ഈ സംഭവങ്ങളെല്ലാം നടക്കുമ്പോൾ കേരളത്തിലെ സാംസ്കാരിക ലോകം ഏറെക്കുറെ നിശ്ശബ്ദമാണെന്നതാണ് ഏറ്റവും ഖേദകരം. അതിനുള്ള കാരണം വ്യക്തമാണ്. 12 വയസ്സു മുതൽ എസ്.എഫ്.ഐക്കു വേണ്ടി കൂവൽ കേട്ടവനാണ് താൻ എന്ന രഞ്ജിത്തിന്റെ പ്രഖ്യാപനത്തിൽ എല്ലാമുണ്ട്. നമ്മുടെ സാംസ്കാരിക നായകരും ബുദ്ധിജീവികളുമെല്ലാം തങ്ങളുടെ ചിന്താശക്തി ഭരണകൂടത്തിനു പണയം വെച്ചിരിക്കുന്നു എന്നതാണ് വാസ്തവം.
സാംസ്കാരിക രംഗത്തു നിന്നും വളരെ മോശപ്പെട്ട വാർത്തകളാണ് ഇപ്പോൾ കേരളത്തിൽ കേൾക്കുന്നത്. ആ വാർത്തകളിലെ പ്രധാന കഥാപാത്രങ്ങളാകട്ടെ, മലയാളികൾ പൊതുവിൽ ഏറെ ബഹുമാനിക്കുന്ന സിനിമ സംവിധായകരായ രഞ്ജിത്തും അടൂർ ഗോപാലകൃഷ്ണനും. വിവാദങ്ങൾ ആരംഭിച്ച് ഏറെ ദിവസമായിട്ടും ഇടപെടാൻ സാംസ്കാരിക വകുപ്പ് മന്ത്രി തയാറാകുന്നില്ല എന്നതാണ് ഏറെ ഖേദകരം.
കേരളത്തിന്റെ അഭിമാനമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന, ഐ.എഫ്.എഫ്.കെ എന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവവുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ ചില പ്രസ്താവനകൾ സൃഷ്ടിച്ച കോലാഹലങ്ങൾ അവസാനിച്ചിട്ടില്ല. ചലച്ചിത്രോത്സവത്തിൽ, താൽപര്യമുള്ള ചിത്രങ്ങൾക്ക് ഏറെ പണിപ്പെട്ട് സീറ്റുകൾ ബുക്ക് ചെയ്ത് സമയത്ത് തിയേറ്ററുകളിലെത്തിയ പല ഡെലിഗേറ്റുകൾക്കും പ്രവേശനം ലഭിക്കാത്തതിനെ തുടർന്നുണ്ടായ തർക്കങ്ങളെത്തുടർന്നാണ് വളരെ മോശപ്പെട്ട പരാമർശങ്ങൾ രഞ്ജിത്തിൽ നിന്നുണ്ടായത്. ബുക്ക് ചെയ്യേണ്ട സമയത്ത് ഉറങ്ങിയാൽ സീറ്റ് ലഭിക്കില്ല, തോളിൽ സഞ്ചിയിട്ടു നടന്നാൽ സിനിമ കാണാനാകില്ല, ഭാഗ്യവാന്മാർക്ക് കാണാനുള്ളതാണ് സിനിമ എന്നിങ്ങനെ പോയി അദ്ദേഹത്തിന്റെ വാക്കുകൾ. മാത്രമല്ല, പല സിനിമകൾക്കും റിസർവ് ചെയ്ത് സിനിമ കാണാൻ കഴിയാത്തവരാണ് പ്രതിഷേധിച്ചതെന്നതു മറച്ചുവെച്ച,് മമ്മൂട്ടി അഭിനയിക്കുന്ന ലിജോ ജോസ് പല്ലിശ്ശേരിയുടെ സിനിമ കാണാൻ കഴിയാത്തവരാണ് പ്രശ്നമുണ്ടാക്കിയതെന്ന് അദ്ദേഹം വളച്ചൊടിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ചവരെ പോലീസിനെ വിളിച്ച് അറസ്റ്റ് ചെയ്യിപ്പിച്ച് കലാപ ശ്രമത്തിനു കേസെടുക്കുകയും ചെയ്തു. അതിൽ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരേയും വളരെ മോശപ്പെട്ട രീതിയിലായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.
