നന്മയെ അംഗീകരിക്കാനാവാത്തവർ

ലോകകപ്പ് നേടിയത് അർജന്റീനയാണെങ്കിലും തല ഉയർത്തി നിൽക്കുന്നത് ഖത്തർ കൂടിയാണ്. ലോകത്തിനു മുന്നിൽ ഈ കൊച്ചു രാജ്യത്തെ തിളങ്ങുന്ന വർണങ്ങളാൽ അടയാളപ്പെടുത്താൻ അവർക്ക് കഴിഞ്ഞു. സംഘടിത കുപ്രചാരകരെ മാറ്റിനിർത്തിയാൽ കോടിക്കണക്കിന് ഫുട്‌ബോൾ ആരാധകരുടെ മനസ്സിൽ ലോകകപ്പിലൂടെ ഖത്തർ ഇടമുറപ്പിച്ചു. 

ലോക ഫുട്‌ബോൾ ചാമ്പ്യന്മാരായ അർജന്റീനയുടെ ക്യാപ്റ്റൻ ലിയോണൽ മെസ്സിക്ക് കപ്പ് നൽകുന്നതിനു മുമ്പ് ഖത്തർ അമീർ, അറബ് ആഢ്യത്വത്തിന്റെ പ്രതീകമായ ബിഷ്ത് ധരിപ്പിച്ചതിനെ ചൊല്ലി ഒരു വിഭാഗം പാശ്ചാത്യ മാധ്യമങ്ങളിൽ കോലാഹലം തുടരുകയാണ്. സന്തോഷത്തോടെ അത് ധരിച്ച മെസ്സിക്കോ, അദ്ദേഹത്തിന്റെ രാജ്യമായ അർജന്റീനക്കോ അതിൽ ഒരു വിഷമവുമില്ലെങ്കിലും എന്തോ വലിയ അപകടം സംഭവിച്ചുവെന്ന തരത്തിൽ ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും മരം പെയ്ത്ത് തുടരുന്നു. ബി.ബി.സിയും മറ്റും സംഭവത്തെ വിമർശിച്ചുകൊണ്ട് തൽസമയ ചർച്ച തന്നെ സംഘടിപ്പിച്ചു. മാന്യനെന്ന് കരുതിയിരുന്ന പ്രമുഖ ഫുട്‌ബോൾ താരം ഗാരി ലിനേക്കറിനെ പോലുള്ളവർ ചർച്ചയിൽ പങ്കെടുക്കുകയും അനുപമമായ ഈ സ്‌നേഹ പ്രകടനത്തെയും ആദരത്തെയും വിമർശിക്കുകയും ചെയ്തു എന്നതാണ് ദുഃഖകരം. കാര്യമറിഞ്ഞിട്ടോ അറിയാതെയോ ഇന്ത്യയിൽനിന്നും ഇത്തരത്തിലുള്ള വിമർശനങ്ങളും കുറ്റപ്പെടുത്തലുകളുമുയർന്നു. അസൂയയും പകയും മൂലം ഒരു നല്ല കാര്യത്തെ അംഗീകരിക്കാൻ പോലും കഴിയാത്ത വിധം ഇടുങ്ങിയ മനസ്സിനുടമകളായിപ്പോയല്ലോ ഇക്കൂട്ടർ.
അറബ് സമൂഹത്തിൽ ബിഷ്തിനുള്ള സ്ഥാനമെന്തെന്ന് ഗൾഫ് രാജ്യങ്ങളിൽ ഒരിക്കലെങ്കിലും വന്നിട്ടുള്ളവർക്ക് ബോധ്യപ്പെടും. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവർ ധരിക്കുന്ന വസ്ത്രം. സാധാരണക്കാരാണെങ്കിൽ വിവാഹം, ഉന്നത സ്ഥാനലബ്ധി പോലുള്ള വിശേഷാവസരങ്ങളിൽ ധരിക്കുന്നത്. ബിഷ്ത് ഏതെങ്കിലും അതിഥിയെ ധരിപ്പിക്കുകയാണെങ്കിൽ അദ്ദേഹം ഏറ്റവും ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യപ്പെടുന്നു എന്നാണർഥം. ഇവിടെ ലോകകപ്പ് എന്ന തന്റെ ജീവിതാഭിലാഷം പൂവണിഞ്ഞുനിൽക്കുന്ന മെസ്സിയെ ബിഷ്ത് ധരിപ്പിക്കുക വഴി അറബ് സമൂഹം ആ മഹാപ്രതിഭയെ ഹൃദയത്തിലേറ്റി ആദരിക്കുകയാണ് ചെയ്തത്. എളിമയോടെ ആ വസ്ത്രം തന്റെ ചുമലിൽ ഏറ്റുവാങ്ങിക്കൊണ്ട് മെസ്സി ആ കലർപ്പില്ലാത്ത സ്‌നേഹ പ്രകടനത്തെ പുൽകി. ആ വസ്ത്രം ധരിച്ചുകൊണ്ടു തന്നെ ലോക കിരീടം ഏറ്റുവാങ്ങി അറബ് സമൂഹത്തിന്റെ ഹൃദയത്തിൽ അദ്ദേഹം ചിരപ്രതിഷ്ഠ നേടി.
