ന്യൂദല്‍ഹി- ഭര്‍ത്താവ് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വിചാരണ തുടരണമെന്നും ഭര്‍ത്താവ് ബലാത്സംഗം ചെയ്യുന്നത് കുറ്റകരമല്ലെന്ന വാദം തള്ളണമെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
നിയമത്തിലെ ഒരു വകുപ്പ് ഒഴിവാക്കണമോയെന്ന തര്‍ക്കം രൂക്ഷമായിരിക്കെയാണ് നിയമവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളും സംസ്ഥാന ഹൈക്കോടതി പരിഗണിച്ചിരുന്നുവെന്നും എതിര്‍വാദങ്ങള്‍ തള്ളണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി തള്ളണമെന്നും വൈവാഹിക ബലാത്സംഗത്തില്‍ പ്രതിയായ ഭര്‍ത്താവിന്റെ വിചാരണയെ പിന്തുണക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
എതിര്‍ ഹരജയില്‍ ചൂണ്ടിക്കാണിക്കുന്ന നിയമപരമായ എല്ലാ ചോദ്യങ്ങളും കര്‍ണാടക ഹൈക്കോടതി പരിഗണിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കുറ്റം നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്നത് വിചാരണയുടെ വിഷയമാണെന്നും പ്രതിയെ ഈ ഘട്ടത്തില്‍ ഒഴിവാക്കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ബലാത്സംഗം, ഭാര്യയുമായുള്ള പ്രകൃതിവിരുദ്ധ ലൈംഗികത എന്നീ ആരോപണങ്ങളില്‍ നിന്ന് ഭര്‍ത്താവിനെ ഒഴിവാക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 (നിയമത്തിന് മുന്നില്‍ തുല്യത) വിരുദ്ധമാണെന്ന് മാര്‍ച്ച് 23 ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഭാര്യയെ ബലാത്സംഗം ചെയ്തു,  പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു, മകളെ ലൈംഗികമായി പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളില്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു.
ഭര്‍ത്താവ് ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുന്നത് സ്ത്രീയുടെ മാനസികാവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.  വിവാഹ ദിവസം മുതല്‍ താന്‍ ഭര്‍ത്താവിന്റെ ലൈംഗിക അടിമയായി മാറിയെന്നാണ് ഭര്‍ത്താവിനെതിരെ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കും സ്വന്തം മകളെ ലൈംഗികമായി ഉപദ്രവിച്ചതിനും പരാതി നല്‍കിയ  ഭാര്യ പരാതിയില്‍ പറഞ്ഞിരുന്നത്.

	
	
                                    
                                    
                                    




