ദുബായ്- യു.എ.ഇയില്‍ വാഹനാപകടത്തില്‍ രണ്ടു സൗദി വനിതകള്‍ മരിക്കാനിടയായ അപകടത്തിന് കാരണക്കാരായ രണ്ടു ഡ്രൈവര്‍മാര്‍ മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം ദിര്‍ഹം ദിയാധനം നല്‍കണമെന്ന് കോടതി വിധിച്ചു. അപകടത്തില്‍ സൗദി കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തിന് കാരണക്കാരനായ ബംഗ്ലാദേശുകാരന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്‌പെന്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ബംഗ്ലാദേശുകാരന് 10,000 ദിര്‍ഹം പിഴ ചുമത്തി. ഇയാള്‍ സൗദി കുടുംബത്തിന് 3,20,000 ദിര്‍ഹം ദിയാധനം നല്‍കണമെന്നും വിധിയുണ്ട്. അപകടത്തിന് കാരണക്കാരനായ ഇന്ത്യക്കാരനായ ഡ്രൈവര്‍ക്ക് 2,000 ദിര്‍ഹം പിഴ ചുമത്തി. ഇയാള്‍ 80,000 ദിര്‍ഹം ദിയാധനം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
റോഡിന്റെ മധ്യത്തില്‍ തന്റെ കാര്‍ നിര്‍ത്തി ബംഗ്ലാദേശുകാരന്‍ കാര്‍ പിന്നോട്ടെടുക്കുകയും രണ്ടാമത്തെ കാര്‍ ഡ്രൈവറായ ഇന്ത്യക്കാരന്‍ ബംഗ്ലാദേശുകാരന്റെ കാര്‍ കാണാന്‍ കഴിയാതെ ഇതില്‍ കൂട്ടിയിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട രണ്ടു കാറുകളും സൗദി കുടുംബം സഞ്ചരിച്ച മൂന്നാമത്തെ കാറില്‍ കൂട്ടിയിടിച്ചാണ് രണ്ടു സൗദി വനിതകള്‍ മരണപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.