നേർബുദ്ധിയോടെ കണ്ടാൽ ഏറ്റവും മനോഹരമായ ദൃശ്യം. എന്നാൽ വിമർശകർക്ക് അതൊരു ആയുധമായിരുന്നു. മെസ്സിയുടെ അർജന്റീന ജഴ്‌സിക്കു മുകളിൽ കറുത്ത അറബ് വസ്ത്രം ധരിപ്പിച്ചത് ലജ്ജാകരമാണെന്ന തരത്തിലായിരുന്നു വിമർശനങ്ങൾ. മെസ്സിയെ ബിഷ്ത് ധരിപ്പിച്ചത് ഒരു തരത്തിൽ ഫോട്ടോ ബോംബിംഗ് ആയിപ്പോയെന്നാണ് ഒരുവൻ ട്വിറ്ററിൽ കുറിച്ചത്.
വാസ്തവത്തിൽ ഈ വിമർശനങ്ങളെയും ആക്ഷേപങ്ങളെയും അതുന്നയിക്കുന്നവരുടെയെല്ലാം കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഖത്തർ ലോകകപ്പ് ഏറ്റവും മനോഹരവും അത്യുജ്വലമായും പൂർത്തിയായി കണ്ടതിലുള്ള അസൂയയും പകയുമായി മാത്രമേ കാണാനാവൂ. 2010 ൽ ഖത്തറിന് ലോകകപ്പ് അനുവദിച്ചുകൊണ്ടുള്ള ഫിഫ പ്രഖ്യാപനം വന്ന അന്നുതുടങ്ങിയതാണ് ഇത്തരം ആക്രോശങ്ങൾ. 2018 ലെ റഷ്യ ലോകകപ്പും 2022 ലെ ഖത്തർ ലോകകപ്പും ഒരു ദിവസമാണ് പ്രഖ്യാപിക്കപ്പെട്ടത്. രണ്ട് രാജ്യങ്ങളും ഫിഫയുടെ മാനദണ്ഡങ്ങളെല്ലാം പാലിച്ച് ബിഡ് നൽകിയും മറ്റു നടപടിക്രമങ്ങളിലൂടെ കടന്നുമാണ് ലോകകപ്പ് ആതിഥേയത്വം നേടിയത്. എന്നാൽ ഇതാദ്യമായി ഒരു അറബ്, ഗൾഫ് രാജ്യത്തിന് ലോകകപ്പ് ആതിഥേയത്വം ലഭിച്ചത് യൂറോപ്പിലെ ഫുട്‌ബോൾ പ്രമാണിമാർക്ക് ദഹിച്ചില്ല. ലോകകപ്പ് ഖത്തറിൽനിന്ന് മാറ്റിക്കിട്ടാൻ അവർ പഠിച്ച പണി പതിനെട്ടും പയറ്റി.
അഴിമതി ആരോപണമായിരുന്നു തുടക്കം. ഖത്തറിൽനിന്ന് പണം വാങ്ങി ഫിഫ ലോകകപ്പ് അറബികൾക്ക് വിറ്റു എന്നാണ് ഒരു ജർമൻ പത്രം എഴുതിയത്. ഫിഫ അംഗങ്ങൾക്ക് ഖത്തർ കൈക്കൂലി നൽകിയാണ് അനുകൂല വോട്ടുകൾ ഉറപ്പാക്കിയതെന്ന് ബി.ബി.സിയും ബ്രിട്ടനിലെ ഗാർഡിയൻ പത്രവും അടക്കമുള്ള മാധ്യമങ്ങൾ ആരോപിച്ചു. ഇതേത്തുടർന്ന് ഫിഫ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ അഴിമതി കണ്ടെത്തിയില്ല. ഇതിനു പുറമെ സ്വിസ് പ്രോസിക്യൂഷനും അന്വേഷണം നടത്തിയെങ്കിലും അഴിമതിക്ക് തെളിവൊന്നും കിട്ടിയില്ല. അപ്പോഴും വിമർശകർ തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. 
