അവസരങ്ങളൊരുക്കി അറബി ഭാഷ; സർക്കാരുകൾ തിരിച്ചറിയണം

അന്താരാഷ്ട്ര അറബി ഭാഷ ദിനമായിരുന്നു ഇന്നലെ

 

ഇന്ത്യൻ ഭാഷകളിലും സാഹിത്യത്തിലും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിലും നിർണായക പങ്ക് വഹിക്കാൻ കഴിയുന്ന അറബി ഭാഷക്ക് അവസരം നിഷേധിക്കുന്ന പുതിയ  ദേശീയ, സംസ്ഥാന വിദ്യാഭ്യാസ നയത്തിൽ മാറ്റം വരുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്.
         


ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനമായാണ് ഐക്യരാഷ്ട്ര സഭ ആചരിച്ചു പോരുന്നത്. യു.എൻ ഔദ്യോഗിക ഭാഷകളിൽ മൂന്നാം സ്ഥാനത്തുള്ള അറബി ലോകത്ത് 25 രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയും 80 കോടിയിലധികം ജനങ്ങൾ നിത്യവും വായിക്കുകയും  പാരായണം ചെയ്യുകയും 120 കോടി ജനങ്ങൾ കൈകാര്യം ചെയ്യുകയും  ആദരിക്കുകയും ചെയ്യുന്ന ഭാഷയാണ്. 4000 ൽപരം വർഷം പഴക്കമുണ്ടായിട്ടും 150 തലമുറകളിലായി ലക്ഷോപലക്ഷം ജനവിഭാഗങ്ങൾ കൈകാര്യം  ചെയ്തിട്ടും ശുദ്ധിക്കോ തനിമക്കോ മൗലികതക്കോ ലവലേശം പോറലേൽക്കാതെ നിലനിൽക്കുന്നുവെന്നത് അറബി ഭാഷയുടെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ്.
അറബ് രാജ്യമായ ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ മത്സരവുമായി ബന്ധപ്പെട്ടും അറബി ഭാഷ കൂടുതൽ  ചർച്ച ചെയ്യപ്പെട്ടിരിക്കുകയാണ്. ഫുട്‌ബോൾ ഉദ്ഘാടന പ്രസംഗങ്ങളും കമന്ററിയും അടക്കം ഫുട്‌ബോൾ മത്സരങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളിലും അറബി ഭാഷ വ്യപകമായി  ഉപയോഗപ്പെടുത്തിയത് ഭാഷയുടെ സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്.
ഭാഷ സാഹിത്യ രംഗത്തെ നൂതന പ്രവണതകൾ അറബിയെ ഏറെ സമ്പന്നമാക്കിയിരിക്കുന്നു. വിശുദ്ധ ഖുർആനും പ്രവാചക ചര്യകളും മതവിജ്ഞാനങ്ങൾക്കുമപ്പുറം  നോവൽ, കഥ, ചെറുകഥ, നാടകം, കാർട്ടൂൺ, ബാലസാഹിത്യ കൃതികൾ, പ്രസിദ്ധീകരണങ്ങൾ, വനിത മാസികകൾ, വിനോദ മാസികകൾ എന്നിവ അറബി ഭാഷയിൽ വളരെയധികം ലഭ്യമാണ്. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടാകുന്ന മാറ്റങ്ങൾക്കനുസൃതമായി ഭാഷയിലെ സാങ്കേതിക സംജ്ഞകളും പദാവലികളും കണ്ടെത്താൻ അറബ് രാജ്യങ്ങളിൽ   പ്രത്യേകം ലാംഗ്വേജ് അക്കാദമികൾ തന്നെ  പ്രവർത്തിച്ചുവരുന്നുണ്ട്.  മെഡിക്കൽ  ടെക്‌നോളജി മേഖലകളിൽ ഉണ്ടാകുന്ന അതിനൂതന കണ്ടുപിടിത്തങ്ങൾക്കും മാറ്റങ്ങൾക്കും തത്സമയം തന്നെ അറബി ഭാഷയിൽ സമാനമായ പദങ്ങളും സംജ്ഞകളും സൃഷ്ടിക്കപ്പെടുമെന്നത് അറബിയുടെ സവിശേഷതയാണ്.
സമീപകാലത്ത് കേരളത്തിലും ഇന്ത്യയിലെ വിവിധ സർവകലാശാലകളിലും മതപരമായ പരിമിതികളില്ലാതെ അറബി ഭാഷ പഠിക്കാൻ അനേകം ആളുകൾ വന്നിട്ടുണ്ട് എന്നത് ശ്ലാഘനീയമാണ്. ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളിലും അറബ് ലോകത്തെ പ്രശസ്തമായ ഒരു ഡസനിലധികം സർവകലാശാലകളിലും അറബി ഭാഷയിൽ ഉന്നത പഠനത്തിന് സ്റ്റൈപ്പൻഡുകൾ ലഭ്യമാണ്. അറബ് രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്രാവലിംഗ് ടൂറിസം, പെട്രോളിയം മേഖല, ആശുപത്രികൾ, വിദേശ എംബസികൾ, പത്രപ്രവർത്തനം, ബിസിനസ്, വ്യവസായം, വിദ്യാഭ്യാസം, ധനകാര്യം, ബാങ്കിംഗ്, വിവർത്തനം, വ്യാഖ്യാനം, കൺസൾട്ടൻസി, വിദേശ സേവനം, ഇന്റലിജൻസ് മുതലായ മേഖലളിലെ തൊഴിലവസരങ്ങൾക്ക് പുറമെ ഇന്ത്യയിലെ ഹൈടെക് നഗരങ്ങളായ ബാംഗ്ലൂർ, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം, ട്രാവൽ ടൂറിസം, ഗൂഗിൾ, ഫേസ്ബുക്ക്, ആമസോൺ തുടങ്ങിയ വിദേശ കമ്പനികൾക്കും ഇന്ത്യയിലെ വിവിധ ഏജൻസികൾക്കും നിരവധി ഭാഷ വിദഗ്ധരെ ആവശ്യമുണ്ട്.
സാഹിത്യ സാംസ്‌കാരിക വിവർത്തന  മേഖലയിലും വലിയ സാധ്യതകളുള്ള ഭാഷയാണ് തകഴി, കുമാരനാശാൻ, കമല സുരയ്യ, ടി. പത്മനാഭൻ, എം.ടി. വാസുദേവൻ നായർ, കെ.കെ.എൻ. കുറുപ്പ്, സച്ചിദാനന്ദൻ, പെരുമ്പടവം ശ്രീധരൻ തുടങ്ങിയ മലയാളി എഴുത്തുകാരുടെ രചനകൾ വ്യപകമായി അറബിയിലേക്ക് ഈയിടെ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
 ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയായ ഷാർജ പുസ്തക മേളയോടനുബന്ധിച്ച് പ്രശസ്ത അറബി എഴുത്തുകാരുടെ നിരവധി പുസ്തകങ്ങൾ മലയാളം ഉൾപ്പെടെയുള്ള നിരവധി ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 
പ്രശസ്ത തമിഴ് ക്ലാസിക് തിരുക്കുറലും പൂർണമായും അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. യുവ ഇന്ത്യൻ അറബി എഴുത്തുകാരുടെ നിരവധി കൃതികൾ അറബ് ലോകത്തെ മിക്ക പ്രമുഖ പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിക്കുന്നുണ്ട്.
മലയാളിയുടെ ഭക്ഷണ ശീലങ്ങളെ ഇതിവൃത്തമാക്കി ജോർദാനിയൻ എഴുത്തുകാരൻ മുഹമ്മദ് നാബിൽസി എഴുതിയ നോവൽ തമർ മസാല, മലയാളികളുടെ പ്രവാസ ജീവിതം പ്രമേയമാക്കി യുവ  സൗദി എഴുത്തുകാരൻ മുഹമ്മദ് മുസ്തനീറിന്റെ മുരിങ്ങയില എന്നിവയുടെയും വിവർത്തനങ്ങൾ തയാറായിട്ടുണ്ട്. ഇന്ത്യക്കാരുടെയും കേരളീയരുടെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ അറബി പഠനം  ജീവിതത്തിന്റെ എല്ലാ തുറകളിലും പ്രയോജനപ്പെടുമെന്നതിൽ സംശയമില്ല.