സ്വാഭാവികമായും ഇതിനെതിരെ ചലച്ചിത്രമേളയുടെ സമാപന വേദിയിൽ പ്രതിഷേധമുയർന്നു. രഞ്ജിത്ത് പ്രസംഗിക്കാൻ വന്നപ്പോൾ ചില ഡെലിഗേറ്റുകൾ കൂവി പ്രതിഷേധിച്ചു. കൂവിയുള്ള പ്രതിഷേധം ഒരു നാട്ടുനടപ്പു രീതിയാണ്. അതിനു കാരണമായ വിഷയത്തോട് വിനയത്തോടെ പ്രതികരിക്കുകയാണ് ഉത്തരവാദിത്തമുള്ളവർ ചെയ്യേണ്ടത്. ഇവിടെ ഉയർന്നു വന്ന പ്രശ്നങ്ങൾ പരിശോധിക്കുമെന്നും ഇനിയും ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും രഞ്ജിത് പറയുമെന്നാണ് അവിടെയുണ്ടായിരുന്ന എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ സംഭവിച്ചത് അതായിരുന്നില്ല. താനിരിക്കുന്ന പദവിയുടെ പ്രാധാന്യം പോലും തിരിച്ചറിയാതെ, താനിരിക്കുന്ന വേദിയിലുണ്ടായിരുന്നവരെ പോലും പരിഗണിക്കാതെ 12 വയസ്സു മുതൽ, എസ്.എഫ്. ഐ കാലം മുതൽ താനീ കൂവൽ കേൾക്കുകയാണെന്നും ഇതിനെ വെറും അപശബ്ദമായേ കാണുന്നുള്ളൂ എന്നും അങ്ങനെയൊന്നും തന്നെ കൂവിത്തോൽപിക്കാനാവില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞില്ല, പിറ്റേന്ന് മാധ്യമങ്ങളോട് പ്രതികരിക്കവേ, വയനാട്ടിലുള്ള സ്വന്തം വീട്ടിൽ ഇടക്കു പോകുമ്പോൾ, താനാണ് ഉടമയെന്നു തിരിച്ചറിയാതെ നായ കുരക്കുന്നതു പോലെയാണ് ഈ കൂവലുകൾ എന്നും അദ്ദേഹം ഉപമിച്ചു.
ഒരിക്കലും ആ പദിവിയിലിരിക്കുന്നവർ പറയേണ്ട വാക്കുകളല്ല ഇത്. വാസ്തവത്തിൽ അക്കാദമി ചെയർമാനാകാൻ ഉചിതനായ വ്യക്തിയാണോ എന്നതു തന്നെയാണ് പരിശോധിക്കേണ്ടത്. തന്റെ സിനിമകളോടുള്ള പല അഭിപ്രായങ്ങളോടും മുമ്പും ഇദ്ദേഹം പ്രതികരിച്ചിട്ടുള്ളത് ഇതേശൈലിയിലാണ്. വാസ്തവത്തിൽ അദ്ദേഹത്തിന്റെ (കു)പ്രസിദ്ധമായ പല സിനികളിലെയും മാടമ്പി സ്വഭാവത്തോടെയുള്ള കഥാപാത്രങ്ങളെ തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ ഓർമിപ്പിക്കുന്നത്. ആ സവർണ, പൗരുഷ കഥാപാത്രങ്ങളുടെ വായിൽ അദ്ദേഹം വെച്ചുകൊടുത്തിട്ടുള്ള പല ഡയലോഗുകളും ദളിത്, മുസ്ലിം, ന്യൂനപക്ഷ വിരുദ്ധമായിരുന്നു. 'എടോ മംഗലശ്ശേരി മുറ്റത്ത് വന്ന് വസ്തു വിൽക്കുന്നോ എന്ന് ചോദിക്കാനുള്ള ധൈര്യമോ നിനക്ക്? നിന്റെ വാപ്പ അന്ത്രു മാപ്പിള്ള ഈ പടിപ്പുരക്കിപ്പുറം കാല് കുത്തിയിട്ടില്ല... പുഴക്കരപ്പറമ്പിൽ നിന്ന് അയാൾ തേങ്ങ മോഷ്ടിച്ചപ്പോൾ ഈ പുളിയൻ മാവിലാ, ഇവിടുത്തെ പണിക്കാര് പിടിച്ചു കെട്ടി തല്ലിയത്...എടാ നിന്നെയും നിന്റെ വാപ്പയെയും ചുടാനുള്ള പണം നീലകണ്ഠൻ ഈ കൈയിൽ കൂടി പറത്തിയിട്ടുണ്ട്'... എത്രയോ മംഗലശ്ശേരി നീലകണ്ഠൻമാർക്ക് അദ്ദേഹം ജന്മം കൊടുത്തു. ബോംബ് ലഭിക്കുന്നത് കണ്ണൂരിലായിട്ടും അദ്ദേഹത്തിന്റെ സിനിമയിലത് മലപ്പുറത്താണ്. കുട്ടികളെ പ്രസവിക്കാൻ മാത്രമുള്ളവരാണ് രഞ്ജിത്തിന്റെ പല സ്ത്രീകഥാപാത്രങ്ങളും. മലയാളം കണ്ട ഏറ്റവും സ്ത്രീവിരുദ്ധമായ ചിത്രം ഒരുപക്ഷേ ലീല ആയിരിക്കും.