മനുഷ്യാവകാശം, സ്വവർഗ ലൈംഗികതക്ക് ഖത്തറിലുള്ള വിലക്ക്, യഥേഷ്ടം കുടിച്ച് കൂത്താടാനുള്ള സ്വാതന്ത്ര്യമില്ലായ്മ അങ്ങനെ പല വിഷയങ്ങളും പുതുതായി ഉന്നയിച്ചു. വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത രീതിയിലായിരുന്നു അവയുടെ വരവ്. എന്തു വന്നാലും ഖത്തറിൽ ലോകകപ്പ് നടത്തരുത്, അഥവാ നടന്നാൽ അലങ്കോലമാക്കിയിരിക്കണം എന്ന വാശിയുള്ളതുപോലെ. 
മനുഷ്യാവകാശ ലംഘനത്തിന്റെ പേരിൽ ആരോപണങ്ങൾ നേരിടുന്ന രാജ്യങ്ങളിലൊക്കെ തന്നെയാണ് ഇതിനു മുമ്പും ലോകകപ്പും ഒളിംപിക്‌സുമൊക്കെ നടന്നിട്ടുള്ളത്. സ്വവർഗ ലൈംഗികതക്കെതിരെ കടുത്ത നിലപാടണ് 2018 ലോകകപ്പ് നടന്ന റഷ്യയിലെ ഭരണകൂടത്തിന് ഇപ്പോഴുമുള്ളത്. എന്നാൽ അന്നൊന്നുമില്ലാത്ത വിധത്തിലുള്ള വിമർശനങ്ങളും ആക്രോശങ്ങളുമാണ് ഖത്തറിനെതിരെ ഉയർന്നത്. ലോകകപ്പ് നടത്തണമെങ്കിൽ സ്വന്തം പാരമ്പര്യവും സംസ്‌കാരവുമെല്ലാം ഉപേക്ഷിച്ചുകൊള്ളണമെന്ന വാശി.
ആരോപണങ്ങളെയും വെല്ലുവിളികളെയും ധീരമായി തന്നെ ഖത്തർ എന്ന കൊച്ചുരാജ്യം നേരിട്ടു. വിമർശകരെ വാ പിളർന്നുപോകും വിധം അമ്പരപ്പിച്ചുകൊണ്ടാണ് അവർ ലോക ഫുട്‌ബോൾ മാമാങ്കം ഏറ്റവും മികച്ച നിലയിൽ സംഘടിപ്പിച്ചത്. എവിടെയും ഒരു പിഴവിന് അവസരം നൽകാതെ, കളി കാണാൻ വരുന്ന ആരാധകർക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും നേരിടേണ്ടിവരാത്ത വിധം, അക്രമങ്ങളോ അറസ്റ്റോ പരിധിവിട്ട ആഘോഷ പ്രകടനങ്ങളോ ഒന്നുമില്ലാതെ അതേസമയം ഫുട്‌ബോളിന്റെ വാശിയെയും വശ്യതയെയും അതിന്റെ പാരമ്യത്തിലെത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട്. 
അട്ടിമറികൾ, വാശിയേറിയ മത്സരങ്ങൾ, പുതിയ ഫുട്‌ബോൾ ശക്തികളുടെ കടന്നുവരവ്, പുത്തൻ താരോദയങ്ങൾ, ഗോളുകളുടെ കാര്യത്തിലെ റെക്കോഡ്, എല്ലാറ്റിനുമൊടുവിൽ ത്രസിപ്പിക്കുന്നൊരു ഫൈനലും... ലോകകപ്പ് ഇത്രയേറെ വിജയിക്കുമെന്ന് ഒരുവേള ഖത്തർ പോലും കരുതിയിട്ടുണ്ടാവില്ല. 
ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് എന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ തന്നെ പറഞ്ഞു. വിമർശകരെ നേരിടുന്നതിൽ ഖത്തറിന് ഫിഫ നൽകിയ പിന്തുണ എടുത്തു പറയേണ്ടതാണ്.
200 ബില്യണിലേറെ ഡോളർ മുടക്കി ഖത്തർ നടത്തിയ ഫുട്‌ബോൾ മാമാങ്കം എല്ലാ അർഥത്തിലും വിജയവും ആരാധകർക്ക് വിരുന്നുമായിരുന്നു. അത്യാധുനികവും എന്നാൽ ശിൽപ ഭംഗി തുളുമ്പുന്നതുമായിരുന്നു ലോകകപ്പിനായി ഖത്തർ ഒരുക്കിയ എട്ട് സ്റ്റേഡിയങ്ങളും. കളി കാണാൻ ആരാധകർക്ക് സൗജന്യ മെട്രോ, ബസ് സർവീസുകൾ. 
