പലവട്ടം ബോഡി ഷെയിമിങിന് വിധേയനായ വ്യക്തിയാണ് ഇന്ദ്രൻസ്. ഇത്തരം കാര്യങ്ങൾ ഇന്നത്തെ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കുന്നവരാണെന്ന് ഇന്ദ്രൻസ് അഭിമുഖത്തിൽ പുതിയ തലമുറയിൽ വിശ്വാസമർപ്പിക്കുകയാണ്. കൂട്ടത്തിൽ വളരെ പ്രസക്തമായ വാചകവും നടൻ പങ്കുവെക്കുന്നു. ''ചിലതു പറയരുതെന്ന് ചിലർ മറന്നുപോകും.'' ഇന്ദ്രൻസ് ഇതു പറഞ്ഞത് സാംസ്കാരിക വകുപ്പ് മന്ത്രി വാസവനെ ബന്ധപ്പെടുത്തിയാണെങ്കിൽ ഈ പറഞ്ഞ മന്ത്രിയുടെ വകുപ്പിന് കീഴിലെ ചലച്ചിത്ര അക്കാദമിയുടെ സാരഥി രഞ്ജിത്തിനാണ് ഏറ്റവും അവസാനം അത് ബാധകമാകുന്നത്.
രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന വേദിയിലെ കൂവൽ വെറും അപശബ്ദം മാത്രമായിരുന്നുവെന്നാണ് അക്കാദമി ചെയർമാൻ രഞ്ജിത്ത് അവകാശപ്പെടുന്നത്. രഞ്ജിത്ത് കാര്യങ്ങൾ നിസ്സാരവൽക്കരിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര നിസ്സാരമല്ലെന്നാണ് സാമൂഹ്യ മാധ്യമ പ്രതികരണം തെളിയിക്കുന്നത്. പരാതികൾ നിസ്സാരമെന്ന മട്ടിലുള്ള ശരീര ഭാഷയിലും അല്ലാതെയും തള്ളിക്കളയുന്ന രഞ്ജിത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം അതിന്റെ പാരമ്യതയിലാണ്.
മേള നടത്തിപ്പിനെ കുറിച്ചുയർന്ന എല്ലാ പരാതികളും രഞ്ജിത്ത് പൂർണമായും നിരാകരിച്ചിട്ടുണ്ട്. റിസർവേഷനിലൊന്നും ഒരു തരത്തിലുള്ള വീഴ്ചയുമില്ല. നൻപകൽ നേരത്ത് മയക്കത്തിന്റെ ഒന്നാം ഷോക്ക് തന്നെ എല്ലാവരും ഇടിച്ചു കയറിയതാണ് പ്രശ്നമെന്ന നിലപാടിൽ അക്കാദമി ചെയർമാൻ ഉറച്ചു നിൽക്കുന്നു.
താൻ പഴയ എസ്.എഫ്.ഐ ആണെന്ന ചരിത്രം ഓർമിപ്പിച്ചുള്ള പ്രതിരോധമൊന്നും പ്രതിഷേധക്കാർ തരിമ്പും വേദിയിലും ഇപ്പോൾ പ്രതികരണ രംഗത്തും ഗൗനിക്കുന്നില്ല. താനൊക്കെ എസ്.എഫ്.ഐ അല്ല, എന്തായാലും ദുരന്തമാണ് എന്നതാണ് സമൂഹ മാധ്യമങ്ങളിലെ ഇടത് അനുകൂല നിലപാടുകാരുടെ പോലും രൂക്ഷ വിമർശനം. രഞ്ജിത്തിന്റെ ചിത്രങ്ങളിലെ ഡയലോഗുകൾ അടക്കം ഉപയോഗിച്ചാണ് സാമൂഹ്യ മാധ്യമ സംഘം ചാടി വീഴുന്നത്. വിക്കിപീഡിയയിൽ രഞ്ജിത്തിന്റെ പ്രൊഫൈൽ കടുത്ത ഭാഷ ഉപയോഗിച്ച് തിരുത്തുന്നതിലേക്ക് വരെ ശത്രുത വളർന്നു കഴിഞ്ഞു.
ഐ.എഫ്.എഫ്.കെ സമാപന വേദിയിൽ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് തുലനം ചെയ്ത രഞ്ജിത്തിനെ പരിഹസിക്കാൻ നടൻ ഹരീഷ് പേരടിയും തന്റേതായ രീതിയിൽ രംഗത്തെത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് ഹരീഷ് പേരടി പരിഹാസം ചൊരിയുന്നത്. വീഡിയോയിൽ പേരടി കൂവുകയും കുരയ്ക്കുകയും ചെയ്യുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഇറങ്ങിയ ദേവാസുരത്തിലെ വന്ദേ മുകുന്ദ ഹരേ എന്ന പാട്ടിന്റെ ഈണത്തിൽ തന്നെ കൂവാൻ ഹരീഷ് പേരടി പ്രത്യേകം ശ്രദ്ധിച്ചു. കളി തമാശ ഒഴിവാക്കി ഗൗരവമുള്ള കാര്യവും പേരടി പറയുന്നു. പേരടിയുടെ സാമൂഹ്യ മാധ്യമ വരികൾ ഇങ്ങനെ ''ഞാൻ അടക്കമുള്ള പൊതുസമൂഹത്തിന്റെ നികുതിപ്പണം കൊണ്ട് നടക്കുന്ന ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ചവരെ പട്ടികളും നായ്ക്കളുമായി ഉപമിച്ച ചലച്ചിത്ര അക്കാദമി ചെയർമാന്റെ മാടമ്പിത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും.'' തന്റെ വീട്ടിലെ പട്ടികൾ തന്നെ നോക്കി കുരയ്ക്കുന്നതിനോടായിരുന്നു തനിക്കെതിരെയുള്ള കൂവലിനെ രഞ്ജിത്ത് ഉപമിച്ചത്. രഞ്ജിത്തിന്റെ വാക്കുകൾ ''കോഴിക്കോടാണ് ഞാൻ, വയനാട്ടിലൊരു വീടുണ്ട്. അവിടെ വീടു നോക്കുന്ന ബാലകൃഷ്ണൻ നാടൻ നായ്ക്കളെ വളർത്തുന്നുണ്ട്. ആ നായ്ക്കൾ എന്നെ കണ്ടാൽ കുരയ്ക്കാറുണ്ട്. ഞാൻ ആ വീടിന്റെ ഉടമസ്ഥനാണെന്നൊന്നും ആ നായ്ക്കൾ ഓർക്കാറില്ല. പരിചയമില്ലാത്തതിന്റെ പേരിൽ കുരയ്ക്കാറുണ്ട്. അതുകൊണ്ട് നായയെ തല്ലിപ്പുറത്താക്കാറില്ല'' -ഇതായിരുന്നു കൂവിയവരെ ക്കുറിച്ചുള്ള വിലയിരുത്തൽ. മാടമ്പിത്തരത്തിന്റെ അതിരുവിട്ട അവസ്ഥ തന്നെ.
