ന്യൂദല്‍ഹി- പല രാജ്യങ്ങളിലും കോവിഡ് കേസുകളുടെ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, രാജ്യത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ രണ്ട് ശതമാനം റാന്‍ഡം സാമ്പിള്‍ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ എല്ലാവര്ക്കും ഇത് നിര്‍ബന്ധമാക്കുമെന്നും ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ.
ഏറ്റവും പുതിയ കോവിഡ് സാഹചര്യത്തെയും ഇന്ത്യയുടെ തയ്യാറെടുപ്പിനെയും കുറിച്ച് രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയ്ക്ക് ശേഷം ചില പ്രതിപക്ഷ എംപിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആളുകള്‍ മാസ്ക് ധരിക്കുന്നുണ്ടെന്നും സാനിറ്റൈസര്‍ ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചതായി ആരോഗ്യമന്ത്രി ലോക്സഭയില്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ നേരിട്ട് വിമാനങ്ങളൊന്നുമില്ല, പക്ഷേ ആളുകള്‍ മറ്റ് റൂട്ടുകളിലൂടെയാണ് വരുന്നത്. ചൈനയില്‍ നിന്നുള്ള നേരിട്ടുള്ള വിമാനങ്ങള്‍ സര്‍ക്കാര്‍ നിരോധിക്കുമോ എന്ന എഎപി എ.ംപി രാഘവ് ചദ്ദയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
മുന്‍കരുതലായി സ്വീകരിക്കേണ്ട് കാര്യങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രിയെന്ന നിലയില്‍ താന്‍ പല രാജ്യങ്ങളുമായും ലോകാരോഗ്യ സംഘടനയുമായും സംസാരിച്ചിട്ടുണ്ടെന്നും മഹാമാരി ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും മാണ്ഡവ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം രാജ്യത്തെ കൊറോണ വൈറസ് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.
എയര്‍പോര്‍ട്ടുകളിലെ പരിശോധനയുടെ ശതമാനം വരും ദിവസങ്ങളില്‍ വര്‍ധിപ്പിക്കാമെന്നും ആവശ്യമെങ്കില്‍ ഇന്ത്യയിലേക്ക് വരുന്ന എല്ലാവര്ക്കും ഇത് നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു. വൈറസിന്റെ അജ്ഞാതമായ ഒരു വകഭേദവും ഇന്ത്യയിലേക്ക് കടക്കുന്നില്ലെന്നും ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മാണ്ഡവ്യ പറഞ്ഞു.
രാജ്യത്ത് എല്ലാ ഓക്സിജന്‍ പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മരുന്നുകളുടെ ലഭ്യതയെക്കുറിച്ച് അവലോകനം നടത്തിയിട്ടുണ്ടെന്നും മന്ത്രി രാജ്യസഭക്ക് ഉറപ്പ് നല്കി.
രാജ്യത്ത് എല്ലാ ഭാഗത്തും ആവശ്യമായ മരുന്നുകളും വാക്സിനുകളും നല്കാന് തയാറാണെന്നും അദ്ദേഹം പറഞ്ഞു.