് നിരവധി ഗാനങ്ങളാണ് മലയാളികളുടേതായി പുറത്തു വന്നതെങ്കിലും പ്രവാസി മലയാളിയായ ശാഫി മണ്ടോട്ടിൽ രചിച്ച It is a beautiful game എന്ന ഗാനം ഖത്തറിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും തരംഗം സൃഷ്ടിക്കുകയാണ്. കാൽപന്തുകളി ലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിന് ഖത്തർ ആതിഥ്യമരുളുന്നതുമായി ബന്ധപ്പെട്ട ഗാനം ലോകകപ്പ് ആരംഭിച്ച ശേഷമാണ് പുറത്തിറങ്ങിയതെങ്കിലും ലോകകപ്പിന് ശേഷവും യുവ തലമുറയുടെ നാവുകളിൽ തത്തിക്കളിക്കുന്ന മനോഹരമായൊരു സംഗീതാർച്ചനയാണ്.

ഇംഗ്ലീഷ്, അറബിക് ഭാഷകളിലായി രചിച്ച ഗാനം ഇതിനോടകം തന്നെ വിവിധ രാജ്യക്കാരും ദേശക്കാരും ഏറ്റെടുത്തുകഴിഞ്ഞു. ഫാൻ സോണുകളിലടക്കം പ്രദർശനം നടത്തിയ ഗാനം വിവിധ രാജ്യക്കാരുടെ വാട്‌സാപ് ഗ്രൂപ്പുകളിലും സാമൂഹ്യ മാധ്യമങ്ങളിലും തരംഗമാവുകയാണ്. മൂന്ന് വീഡിയോകളിലായി അരക്കോടിയിലേറെ ആളുകൾ ഇതിനകം ഈ ഗാനം കണ്ടുകഴിഞ്ഞു.

തുറന്ന മനസ്സോടെ ലോകത്തെ മുഴുവൻ ഖത്തറിലേക്ക് സ്വാഗതമോതുന്ന അഹ്‌ലൻ എവരിബഡി, മർഹബൻ എവരിവൺ എന്ന് തുടങ്ങുന്ന ഗാനം ഫുട്ബോളിന്റെ സന്ദേശവും പ്രമേയവും അടയാളപ്പെടുത്തുന്നതോടൊപ്പം സ്നേഹ സൗഹൃദങ്ങളുടെ വിശാലമായ ലോകം പണിയാനും ആഹ്വാനം ചെയ്യുന്നു. വിവിധ ചിന്തകളും ആശയങ്ങളും മാനവ രാശിയെ വിഭജിക്കാനും ഭിന്നിപ്പിക്കാനും ശ്രമിക്കുമ്പോൾ കാൽപന്തു കളി മനുഷ്യരെ ഒന്നിപ്പിക്കുന്ന വിസ്മയകരമായ സാമൂഹ്യ പരിസരമൊരുക്കുമ്പോൾ എല്ലാവരെയും സ്വാഗതം ചെയ്ത് കളി മനോഹരമാക്കാമെന്നാണ് ഗാനം പറയുന്നത്. അക്ഷരാർഥത്തിൽ കാൽപന്തു കളി മനോഹരമായ ഒരു ഗെയിമാണെന്ന് വരച്ചുകാണിക്കുന്നതാണ് ഈ ഗാനം.

വെറുപ്പിന്റെയും വിദ്വോഷത്തിന്റെയും സങ്കുചിതമായ അതിർപരമ്പുകൾ ഭേദിച്ച് മാനവ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിശാലമായ മേച്ചിൽപുറങ്ങളിലാണ് പന്തുരുളുന്നതെന്നും ലോകം മുഴവൻ ഒരു പന്തിന് പിന്നാലെ പായുമ്പോൾ മാനവികവും സാമൂഹികവുമായ നിരവധി ആശയങ്ങളാണ് ശക്തമാകുന്നതെന്നും ഗാനം ഓർമിപ്പിക്കുന്നു.