ഇതൊക്കെ സിനിമയല്ലേ, ഭാവനയല്ലേ, യാഥാർഥ്യമല്ലല്ലോ എന്ന് സ്വാഭാവികമായും ചോദിക്കാം. ആയിരിക്കാം. എന്നാലതിലൂടെ മലയാള സിനിമ എത്രയോ കാലത്തേക്ക് പിറകോട്ടു നടക്കുകയായിരുന്നു. ദരിദ്ര, ദളിത്, മുസ്ലിം, സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള എത്രയോ സിനിമകൾ ആദ്യകാലത്ത് മലയാളി കണ്ടിട്ടുണ്ട്. അതിൽ നിന്നു പിറകോട്ടുപോക്കിനുള്ള പല കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് രഞ്ജിത്തിന്റെ ആദ്യകാല സിനിമകൾ. സവർണ പൗരുഷ ബിംബങ്ങളുടെ ആക്രോശങ്ങളായി കുറെ കാലത്തേക്ക് സിനിമ മാറി. സിനിമക്കകത്തു മാത്രമല്ല, പുറത്തും അതു തന്നെയവസ്ഥ. വിരലിലെണ്ണാവുന്ന ചില താരസിംഹങ്ങളുടെ നിയന്ത്രണത്തിലേക്ക് സിനിമ വീഴാൻ ഇതും പ്രധാന കാരണമായി. നടികളവരുടെ അലങ്കാരങ്ങളായി മാറി. ഇതേ സമയത്തു തന്നെ കേരളത്തിന്റെ സാമൂഹ്യ രംഗത്ത് ദളിത് - സ്ത്രീ - മുസ്ലിം വിരുദ്ധത ശക്തമായതും ഒരു കാലത്ത് നാം ആട്ടിയോടിച്ചു എന്നഭിമാനിക്കുന്ന സവർണ മൂല്യങ്ങൾ തിരിച്ചുവരികയും ചെയ്തു. ഇതിലെല്ലാം മുഖ്യ പങ്കാണ് രഞ്ജിത് വഹിച്ചത്. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും താനങ്ങനെ തന്നെയാണെന്ന് വീണ്ടും വീണ്ടും അദ്ദേഹം തെളിയിക്കുകയും ചെയ്യുന്നു. കോഴിക്കോട്ടട് നടന്ന ഫെസ്റ്റിവലിൽ വനിത സംവിധായകരുമായി ഉണ്ടായ വിവാദത്തിലും അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ തന്നെയായിരുന്നല്ലോ.
ചലച്ചിത്ര അക്കാദമി പോലുള്ള ഒരു സ്ഥാപനത്തിന്റെ അധ്യക്ഷനാകാനും ഐ.എഫ്.എഫ്.കെ പോലുള്ള ഒരു വലിയ മേളക്ക് നേതൃത്വം കൊടുക്കാനും എന്തർഹതയാണ് രഞ്ജിത്തിനുള്ളത് എന്ന ചോദ്യം തന്നെയാണ് പ്രസക്തം. അത് മറ്റൊന്നുമല്ല, അദ്ദേഹം പറഞ്ഞപോലെ എസ്.ഫ്.ഐ കാലം മുതൽ കൂവൽ കേൾക്കാൻ തയാറായതു തന്നെ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. രഞ്ജിത്തിനെ കോഴിക്കോട്ട് നിന്ന് മത്സരിപ്പിച്ച് നിയമസഭയിലെത്തിക്കാനായിരുന്നു സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ നീക്കം. എന്നാൽ പ്രാദേശിക നേതാക്കളുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് അതു നടക്കാതിരുന്നത്. തുടർന്നാണ് അദ്ദേഹത്തെ പോലുള്ള ഒരു കൊമേഴ്സ്യൽ സിനിമക്കാരന് ഒരിക്കലും യോജിക്കാത്ത ഈ പദവി നൽകാൻ പാർട്ടിയും സർക്കാരും തീരുമാനിക്കുന്നത്. ലോകമെങ്ങും ഫെസ്റ്റിവൽ വേളകൾ ആഘോഷങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഇടം കൂടിയാണ്. കേരളത്തിലും അങ്ങനെ തന്നെയാണെന്നു പോലും അദ്ദേഹത്തിനറിയില്ല. അദ്ദേഹം ഐ.എഫ്.എഫ്.കെയിൽ ഒരു സ്ഥിരം സാന്നിധ്യം പോലുമായിരുന്നില്ല. ഇനിയെങ്കിലും സംഭവിച്ച തെറ്റു തിരുത്താനാണ് സർക്കാർ തയാറാകേണ്ടത്. മേള നടത്തിപ്പിൽ തെറ്റുകൾ പറ്റിയെന്ന് ചെയർമാൻ സമ്മതിച്ചില്ലെങ്കിലും മന്ത്രി അതു സമ്മതിക്കുകയുണ്ടായി. അപ്പറഞ്ഞത് ആത്മാർത്ഥമാണെങ്കിൽ തെറ്റു തിരുത്താനാണ് മന്ത്രി തയാറാകേണ്ടത്. രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്തിരുത്തിയ തെറ്റു തന്നെയാണ് തിരുത്തേണ്ടത്. അടുത്ത മേളക്കു മുമ്പെങ്കിലും അത്തരമൊരു തീരുമാനമെടുക്കാനാണ് സർക്കാർ തയാറാകേണ്ടത്.
