നാടും നഗരവും അടച്ചിട്ട ലോക്ഡൗൺ കാലത്താണ് മദ്രസ ഹാളും പരിസരവും പി.എസ്.സി പരിശീലനത്തിനായി നീക്കിവെക്കാൻ മലപ്പുറം മക്കരപ്പറമ്പ് മേലെകാളാവിലെ ഒരു കൂട്ടം ചെറുപ്പക്കാർ തീരുമാനിച്ചത്. അതാകട്ടെ, നാടിന് മാതൃകയായി. ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൈമുതലാക്കിയവരുടെ ഇടയിലേക്ക് പി.എസ്.സി ജോലി നിയമനവും കഴിഞ്ഞ ദിവസം വന്നെത്തി. വടക്കാങ്ങരക്കടുത്ത മേലേകാളാവ് മൻബഉൽ ഉലൂം മദ്രസ മസ്ജിദ് പരിപാലന സമിതിയുടെ സഹായത്തോടെയാണ് കോവിഡ് കാലത്ത് മദ്രസ ഹാളിൽ പി.എസ്.സി പരിശീലനം ആരംഭിക്കുന്നത്. അടച്ചിട്ട മസ്ജിദിലെ ദൈനംദിന പ്രാർത്ഥനക്ക് നിയന്ത്രണ വിധേയമായി നേതൃത്വം നൽകിയിരുന്ന യുവാക്കളാണ് മദ്രസ ഹാളിൽ മൽസര പരീക്ഷ പരിശീലനം തുടങ്ങുന്നത്. രണ്ടര വർഷത്തെ അധ്വാനം, ഒരു വർഷത്തെ കാത്തിരിപ്പുകൾക്കിടയിൽ നിരവധി കുട്ടികൾ റാങ്ക് ലിസ്റ്റിൽ ഇടം നേടി, ഇരട്ടി മധുരമായി വടക്കാങ്ങര പിലാപ്പറമ്പിലെ ബീരാൻ പുതിയ പറമ്പത്തിന്റെ മകൻ പി. ഷെഫീഖ് റവന്യൂ ഡിപ്പാർട്ട്‌മെന്റ് കുറുവ വില്ലേജ് ഓഫീസിൽ എൽ.ഡി.സിയായി നിയമിതനുമായി. മൊബൈൽ ഫോണിൽ കളിച്ചിരുന്ന് സമയം കൊല്ലുന്ന പുതുതലമുറക്ക് മാതൃകയാണ് മേലെകാളാവിലെ യുവ കൂട്ടായ്മയും പി.എസ്.സി കോച്ചിംഗ് ക്ലബും






