Sorry, you need to enable JavaScript to visit this website.

33 വര്‍ഷം തുടര്‍ച്ചയായി ദുബായ് റാഫിള്‍ ടിക്കറ്റ് വാങ്ങി, ഒടുവില്‍ ഇന്ത്യക്കാരന് 36 ലക്ഷം ദിര്‍ഹം

ദുബായ്- മൂന്ന് പതിറ്റാണ്ടിലേറെയായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രൊമോഷന്‍ റാഫിള്‍ ടിക്കറ്റ് വാങ്ങുന്ന ഇന്ത്യക്കാരന് ഒടുവില്‍ ഭാഗ്യം തെളിഞ്ഞു. 76 കാരനായ സഫീര്‍ അഹമ്മദിനാണ് ചൊവ്വാഴ്ച പത്ത് ലക്ഷം ഡോളര്‍ (36.7 ലക്ഷം ദിര്‍ഹം) സമ്മാനം. 1989 മുതല്‍ ഇദ്ദേഹം റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങുന്നു.  മൂന്ന് പതിറ്റാണ്ടിലേറെ കഴിഞ്ഞ്  അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം ഒടുവില്‍ സാക്ഷാത്കരിച്ചപ്പോള്‍ പറയാന്‍ വാക്കുകളില്ല.  ഈ പണം തന്നെ ഏറെ മുന്നോട്ടു പോകാന്‍ സഹായിക്കുമെന്ന് 46 വര്‍ഷമായി യു.എ.ഇയിലുള്ള സഫീര്‍ അഹമ്മദ് പറഞ്ഞു. അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനം നടത്തുകയാണ് മൂന്ന് കുട്ടികളുടെ പിതാവായ ഇദ്ദേഹം.  
ദുബായ് ഡ്യൂട്ടി ഫ്രീയുടെ (ഡിഡിഎഫ്) 39ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പില്‍ സഫീര്‍ അഹമ്മദിനെ കൂടാതെ മറ്റൊരു ഇന്ത്യക്കാരനും പത്ത് ലക്ഷം ഡോളര്‍ സമ്മാനം നേടി.
നവംബര്‍ 29ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വാങ്ങിയ 1946 എന്ന ടിക്കറ്റിലാണ്  റോയ്മിറാന്‍ഡ റോളന്റ് കോടീശ്വരനായത്. ഇന്ത്യയിലുള്ള ഇദ്ദേഹവുമായി റാഫിള്‍ സംഘാടകര്‍ക്ക് ബന്ധപ്പടാന്‍ കഴിഞ്ഞിട്ടില്ല.  
1999ല്‍ മില്ലേനിയം മില്യണയര്‍ പ്രമോഷന്‍ ആരംഭിച്ചതിന് ശേഷം ഒരു മില്യണ്‍ ഡോളര്‍ നേടിയ യഥാക്രമം 201ാമത്തെയും 202ാമത്തെയും ഇന്ത്യന്‍ പൗരന്മാരാണ് റോളന്റും അഹമ്മദും. മില്ലേനിയം മില്യണയര്‍ ടിക്കറ്റ് വാങ്ങുന്നവരില്‍ ഇന്ത്യന്‍ പൗരന്മാരാണ് ഏറ്റവും കൂടുതല്‍.

 

Latest News