Sorry, you need to enable JavaScript to visit this website.

കോവിഡ് പിഴ അടച്ചില്ലെങ്കില്‍ കേസ്- സൗദി ആഭ്യന്തരമന്ത്രാലയം

റിയാദ് -കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ വ്യക്തികൾക്ക് മേൽ ചുമത്തിയ പതിനായിരം റിയാൽ 15 ദിവസത്തിനകം അടക്കണമെന്നും ഇല്ലെങ്കിൽ ദീവാനുൽ മദാലിമി(ബോർഡ് ഓഫ് ഗ്രീവൻസ്)ൽ കേസ് ഫയൽ ചെയ്യുമെന്നും നാഷണൽ വയലേഷൻസ് പ്ലാറ്റ്‌ഫോം (ഈഫാ) മുന്നറിയിപ്പ് നൽകി. പതിനായിരം റിയാൽ ഉടൻ അടക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പിഴ ലഭിച്ചവർക്ക് കഴിഞ്ഞ രണ്ട് ദിവസമായി മൊബൈലുകളിൽ സന്ദേശമെത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം മൂന്നുവർഷത്തോളമായി അടക്കാൻ സാധിക്കാത്ത ഈ പിഴ 15 ദിവസം കൊണ്ട് എങ്ങനെ അടച്ചുതീർക്കുമെന്ന് ആശങ്കയിലാണ് പിഴ ലഭിച്ചവർ.
പതിനായിരം റിയാൽ ഫൈൻ ലഭിച്ചവർക്കാണിപ്പോൾ സന്ദേശമെത്തുന്നത്. ആയിരം റിയാൽ ഫൈനുള്ളവർക്ക് ഇതുവരെ എത്തിയിട്ടില്ല. ഈ സന്ദേശം വന്നത് മുതൽ 15 ദിവസത്തിനകം നിശ്ചിത ബിൽ നമ്പർ വഴി പതിനായിരം റിയാൽ അടക്കണമെന്നും ഇത് അന്തിമ മുന്നറിയിപ്പായി ഗണിക്കണമെന്നും സന്ദേശത്തിലുണ്ട്. കോവിഡ് സമയത്ത് മാസ്‌ക് ധരിക്കാതിരിക്കൽ, പെർമിറ്റില്ലാതെ പുറത്തിറങ്ങൽ തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിലാണ് അന്ന് പിഴയിട്ടിരുന്നത്. എന്നാൽ പിഴ സംബന്ധിച്ച് സന്ദേശം അന്ന് തന്നെ വന്നിരുന്നുവെങ്കിലും ഇഖാമ പുതുക്കുന്നതിനോ റീ എൻട്രി, ഫൈനൽ എക്‌സിറ്റിൽ പോകുന്നതിനോ തടസ്സമുണ്ടായിരുന്നില്ല. അത് കാരണം പലരും പിഴ അടച്ചിട്ടുമില്ല. കോവിഡ് വ്യാപനം ഇല്ലാതാവുകയും വ്യവസ്ഥകൾ പിൻവലിക്കുകയും ചെയ്തതോടെ ഈ പിഴ ഒഴിവാക്കുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാൽ അന്തിമ മുന്നറിയിപ്പെത്തിയപ്പോൾ എല്ലാവരും ആശങ്കയിലാണ് 
പിഴ രജിസ്റ്റർ ചെയ്ത ഉടൻ തന്നെ പലരും നേരത്തെ അപ്പീൽ നൽകിയിരുന്നുവെങ്കിലും പിഴ ഒഴിവായിരുന്നില്ല. അതേസമയം പിഴ പിൻവലിച്ച് മാപ്പ് നൽകണമെന്ന് ജവാസാത്തിനോടും ഈഫായോടും പരിഹാരം ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങൾ വഴി പലരും ബന്ധപ്പെടുന്നുണ്ട്.
 

Latest News