ഏകസിവില്‍ കോഡ് ബില്‍ നടപ്പു സമ്മേളനത്തില്‍ ഇല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി

ബെലഗാവി- കര്‍ണാടകയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച ബില്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഈ സെഷനില്‍ ബില്‍ അവതരിപ്പിക്കാനുള്ള സാധ്യതകളൊന്നുമില്ലെന്ന് ഏകീകൃത സിവില്‍ കോഡ് ബില്‍ (യു.സി.സി)  അവതരിപ്പിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.
കര്‍ണാടകയില്‍ യുസിസി നടപ്പാക്കുന്നത് സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അടുത്തിടെ പറഞ്ഞിരുന്നു.വിവിധ സംസ്ഥാനങ്ങളിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും യുസിസിയുമായി ബന്ധപ്പെട്ട് ഭരണഘടന എന്താണ് പറയുന്നതെന്നും അവ പരിശോധിച്ചതിന് ശേഷം ഇത് നടപ്പാക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിരോധിക്കാന്‍ ആവശ്യപ്പെടുന്ന സ്വകാര്യ ബില്‍ അവതരിപ്പിക്കാനുള്ള ബി.ജെ.പി എം.എല്‍.സിയുടെ നീക്കത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് വരുമ്പോള്‍ നോക്കാമെന്നും സ്വകാര്യ ബില്ലിന് അതിന്റേതായ സ്ഥാനമുണ്ടെന്നും അദ്ദേഹം മറുപടി നല്‍കി.  
ഭക്ഷ്യസാധനങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതില്‍ നിന്ന് ഒരു സ്വകാര്യ സ്ഥാപനത്തെ വിലക്കുന്നതിനായി 2006ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമം ഭേദഗതി ചെയ്യുന്നതിനുള്ള സ്വകാര്യ ബില്‍ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി ബിജെപി എംഎല്‍സി എന്‍. രവികുമാര്‍ നിയമസഭാ കൗണ്‍സില്‍ ചെയര്‍മാന് കത്തയച്ചിട്ടുണ്ട്.
ഭക്ഷണത്തിന് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത് നിരോധിക്കുന്നതിനുള്ള നിയമം കൊണ്ടുവരാന്‍ ഹിന്ദു ജനജാഗ്രതി സമിതി (എച്ച്‌ജെഎസ്) ബിജെപി നിയമസഭാംഗങ്ങളെയും മന്ത്രിമാരെയും സന്ദര്‍ശിച്ച് ആവശ്യപ്പെട്ടിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News