തുറൈഫ്- തുററൈഫില്‍നിന്ന് ഉംറക്ക് പോകുന്നവര്‍ക്കായി സൗകര്യമൊരുക്കാന്‍ വര്‍ഷങ്ങളായി ഒരു ട്രാവല്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. മറ്റൊരു ട്രാവല്‍സ് കൂടി കഴിഞ്ഞയാഴ്ച ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ ടിക്കറ്റ് ചാര്‍ജ്ജിന്റെ കാര്യത്തില്‍ മത്സരമായി.
ഇത്രയും കാലം ഒരു ടിക്കറ്റിന് 250 റിയാലാണ് ഈടാക്കിയിരുന്നത്. പുതിയ ട്രാവല്‍സുകാര്‍ ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 100 റിയാല്‍ മാത്രമാണ് ഈടാക്കുന്നത്. ഇത് കാരണം വൈകാതെ തന്നെ രണ്ട് ട്രാവല്‍സും 100 റിയാല്‍ നിരക്ക് നിശ്ചയിച്ചു. ഉംറക്ക് പോകുന്ന സാധാരണക്കാരായ ആളുകള്‍ക്ക് ഇത് വലിയ ആശ്വാസമായി.
തുറൈഫില്‍ നിന്നും മക്കയിലേക്ക് 1700 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. തുറൈഫ്, ഖുറായത്ത്, ത്വബര്‍ജല്‍, അബൂ അജ്‌റം, തൈമ, ഖൈബര്‍, മദീന റൂട്ടിലാണ് ട്രിപ്പുകള്‍. കാലത്ത് അഞ്ച് മണിക്ക് പുറപ്പെടുന്ന ബസ് പിറ്റേ ദിവസം പ്രഭാതത്തിലാണ് മക്കയില്‍ എത്തുക. ഒരു പകല്‍ മക്കയില്‍ കഴിഞ്ഞ് മദീന പള്ളി സന്ദര്‍ശിച്ചു മടങ്ങുകയും ചെയ്യുന്നു. ആഴ്ചയില്‍ രണ്ട് ട്രാവല്‍സില്‍ നിന്നുമായി ഇപ്പോള്‍ അഞ്ച് ട്രിപ്പുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. വിസിറ്റിങ് വിസക്ക് വന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി യാത്രക്കാരാണ് ഉംറക്ക് പോകുന്നത്.