കേന്ദ്ര മന്ത്രി വി.മുരളീധരനെ പുകഴ്ത്തിയ വഹാബില്‍നിന്ന് മുസ്ലിം ലീഗ് വിശദീകരണം തേടും

കോഴിക്കോട്- രാജ്യസഭയില്‍കേന്ദ്രമന്ത്രി വി.മുരളീധരനെ പുകഴ്ത്തിയ സംഭവത്തില്‍ രാജ്യസഭാംഗമായ പി.വി.അബ്ദുല്‍ വഹാബിനോട് വിശദീകരണം തേടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. രാജ്യസഭയില്‍ നടത്തിയ പരാമര്‍ശത്തോട് പാര്‍ട്ടി യോജിക്കുന്നില്ല. ഏതു സാഹചര്യത്തിലായിരുന്നു പരാമര്‍ശം എന്നതു സംബന്ധിച്ചു വിശദീകരണം തേടുമെന്ന് അദ്ദേഹം അറിയിച്ചു.
വി.മുരളീധരന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ദല്‍ഹിയില്‍ അദ്ദേഹം കേരളത്തിന്റെ അംബാസഡറാണെന്നുമാണ് രാജ്യസഭയില്‍ വഹാബ് പറഞ്ഞിരുന്നത്.  കേരളത്തില്‍ എത്തിയാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സംസാരിക്കുന്ന മുരളീധരന്റെ വിമര്‍ശനങ്ങളില്‍ വാസ്തവമുണ്ടെന്നും വഹാബ് പറഞ്ഞിരുന്നു.
ലീഗിനെതിരെ ബി.ജെ.പി  നിലപാട് കടുപ്പിക്കുമ്പോള്‍ പാര്‍ട്ടി എം.പി കേന്ദ്രമന്ത്രി വി.മുരളീധരനെ പ്രശംസിച്ചതാണ് വിവാദമായത്.
അടുത്തിടെ മുസ്‌ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ  സിപിഎം നിലപാടിനെ വി.മുരളീധരന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

 

Latest News