സൗദിയില്‍നിന്ന് വിസിറ്റ് വിസ പുതുക്കാന്‍ പോകുന്നവര്‍ക്ക് ആശ്വാസം

റിയാദ് - സൗദി, ജോര്‍ദാന്‍ അതിര്‍ത്തി അടച്ചെന്ന നിലയില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. സൗദി, ജോര്‍ദാന്‍ അതിര്‍ത്തി അടച്ചെന്നും ജോര്‍ദാനിലേക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കുന്ന വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ജോര്‍ദാനില്‍ പ്രകടനങ്ങള്‍ നടക്കുകയും ഇതിനിടെ സംഘര്‍ഷങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു.
സംഘര്‍ഷങ്ങളില്‍ കേണല്‍ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിക്കുകയും മൂന്നു പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പിന്നീട് നടത്തിയ റെയ്ഡിനിടെയുണ്ടായ വെടിവെപ്പില്‍ മുഖ്യപ്രതിയും മൂന്നു സുരക്ഷാ സൈനികരും കൊല്ലപ്പെട്ടിരുന്നു.
മൂന്ന് മാസ കാലാവധി പൂര്‍ത്തിയായ വിസിറ്റ് വിസക്കാര്‍ ജിദ്ദയടക്കമുള്ള സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന്  ജോര്‍ദാനിലേക്ക് പോയ ശേഷമാണ് വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നത്. ഇതിനായി ബസ് യാത്രക്ക് ഏര്‍പ്പെടുത്തിയ പാക്കേജുകള്‍ ധാരാളം പേരാണ് ആശ്രയിക്കുന്നത്.

 

Latest News