കോഴിക്കോട്ട് ഛര്‍ദിച്ച് അവശയായ പെണ്‍കുട്ടി മരിച്ചു; കാരണം കുഴിമന്തിയെന്ന് മാതാപിതാക്കള്‍

കോഴിക്കോട്- ഛര്‍ദിച്ച് അവശയായി ചികിത്സയിലായിരുന്ന ഒന്‍പതുവയസുകാരി മരിച്ചു. തെലങ്കാന സ്വദേശി ജെയിന്‍ സിംഗിന്റെ മകള്‍ ഖ്യാതി സിംഗ് ആണ് മരിച്ചത്.
കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് മകള്‍ക്ക് ഛര്‍ദി ഉണ്ടായതെന്ന് കാണിച്ച് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്‍ ഐ ടി ജീവനക്കാരനാണ് ജെയിന്‍ സിംഗ്.

കുന്ദമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഈ മാസം പതിനേഴിന് കട്ടാങ്ങലിലെ ഫാസ്റ്റ് ഫുഡ് കടയില്‍ നിന്ന് കുട്ടിയും മാതാപിതാക്കളും കുഴിമന്തി കഴിച്ചിരുന്നു. തുടര്‍ന്നാണ് ഛര്‍ദി തുടങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.
ഛര്‍ദിച്ച് തളര്‍ന്ന കുട്ടിയെ മാതാപിതാക്കള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് കുട്ടി മരിച്ചത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ വിഷാംശം എത്തിയതിന്റെ ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. നാല് മാസം മുമ്പാണ് ജെയിന്‍ സിംഗ് കോഴിക്കോട്ടെത്തിയത്.

 

Latest News