രഞ്ജിത്ത് കേരളത്തോട് മാപ്പ് പറയുവാൻ തയാറായില്ലെങ്കിൽ ആ പദവിയിൽ നിന്ന് പുറത്താക്കാൻ സാംസ്കാരിക മന്ത്രി തയാറുണ്ടോ എന്ന ചോദ്യമുന്നയിച്ച് പ്രതീക്ഷിച്ചതു പോലെ കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ രംഗത്തെത്തിക്കഴിഞ്ഞു. ... ഓ നിങ്ങളും പഴയ എസ്.എഫ്.ഐ ആണല്ലോ...അരാജകത്വത്തിന് ചൂട്ട് പിടിക്കാനുള്ള ലൈസൻസ് ആണ് പഴയ എസ്.എഫ്.ഐ എന്ന് അടിവരയിടാൻ രഞ്ജിത്തും ശ്രമിക്കുന്നു. അതിനെ തള്ളിപ്പറയാൻ തയാറാവാത്ത പഴയതും പുതിയതുമായ എല്ലാവർക്കും അഭിവാദ്യങ്ങൾ. അങ്ങനെയാണ് ഷാഫി തന്റെ ഫെയ്സ് ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
നടൻ ഇന്ദ്രൻസിനെതിരെ ബോഡി ഷെയിമിങ് പരാമർശത്തിലൂടെ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിവാദമുണ്ടാക്കിയതും ചലച്ചിത്രമേള നടക്കുന്ന ഘട്ടത്തിൽ തന്നെയായിരുന്നു. നിയമസഭയിൽ അമിതാഭ് ബച്ചനെയും ഇന്ദ്രൻസിനെയും താരതമ്യം ചെയ്തായിരുന്നു വാസവന്റെ ഉപമ. തത്സമയം തന്നെ മന്ത്രി തിരുത്തി ഖേദം പറഞ്ഞെങ്കിലും ഇത്തരം വിഷയങ്ങളിൽ വ്യക്തികൾ അവരുടെ ഉള്ളിന്റെ ഉള്ളിൽ വെച്ചുപുലർത്തുന്ന അത്യന്തം മനുഷ്യ വിരുദ്ധമായ കാഴ്ചപ്പാടുകളാണ് അനാവരണം ചെയ്യപ്പെടുന്നത്. പ്രതിഷേധിച്ചവരെ ചലച്ചിത്ര അക്കാദമി ചെയർമാൻ എങ്ങനെ കണ്ടുവെന്ന് ഇപ്പോൾ കേരളത്തിനറിയാം. അതുപോലെ തന്നെ മന്ത്രിയെയും. തനിക്കെതിരെ ഉണ്ടായ ബോഡി ഷെയിമിങിനെ ക്കുറിച്ച് ഒരു മാധ്യമം ഇന്ദ്രൻസുമായി നടത്തിയ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. പലവട്ടം ബോഡി ഷെയിമിങിന് വിധേയനായ വ്യക്തിയാണ് ഇന്ദ്രൻസ്. ഇത്തരം കാര്യങ്ങൾ ഇന്നത്തെ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കുന്നവരാണെന്ന് ഇന്ദ്രൻസ് അഭിമുഖത്തിൽ പുതിയ തലമുറയിൽ വിശ്വാസമർപ്പിക്കുകയാണ്. കൂട്ടത്തിൽ വളരെ പ്രസക്തമായ വാചകവും നടൻ പങ്കുവെക്കുന്നു. ''ചിലതു പറയരുതെന്ന് ചിലർ മറന്നു പോകും.'' ഇന്ദ്രൻസ് ഇതു പറഞ്ഞത് സാംസ്കാരിക വകുപ്പ് മന്ത്രി വാസവനെ ബന്ധപ്പെടുത്തിയാണെങ്കിൽ ഈ പറഞ്ഞ മന്ത്രിയുടെ വകുപ്പിന് കീഴിലെ ചലച്ചിത്ര അക്കാദമിയുടെ സാരഥി രഞ്ജിത്തിനാണ് ഏറ്റവും അവസാനം അത് ബാധകമാകുന്നത്.
.






