അബുദാബി- അവധിക്കാലം ആഘോഷിക്കാന്‍ വിദേശ രാജ്യങ്ങളിലേക്കു പോകുന്നവര്‍ക്ക് ഇന്റര്‍നാഷനല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കില്‍ സ്വന്തമായി വാഹനമോടിക്കാം. യു.എ.ഇയില്‍ ഡ്രൈവിംഗ് ലൈസന്‍സുള്ളയാള്‍ക്ക് ഒരു വര്‍ഷ കാലാവധിയുള്ള രാജ്യാന്തര ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. ഇന്ത്യ ഉള്‍പ്പെടെ 174 രാജ്യങ്ങളില്‍ ഈ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാം.
യു.എ.ഇയില്‍നിന്ന് ഇഷ്യൂ ചെയ്ത ലൈസന്‍സ് ആണെങ്കില്‍ യാത്രക്കിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാലും താല്‍ക്കാലിക യാത്രാ രേഖയായി ഇന്റര്‍നാഷനല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാമെന്ന് യു.എ.ഇ ഡിജിറ്റല്‍ ഗവണ്‍മെന്റ് വ്യക്തമാക്കിയിരുന്നു. രാജ്യാന്തര ഡ്രൈവിംഗ് ലൈസന്‍സോ ബന്ധപ്പെട്ട രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സോ ഇല്ലാതെ വിദേശരാജ്യങ്ങളില്‍ വാഹനമോടിക്കുന്നതിന് അനുമതിയില്ല. അപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാനും രാജ്യാന്തര ഡ്രൈവിംഗ് ലൈസന്‍സ് ഗുണം ചെയ്യും.