മക്ക - ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് അനുഗ്രഹമായി ഹജ്, ഉംറ കര്‍മങ്ങളെ കുറിച്ച വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ബോധവല്‍ക്കരണ സിനിമ ഹജ്, ഉംറ മന്ത്രാലയം പുറത്തിറക്കി. ജീവിതയാത്ര എന്ന പേരില്‍ ഒമ്പതു ഭാഷകളില്‍ പുറത്തിറക്കിയ സിനിമ 144 സൗദിയ വിമാനങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ജിദ്ദയില്‍ പ്രിന്‍സ് സുല്‍ത്താന്‍ ഏവിയേഷന്‍ അക്കാദമി ആസ്ഥാനത്തു വെച്ച് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ആണ് സിനിമ ഉദ്ഘാടനം ചെയ്തത്. ലോക രാജ്യങ്ങളില്‍ നിന്ന് ഹജും ഉംറയും നിര്‍വഹിക്കാന്‍ പുണ്യഭൂമിയിലേക്ക് വരുന്ന തീര്‍ഥാടകരെ ബോധവല്‍ക്കരിക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് ഔഖാഫുമായും സൗദിയയുമായുള്ള ഫലപ്രദവും തന്ത്രപരവുമായ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഹജ്, ഉംറ മന്ത്രാലയം ബോധവല്‍ക്കരണ സിനിമ പുറത്തിറക്കിയത്. സിനിമ ഒമ്പതു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മക്കയിലെയും മദീനയിലെയും മറ്റും പതിനാലിലേറെ കേന്ദ്രങ്ങളില്‍ വെച്ച് ചിത്രീകരിച്ച സിനിമയില്‍ 800 ലേറെ പ്രധാന നടന്മാരും സഹനടന്മാരും പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
അനായാസമായും ശാന്തമായും തീര്‍ഥാടന കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ തീര്‍ഥാടകര്‍ കടന്നുപോകുന്ന എല്ലാ ഘട്ടങ്ങളും ഉള്‍ക്കൊള്ളുന്ന നിലക്ക്, തീര്‍ഥാടകര്‍ക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും വിശദാംശങ്ങളും ലളിതവും രസകരവുമായ രീതിയില്‍ സിനിമ കൈകാര്യം ചെയ്യുന്നു. സൗദിയ വിമാനങ്ങളിലെ എന്റര്‍ടൈന്‍മെന്റ് ഉള്ളടക്കത്തില്‍ സിനിമ ഉള്‍പ്പെടുത്തും. നിലവില്‍ സൗദിയ വിമാനങ്ങളില്‍ 5,000 ലേറെ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിനോദ ഉള്ളടക്കങ്ങളുണ്ട്.
ഹജ്, ഉംറ ചാനല്‍ വഴി സൗദിയ വിമാനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയില്‍, എയര്‍പോര്‍ട്ടുകള്‍, ഹറമൈന്‍ റെയില്‍വെ സ്റ്റേഷനുകള്‍, പുണ്യസ്ഥലങ്ങള്‍, വിശുദ്ധ ഹറം, മസ്ജിദുന്നബവി, ഇരു ഹറമുകളുടെയും മുറ്റങ്ങള്‍ എന്നിവിടങ്ങളില്‍ പാലിക്കേണ്ട അഭിലഷണീയമായ പെരുമാറ്റങ്ങളെ കുറിച്ചുള്ള ബോധവല്ക്കരണങ്ങളും നിര്‍ദേശങ്ങളും അടങ്ങിയിരിക്കുന്നതായി ഹജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ മീഡിയ ആന്റ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവിയും ബോധവല്‍ക്കരണ വിഭാഗം മേധാവിയുമായ തുര്‍ക്കി അല്‍ഖലഫ് പറഞ്ഞു.
Pilgrims’ journey #To_Makkah will always be in their memories because it is the “Journey of a Lifetime.”#Makkah_and_Madinah_Eagerly_Await_You pic.twitter.com/ySHAcES5mC
— Ministry of Hajj and Umrah (@MoHU_En) December 21, 2022