ഫുട്‌ബോളിന്റെ ആവേശവും മനോഹാരിതയും പ്രമേയമാവുന്ന ഗാനം ലോകത്തെ ഏകോപിപ്പിക്കുന്നതിനുള്ള ഫുട്ബോളിന്റെ ശക്തി അടയാളപ്പെടുത്തുന്നതോടൊപ്പം ഖത്തർ എന്ന രാജ്യത്തോടുള്ള ഇന്ത്യക്കാരുടെ സ്നേഹാദരവും പ്രതിബദ്ധതയും വിവരിക്കുന്നുണ്ട്. സൗത്ത് ആഫ്രിക്കക്കാരായ ഹറോൾഡ് ഷെങ്കും ലിയോൺ ആൽബർട് ഊസ്തിസെനും സംവിധാനവും സംഗീതവും നിർവഹിച്ച ഈ ഗാനം ഇന്ത്യ, സൗത്ത് ആഫ്രിക്ക, ബ്രിട്ടൺ, ബെൽജിയം, വെനീസ്വല, ഖസാഖിസ്ഥാൻ, ശ്രീലങ്ക എന്നീ 7 രാജ്യങ്ങളിൽ നിന്നുള്ള 16 ഗായകർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഡെസേർട്ട് വോയിസസ് എന്ന പേരിൽ യു ട്യൂബിൽ ഗാനം വൈറലായിരുന്നു.

ഈ ഗാനത്തിന്റെ രചന നിർവഹിച്ച മുഹമ്മദ് ഷാഫി മണ്ടോട്ടിൽ മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശിയാണ്. കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം മലയാളം, അറബിക്, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലായി പത്തോളം പാട്ടുകൾ രചിച്ച് പുറത്തിറക്കിയിട്ടുണ്ട്.

ഒന്നര പതിറ്റാണ്ടോളം സൗദി അറേബ്യയിലായിരുന്ന ഷാഫി സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സഊദികളും ഇന്ത്യക്കാരും തമ്മിലുള്ള അഗാധമായ ആത്മബന്ധം പ്രമേയമാക്കി രചിച്ച ഹാദൽ ബലദു റൂഹി - ഈ രാജ്യമാണെൻ ജീവൻ എന്ന ഗാനം വലിയ ജനശ്രദ്ധ നേടിയിരുന്നു.
ചെമ്മാട് ദാറുൽ ഹുദയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശാഫി ഇപ്പോൾ ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയാണ്. പരേതനായ മണ്ടോട്ടിൽ മുഹമ്മദ് മുസ്‌ലിയാർ, ചെറുമേലേത്ത് നഫീസ ദമ്പതികളുടെ ആറാമത്തെ മകനായ ശാഫി ഇപ്പോൾ കുട്ടിമനസ്സുകളെ സ്വാധീനിക്കുന്ന പഠനാർഹമായ കുട്ടിപ്പാട്ട് പരമ്പരകൾ ആനിമേഷനായി ചെയ്യാനുള്ള തയാറെടുപ്പിലാണ്. സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി കുരുന്നു മനസ്സുകളിലും ജീവിത മൂല്യങ്ങളും സന്ദേശങ്ങളും വളർത്തുകയാണ് തന്റെ ഈ സപര്യയുടെ ലക്ഷ്യമെന്ന് ഷാഫി വിശദീകരിച്ചു.
കലയും സാഹിത്യവും സംഗീതവുമെല്ലാം കേവലം വിനോദമെന്നതിലുപരി മാനവരാശിയുടെ സാംസ്‌കാരികവും ധാർമികവുമായ വളർച്ചയും വികാസവും സാധ്യമാക്കുന്നതോടൊപ്പം സമൂഹത്തിൽ നന്മയുടെ വികാരങ്ങൾ വളർത്താനും പ്രയോജനപ്പെടണം. ഈ രംഗത്തെ സോദ്ദേശ്യ ശ്രമങ്ങൾക്ക് സമൂഹത്തിൽ വിശിഷ്യ, വളർന്നുവരുന്ന തലമുറയിൽ വലിയ സ്വാധീനം ചെലുത്താനാകും.

It is a beautiful game എന്ന ഗാനത്തിന് പുറമെ ഹാദൽ ബലദു റൂഹി, മുഹബ്ബത് കി ദൗലത്ത് ഹമാര ഹിന്ദുസ്ഥാൻ, കോവിഡ്: പ്രവാസികൾക്ക് പറയാനുള്ളത്, ഗൾഫ് 2030, പ്രിയരോടൊത്ത് മദീനത്ത,് കണ്ണീർ വചനം, എന്റെ ഓത്തുപള്ളി, സൈനുൽ ഉലമ എന്നിവയാണ് ഇതിനോടകം പുറത്തിറങ്ങിയ ശാഫിയുടെ ഗാനങ്ങൾ.


 

Latest News