രാജ്യത്തെ വാണിജ്യ, തൊഴിൽ മേഖലകളുടെ സാംസ്‌കാരിക വിനിമയത്തിനും പുരോഗതിക്കും ഏറെ സംഭാവന നൽകുന്ന അറബി ഉൾപ്പെടെയുള്ള പൗരസ്ത്യ ഭാഷ പഠനത്തെ അവഗണിക്കുന്ന  രൂപത്തിലാണ് ഏറെ വൈവിധ്യമുള്ളതും രാജ്യത്ത് നടപ്പാക്കാൻ പോകുന്നതും സംസ്ഥാന സർക്കാർ കരട് തയാറാക്കിയിട്ടുള്ളതുമായ പുതിയ വിദ്യാഭ്യാസ നയം എന്നത് പ്രതിഷേധാർഹമാണ്.
നിരവധി അറബ് രാജ്യങ്ങളുമായും വ്യാപാര സാംസ്‌കാരിക ബന്ധമുള്ള കേരളത്തിൽ അറബി ഭാഷ പഠനത്തിനും ഗവേഷണത്തിനും കൂടുതൽ അവസരങ്ങൾ ഒരുക്കുന്നത് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഉയർന്ന തൊഴിലിനും സാമ്പത്തിക പുരോഗതിക്കും വലിയ അവസരങ്ങൾ തുറക്കും.
ഇന്ത്യൻ ഭാഷകളിലും സാഹിത്യത്തിലും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിലും നിർണായക പങ്ക് വഹിക്കാൻ കഴിയുന്ന അറബി ഭാഷക്ക് അവസരം നിഷേധിക്കുന്ന പുതിയ  ദേശീയ, സംസ്ഥാന വിദ്യാഭ്യാസ നയത്തിൽ മാറ്റം വരുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്.
         

Latest News