ഇന്ത്യയില്‍ ഏറ്റവും വെടിപ്പുള്ള പട്ടണം ഇന്‍ഡോര്‍ 

ന്യൂദല്‍ഹി- ഇന്ത്യയില്‍ ഏറ്റവും വെടിപ്പുള്ള പട്ടണത്തിനുള്ള സ്ഥാനം ഇന്‍ഡോര്‍ സ്വന്തമാക്കി. സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ ഭോപ്പാലും ചണ്ഡീഗഢുമാണ് രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്. സ്വഛ്‌സര്‍വേക്ഷണിനു കീഴില്‍ പാര്‍പ്പിട, നഗര വികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ്  സര്‍വേയുടെ ഫലം പ്രഖ്യാപിച്ചത്. വിജയികളെ അദ്ദേഹം അഭിനന്ദിച്ചു.

സ്വഛ് ഭാരത് ദൗത്യത്തിനു കീഴില്‍ 4203 നഗര തദ്ദേശ സ്ഥാപനങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ കണ്ടെത്തിയത്. പാര്‍പ്പിട, നഗരവികസന മന്ത്രാലയമാണ് സ്വഛ് സര്‍വേക്ഷണ്‍ സംഘടിപ്പിച്ചത്. ഈ വര്‍ഷം ജനുവരി നാല് മുതല്‍ മാര്‍ച്ച് 10 വരയായിരുന്നു സര്‍വേ. 2017 ല്‍ സര്‍വേ 434 നഗരങ്ങളില്‍ പരിമിതപ്പെടുത്തിയിരുന്നെങ്കില്‍ ഈ വര്‍ഷം പലമടങ്ങാണ് വര്‍ധിപ്പിച്ചത്. 

മുന്‍സര്‍വേകളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ദൈനംദിന അനുഭവങ്ങളുടെ വെളിച്ചത്തില്‍ പൗരന്മാരുടെ അഭിപ്രായമാണ് മുഖ്യമായും പരിഗണിച്ചത്. നഗരങ്ങളില്‍ കഴിയുന്ന 37.66 ലക്ഷം ആളുകളില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.  
സംസ്ഥാനങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ജാര്‍ഖണ്ഡാണ് മികച്ച സംസ്ഥാനം. മഹാരാഷ്ട്രയും ഛത്തീസ്ഗഢുമാണ് തൊട്ടടുത്തുള്ളത്. സ്വഛ് സര്‍വേക്ഷണില്‍ ഇക്കുറി റെക്കോര്‍ഡ് ആളുകളില്‍നിന്നാണ് അഭിപ്രായം ശേഖരിച്ചത്. 53.58 സ്ഛത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തു. ഈ ആപ്പ് വഴി ആശയവിനിമയം നടത്തിയവരുടെ എണ്ണം 1.18 കോടി വരും. 
10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള വലിയ നഗരങ്ങളില്‍ വെടിപ്പിന്റെ കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് വിജയവാഡയാണ്.
മൂന്ന് ലക്ഷം മുതല്‍ 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ മൈസൂരു ഒന്നാം സ്ഥാനത്തെത്തി.  

Latest News