ലോകകപ്പ് ആരവമടങ്ങി, മൊയ്തീന്‍ കുട്ടി നാട്ടിലെത്തുന്നതും കാത്ത് ആരാധകര്‍

പട്ടാമ്പി- കാല്‍പ്പന്തുകളിയുടെ ആരവമടങ്ങുമ്പോള്‍ മൊയ്തീന്‍കുട്ടി കൂറ്റനാട്ടെ സൂപ്പര്‍സ്റ്റാര്‍. ഫിഫ ലോകകപ്പില്‍ ഔദ്യോഗിക വളണ്ടിയറായി സേവനം പൂര്‍ത്തിയാക്കിയ ഈ പ്രവാസിയാണ് ഇപ്പോള്‍ നാട്ടിലെ കളിക്കമ്പക്കാരായ കുട്ടികളുടെ റോള്‍ മോഡല്‍. ഫിഫ ലോകകപ്പിന് വളണ്ടിയറായി സേവനം ചെയ്യാന്‍ സന്നദ്ധതയറിയിച്ചു കൊണ്ട രണ്ടര ലക്ഷത്തോളം പേര്‍ അപേക്ഷിച്ചിരുന്നു. അതില്‍ ഇരുപതിനായിരം പേര്‍ക്കാണ് അവസരം ലഭിച്ചത്. അതിലൊരാളാണ് കഴിഞ്ഞ 31 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്തു വരുന്ന മൊയ്തീന്‍കുട്ടി. മൈതാനത്തു നിന്ന് മൊയ്തീന്‍കുട്ടി നവമാധ്യമങ്ങളിലൂടെ പതിവായി അയച്ചു കൊണ്ടിരുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. പ്രതിഫലം ആഗ്രഹിക്കാതെ തനിക്കൊപ്പം ജോലി ചെയ്തിരുന്ന നിരവധി മലയാളി വളണ്ടിയര്‍മാര്‍ ഉണ്ടായിരുന്നുവെന്നും പല പ്രമുഖ കളിക്കാരേയും നേരില്‍ കാണാനായതും പരിചയപ്പെടാന്‍ കഴിഞ്ഞതും അപൂര്‍വ്വ സൗഭാഗ്യമാണ് എന്നും അദ്ദേഹം പറയുന്നു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


മൂന്നു പതിറ്റാണ്ടിലധികമായി ഖത്തറില്‍ കഴിയുന്ന കൂറ്റനാട് മല തെകക്കെത്തു വളപ്പില്‍ മൊയ്തീന്‍കുട്ടി  18 വര്‍ഷമായി ഖത്തര്‍ ഹമീദ് ഹോസ്പിറ്റലിലെ ജീവനക്കാരനാണ്. ഇടനേരങ്ങളിലാണ് വളണ്ടിയറായി വേഷമിട്ടിരുന്നത്. 2015ല്‍ ഖത്തറില്‍ നടന്ന ഹാന്റ് ബോള്‍ വേള്‍ഡ് കപ്പില്‍ വളണ്ടിയറായി എത്തിയതോടെയാണ് ഈ രംഗത്ത് കമ്പം കയറിയത്. പിന്നീട് 2016ല്‍ അല്‍ശബാബ് ഹോഴ്‌സ് റൈസിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ വളണ്ടിയറായി പങ്കെടുത്തു. 2019ല്‍ ഖത്തറില്‍ നടന്ന വേള്‍ഡ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, ബീച്ച് ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലും പങ്കാളിയായി. 2012ലെ ഫിഫ അറബ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വളണ്ടിയറായി പ്രവര്‍ത്തിച്ചതാണ് തനിക്ക് ലോകകപ്പിലേക്കുള്ള വഴി തുറന്നത് എന്നാണ് മൊയ്തീന്‍കുട്ടി കരുതുന്നത്. അടുത്ത കൊല്ലം ഖത്തറില്‍ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2023ന്റെ വളണ്ടിയര്‍ ആവാന്‍ പേര് നല്‍കി കാത്തിരിക്കുകയാണ് ആള്‍ ഇപ്പോള്‍. വലിയ വലിയ മാമാങ്കങ്ങളുടെ വളണ്ടിയറായി പരിശീലനം ലഭിക്കുമ്പോള്‍ ലഭിക്കുന്ന പരിചയം ജീവിതത്തില്‍ ഏറെ ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
നസീമയാണ് മൊയ്തീന്‍കുട്ടിയുടെ ഭാര്യ. ഖത്തറില്‍ ഉള്ള മൂത്ത മകന്‍ അഫ്‌സല്‍ ലോകകപ്പിന്റെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. വിദ്യാര്‍ത്ഥികളായ അഹമ്മദ് അസ്‌ലം, ഫാത്തിമ ഫിദ എന്നിവരാണ് മറ്റു മക്കള്‍. മൊയ്തീന്‍കുട്ടിക്ക് സ്വീകരണം നല്‍കാന്‍ നാട്ടിലെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.

 

Latest News