എവിടെയും വളണ്ടിയർമാരുടെ സേവനം. 20 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള രാജ്യത്ത് 35 ലക്ഷത്തോളം പേരാണ് സ്റ്റേഡിയങ്ങളിൽ കളി കണ്ടത്. ആരാധകർ ഉപേക്ഷിച്ച ലോകകപ്പ് എന്ന് പാശ്ചാത്യ മാധ്യമങ്ങൾ വിളിച്ചുകൂവിയിട്ടും. ഓരോ കളിക്കും ശരാശരി 94 ശതമാനത്തിലേറെ ഇരിപ്പിടങ്ങൾ നിറഞ്ഞു.
ലോകകപ്പ് തുടങ്ങിയ ശേഷവും ആക്ഷേപങ്ങൾക്കു കുറവുണ്ടായില്ല. ജർമൻ ടീമിന്റെ വായ്‌പൊത്തിക്കളി... മാധ്യമങ്ങളുടെ വ്യാജ വാർത്തകൾ അങ്ങനെ തുടർന്നു. ലോകകപ്പ് തീരും മുമ്പു തന്നെ ഒരു വേദിയായ 974 സ്റ്റേഡിയം പൊളിച്ചുതുടങ്ങി എന്നു പോലും വാർത്ത വന്നു. ഏറ്റവുമൊടുവിലാണ് ബിഷ്തിന്റെ പേരിൽ ഉയർത്തിയ ആക്ഷേപങ്ങൾ.
എന്നാൽ ഈ കുപ്രചാരണങ്ങൾക്കിടയിലും യാഥാർഥ്യം മനസ്സിലാക്കുന്നവരുടെ എണ്ണവും കൂടിയെന്നതിൽ ഖത്തറിന് സന്തോഷിക്കാം. ആരാധകരുടെ അഴിഞ്ഞാട്ടങ്ങളില്ലാതെ വെടിപ്പായി ലോകകപ്പ് സംഘടിപ്പിച്ചതിന് ഖത്തറിനെ പ്രശംസിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ. ലോകകപ്പുകൾ ഇനിയും മധ്യപൂർവ ദേശത്ത് നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തറിന്റെ ലോകകപ്പ് സംഘാടനം പഠിക്കുമെന്നാണ് 2030 ലെ ലോകകപ്പിനായി ശ്രമിക്കുന്ന ഇംഗ്ലണ്ടിന്റെ ബിഡ്ഡിംഗ് സമിതിയും പറയുന്നത്.
ലോകകപ്പ് നേടിയത് അർജന്റീനയാണെങ്കിലും തല ഉയർത്തി നിൽക്കുന്നത് ഖത്തർ കൂടിയാണ്. ലോകത്തിനു മുന്നിൽ ഈ കൊച്ചു രാജ്യത്തെ തിളങ്ങുന്ന വർണങ്ങളാൽ അടയാളപ്പെടുത്താൻ അവർക്ക് കഴിഞ്ഞു. സംഘടിത കുപ്രചാരകരെ മാറ്റിനിർത്തിയാൽ കോടിക്കണക്കിന് ഫുട്‌ബോൾ ആരാധകരുടെ മനസ്സിൽ ലോകകപ്പിലൂടെ ഖത്തർ ഇടമുറപ്പിച്ചു. ലോക ഫുട്‌ബോളിന്റെ വളർച്ചക്കും ഇത്രയേറെ സംഭാവന നൽകിയ മറ്റൊരു ലോകകപ്പ് ഉണ്ടാവില്ല. 
മൊറോക്കോയും ജപ്പാനും തെക്കൻ കൊറിയയും സൗദി അറേബ്യയും കാമറൂണും തുനീഷ്യയുമെല്ലാം നേടിയ വിജയങ്ങൾ ഫുട്‌ബോളിനെ കൂടുതൽ കൂടുതൽ ജനഹൃദയങ്ങളിലെത്തിച്ചു. ഖത്തറിന്റെ കൈയൊപ്പ് പതിഞ്ഞ ലോകകപ്പാണിത്. ആ ആഹ്ലാദം മെസ്സിയുടെ ചുമലിലേക്ക് പകരാൻ എന്തുകൊണ്ടും അവർക്ക് അവകാശമുണ്ട്. 

Latest News