കൊല്ലം- അഞ്ചലില്‍ യുവാവിനെ ബ്ലേഡ് മാഫിയ ആക്രമിച്ചു. കടമെടുത്ത പണവുമായി ബന്ധപ്പെട്ടാണ് ആക്രമണം.
വിഷ്ണു എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. നാലംഗ സംഘം കല്ലുകൊണ്ട് തലക്കും ശരീരത്തിലും അടിക്കുകയായിരുന്നു. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. വിഷ്ണുവുമായി സംഘം പണത്തെ ചൊല്ലി തര്‍ക്കമുണ്ടാവുകയും വിഷ്ണു ബൈക്കില്‍ കയറി പോകാന്‍ ശ്രമിക്കവെ മര്‍ദ്ദനമേല്‍ക്കുകയുമായിരുന്നു. വിഷ്ണുവിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഏരൂര്‍ സ്വദേശി ചിത്തിര ഷൈജുവും സംഘവുമാണ് അറസ്റ്റിലായത്.
പണം പലിശയ്ക്ക് കൊടുക്കുന്നയാളാണ് ഷൈജുവെന്ന് പോലീസ് പറഞ്ഞു. ഷൈജുവിന്റെ പക്കല്‍ നിന്നും വിഷ്ണു വാങ്ങിയ പണത്തിന്റെ പലിശ മുടങ്ങിയതാണ് തര്‍ക്കത്തിന് കാരണമായത്. ഇരുവരും നേരത്തേയും തര്‍ക്കമുണ്ടായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഷൈജുവിനെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച നിയമ നടപടി നടക്കുന്നതിനിടെയാണ് അക്രമം നടത്തിയത്.