സത്യത്തിൽ സമാനമായ വാക്കുകൾ കേരളം നേരത്തെയും കേട്ടിട്ടുണ്ട്. അതാകട്ടെ, സമാന്തരസിനിമയുടെ വക്താവായ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനിൽ നിന്നാണ്. എല്ലാവർക്കും കാണാനുള്ളതല്ല ഫെസ്റ്റിവലെന്നും എല്ലാവർക്കും പഠിക്കാനുള്ളതല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം പറയുന്നത്. സിനിമ ഒ.ടി.ടിയിലോ മൊബൈലിലോ കാണാനുള്ളതല്ല എന്ന്. സ്വന്തം അഭിപ്രായം അദ്ദേഹത്തിനു പറയാം. എന്നാൽ അത്തരത്തിൽ സിനിമ കാണുന്നവരെ പുഛിക്കുകയും സോഷ്യൽ മീഡിയയിലും മറ്റും സിനിമകളെ വിമർശിച്ച് എഴുതുന്നവരെ സാമൂഹ്യ വിരുദ്ധരെന്നു വിശേഷിപ്പിക്കുകയുമാണ് അടൂർ ചെയ്തത്. അതിന്റെ തുടർച്ചയായി തന്നെ വേണം അദ്ദേഹം ചെയർമാനായിരിക്കുന്ന കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നടക്കുന്ന സംഭവങ്ങളെയും നോക്കിക്കാണാൻ. കെ.ആർ. നാരായണെന്റ പേരിലുള്ള ഇൻസ്റ്റിറ്റിയൂട്ടിൽ ഡയറക്ടർ ശങ്കർ മോഹൻ നടത്തുന്ന ജാതീയ പീഡനങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിട്ട് ഒരുപാട് ദിവസങ്ങളായി. വിദ്യാർത്ഥികൾ സമരമാരംഭിച്ചിട്ടും ദിവസങ്ങളായി. എന്നാൽ സ്ഥാപനത്തിന്റെ ചെയർമാൻ പദവിയിലിരിക്കുന്ന അടൂർ വിഷയമെന്താണെന്നു പോലും മനസ്സിലാക്കാതെ ഡയറക്ടറെ സംരക്ഷിക്കുകയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. വൈകിയാണെങ്കിലും പ്രശ്നമന്വേഷിക്കാൻ മൂന്നംഗ സമിതിയെ സർക്കാർ നിയമിച്ചിട്ടുണ്ട്.
ഈ സംഭവങ്ങളെല്ലാം നടക്കുമ്പോൾ കേരളത്തിലെ സാംസ്കാരിക ലോകം ഏറെക്കുറെ നിശ്ശബ്ദമാണെന്നതാണ് ഏറ്റവും ഖേദകരം. അതിനുള്ള കാരണം വ്യക്തമാണ്. 12 വയസ്സു മുതൽ എസ്.എഫ്.ഐക്കു വേണ്ടി കൂവൽ കേട്ടവനാണ് താൻ എന്ന രഞ്ജിത്തിന്റെ പ്രഖ്യാപനത്തിൽ എല്ലാമുണ്ട്. നമ്മുടെ സാംസ്കാരിക നായകരും ബുദ്ധിജീവികളുമെല്ലാം തങ്ങളുടെ ചിന്താശക്തി ഭരണകൂടത്തിനു പണയം വെച്ചിരിക്കുന്നു എന്നതാണ് വാസ്തവം.






