മലബാറിലേക്ക് ഒറ്റ സ്‌പെഷ്യല്‍  ട്രെയിനുമില്ലാത്ത ക്രിസ്തുമസ് കാലം 

കോഴിക്കോട്-ഈ വര്‍ഷത്തെ ഓണക്കാലം പോലെ ക്രിസ്തുമസ് അവധിക്കാലത്തും കാസര്‍കോട് മുതല്‍ പാലക്കാട് വരെ മലബാര്‍ പ്രദേശത്തേക്ക് ഇന്ത്യയിലെ നഗരങ്ങളില്‍ നിന്ന് പ്രത്യേക ട്രെയിനുകളില്ല. എന്നാല്‍ കൊച്ചി-തിരുവനന്തപുരം മേഖലയിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. ഏറ്റവും രസകരമായ കാര്യം ആദ്യം അനുവദിച്ച ക്രിസ്തുമസ് സ്‌പെഷ്യല്‍ ട്രെയിന്‍ തമിഴകത്തെ വേളാങ്കണ്ണിയില്‍ നിന്ന് എറണാകുളത്തേക്കും. ലക്ഷക്കണക്കിന് മലയാളികള്‍ വേളാങ്കണ്ണിയില്‍ കേരളത്തിലെത്താന്‍ വിഷമിച്ച് കാത്തു നില്‍ക്കുകയാണെന്ന ധാരണയിലാണ് ഇത് അനുവദിച്ചത്. ധാരാളം മലയാളികള്‍ യാത്ര ചെയ്യുന്ന സീസണില്‍ തെക്കന്‍ കേരളത്തിലേക്കും ബംഗളുരു,  ദല്‍ഹി എന്നീ പ്രധാന നഗരങ്ങളില്‍ നിന്ന് ട്രെയിനുകള്‍ അനുവദിച്ചിട്ടില്ല. മുംബൈയ്ക്ക് അനുവദിച്ച ഏക ട്രെയിന്‍ ജയന്തിജനത റൂട്ടില്‍ കോയമ്പത്തൂര്‍ വഴി പോകും. പണ്ടൊക്കെ ചെന്നൈ-മംഗലാപുരം, തിരുവനന്തപുരം-മംഗലാപുരം റൂട്ടുകളില്‍ എല്ലാ ആഘോഷ വേളകളിലും പ്രത്യേക തീവണ്ടികള്‍ അനുവദിക്കാറുണ്ടായിരുന്നു. മലബാര്‍ പ്രദേശമൊഴികെ മറ്റെല്ലായിടത്തും പരിഗണന ലഭിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് കൊങ്കണ്‍ പാതയിലൂടെ മംഗളുരുവിലെത്താന്‍ അഡീഷണല്‍ ട്രെയിനുണ്ട്. ഗോവക്കാര്‍ക്കും അനുഗ്രഹമായി. കൊല്ലം, എറണാകുളം, കൊച്ചുവേളി എന്നിവിടങ്ങളില്‍ നിന്ന് ചെന്നൈക്കടുത്ത താംബരത്തേക്കും ചെന്നൈ എഗ്മൂറിലേക്കും സ്‌പെഷ്യല്‍ ട്രെയിനുകളുണ്ട്. വടക്കന്‍ കേരളത്തിലെ കുട്ടികള്‍ (കോപ്പിയടിക്കാതെ ജയിച്ച) ഇന്ത്യയിലെ എല്ലാ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്നു. ദല്‍ഹി, ഭോപാല്‍ എയിംസുകളിലും കാണ്‍പൂര്‍, ഖരഗ്പുര്‍, ചെന്നൈ ഐഐടികളിലും ഐഐഎമ്മുകളിലും ബംഗളുരു-ഹൈദരാബാദ്, ദല്‍ഹി നഗരങ്ങളിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും മലപ്പുറത്തേയും കണ്ണൂര്‍ കോഴിക്കോട് ജില്ലകളിലേയും പുതിയ തലമുറ പഠിക്കാനെത്തുന്ന കാലമാണിത്. ക്രിസ്തുമസ്-ന്യൂഇയര്‍ കാലത്ത് കുട്ടികള്‍ക്ക് കുടുംബത്തിനൊപ്പം ചേരാന്‍ പ്രയാസമായി. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ജോലി ചെയ്യുന്ന മറുനാടന്‍ മലയാളികളില്‍ പലരും വര്‍ഷത്തിലൊരിക്കല്‍ നാട്ടിലെത്തുന്നവരാണ്. സ്‌പെഷ്യല്‍ ട്രെയിനില്ലാത്തത് അവരേയും ബുദ്ധിമുട്ടിക്കുന്നു. തെക്കന്‍ കേരളത്തിലേക്ക് റെയില്‍വേയുടെ ഔദാര്യം കൊണ്ട് ലഭിച്ചതൊന്നുമല്ല സ്‌പെഷ്യല്‍ ട്രെയിനുകള്‍. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തോല്‍പിക്കാന്‍ ഉത്സാഹിച്ച ഒരു ജനപ്രതിനിധിയാണ് തലസ്ഥാന നഗരിയിലെ എം.പി. വിശ്വപൗരനെന്നൊക്കെയാണ് വിശേഷണമെങ്കിലും മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാന്‍ തിരക്കിനിടയിലും അദ്ദേഹം സമയം കണ്ടെത്തുന്നു. ചൊവ്വാഴ്ച വരെ നമുക്കാകെ വേളാങ്കണ്ണി-എറണാകുളം ട്രെയിനേ ഉണ്ടായിരുന്നുള്ളു. 
ശശി തരൂര്‍ നിവേദനം സമര്‍പ്പിക്കാനോ, പത്രം ഓഫീസില്‍ ചെന്ന് പ്രസ്താവന തള്ളാനോ മിനക്കെട്ടില്ല. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ആയുധം ട്വിറ്ററാണല്ലോ. അദ്ദേഹം റെയില്‍വേ മന്ത്രി അശ്വിന്‍ വൈഷ്ണവിനെ ടാഗ് ചെയ്ത് ഇക്കാര്യമെടുത്തിട്ട് ട്വീറ്റ് ചെയ്തു. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന ധാരാളം മലയാളികളും പഠിക്കുന്ന വിദ്യാര്‍ഥികളും സ്‌പെഷ്യല്‍ ട്രെയിനില്ലാതെ പ്രയാസപ്പെടുമെന്നായിരുന്നു ട്വീറ്റ്. ഇതു കണ്ട അശ്വിന്‍ വൈഷ്ണവ് ഉണര്‍ന്നു. ചെന്നൈയിലെ സതേണ്‍ റെയില്‍വേ ആസ്ഥാനത്തെ ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും എന്തെങ്കിലും ചെയ്യണമെന്നായി. അങ്ങിനെയാണ് സതേണ്‍ റെയില്‍വേ പതിനേഴ് ട്രെയിനുകള്‍ തെക്കന്‍ കേരളത്തിലേക്ക് അനുവദിച്ചത്. ഇന്നു മുതല്‍ ജനുവരി 2 വരെയാണ് ഇവയുടെ സര്‍വീസുകള്‍. ഇതൊക്കെ കാണുമ്പോള്‍  മലബാറിലെ എം.പിമാരെ എടുത്ത് എന്തോ ചെയ്യാന്‍ സാധാരണക്കാര്‍ക്ക്  തോന്നിയാല്‍ അവരെ കുറ്റം പറയാനാവില്ല. 
 

Latest News