Sorry, you need to enable JavaScript to visit this website.

ആദ്യം പുറത്തുപോകുക സുനു, പിന്നാലെ കാക്കിയിട്ട 58 ക്രിമിനലുകളും

കോഴിക്കോട് :  മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്കു പാലിച്ചാല്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം പോലീസില്‍ നിന്ന് ആദ്യം പണിതെറിയ്ക്കുക സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനുവിനായിരിക്കും. കൂട്ട ബലാല്‍സംഗം ഉള്‍പ്പെടെ ആറ് കേസുകളില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സ്‌റ്റേഷനിലെ പി.ആര്‍.സുനുവാണ് കാക്കിക്കുള്ളിലെ ക്രിമിനലുകളില്‍ കുപ്രസിദ്ധന്‍. അതിനു പിന്നാലെ പോലീസിലെ 58 ക്രിമിനലുകളും ഉടന്‍ തന്നെ സര്‍വ്വീസില്‍ നിന്ന് പുറത്താകും.
പോലീസിനെതിരെ വ്യാപകമായ പരാതി ഉയരുകയും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് പോലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് ഭരണ മുന്നണിയില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പോലീസിലെ ക്രിമിനലുകളെ കൂട്ടത്തോടെ പിരിച്ചു വിടുന്നത്.
പത്ത് വര്‍ഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായ 59 പോലീസുകാരെ പിരിച്ചു വിടാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
സംസ്ഥാനത്ത് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 828 പോലീസുകാരുണ്ട്. എന്നാല്‍ എല്ലാവരെയും പിരിച്ചു വിടാന്‍ സര്‍ക്കാറിന് കഴിയില്ല. വലിയ നിയമപ്രശ്‌നങ്ങളായിരിക്കും അതുണ്ടാക്കുക. മാത്രമല്ല ഇവരില്‍ വലിയൊരു ശതമാനത്തിനും രാഷ്ട്രീയ സംരക്ഷണം ലഭിക്കുകയും ചെയ്യുന്നുണ്ട്.
ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പോലീസുകാരെ പിരിച്ചു വിടുമെന്ന് രണ്ടാം തവണയും ഭരണത്തിലെത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. മുഖ്യമന്ത്രി വാക്കു പാലിച്ചാല്‍ പുതുവര്‍ഷത്തില്‍ കാക്കിക്കുള്ളിലെ ക്രിമിനലുകള്‍ കൂട്ടത്തോടെ പുറത്താകും. പി.ആര്‍.സുനുവിനെ പിരിച്ചുവിടുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. തൃക്കാക്കരയില്‍ വീട്ടമ്മയെ കൂട്ട ബലാല്‍സംഗം ചെയ്തതടക്കമുള്ള കേസുകളില്‍ പ്രതിയാണ് പി.ആര്‍.സുനു.
പോലീസുകാര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നതിനെതിരെ ഹൈക്കോടതി അടക്കം വിവിധ കോടതികള്‍ പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ ആഭ്യന്തര വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ പോലീസിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാകുകയാണെന്നും കോടതികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പോലീസുകാരുടെ ഭാഗത്ത് നിന്നുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും ക്രിമിനല്‍ നടപടികള്‍ക്കുമെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും രംഗത്തെത്തിയിരുന്നു. 2018 ഏപ്രില്‍ 12 ന് ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് മനുഷ്യാവകാശ കമ്മീഷന്‍ ഇറക്കിയിരുന്നു.
സംസ്ഥാനത്ത് നിലവില്‍ 828 പോലീസുകാരാണ് കാര്യമായ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കാണിത്. ഇവരില്‍ 19 പേരെ സേനയില്‍ നിന്ന് ഇക്കാലയളവില്‍ പിരിച്ചു വിട്ടിട്ടുണ്ട്.  819 ഓളം പോലീസുകാര്‍ നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പിരിച്ചു വിടപ്പെട്ടവരില്‍ കസ്റ്റഡി മരണത്തില്‍ പ്രതികളായ പോലീസുകാരും വിവിധ കേസുകളില്‍ കോടതി തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരും ഉള്‍പ്പെടുന്നുണ്ട്. ഇതിന് പുറമെ അത്ര ഗുരുതരമല്ലാത്ത ആയിരക്കണക്കിന് കുറ്റകൃത്യങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകുന്നുണ്ട്. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുകയാണ് സാധാരണയായി ചെയ്യാറുള്ളത്.
ഈ വര്‍ഷം ഇതുവരെ 90 ഓളം ക്രിമിനല്‍ കേസുകളാണ് പോലീസുകാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. കൊലപാതകം, കസ്റ്റഡിയിലെ കൊലപാതകം, മാനഭംഗം, അടിപിടി, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, കൈക്കൂലി, ബലാല്‍സംഗം, പോക്‌സോ  തുടങ്ങിയ ഗുരുതരമായ കേസുകള്‍ പോലീസുകാര്‍ക്കെതിരെയുണ്ട്.
സംസ്ഥാന പോലീസ് സേനയില്‍ 55,000 ത്തോളം പോലീസുകാരുണ്ട്. ഇവരില്‍ 1.58 ശതമാനം പേര്‍ മാത്രമാണ് ക്രിമിനല്‍ പട്ടികയിലുള്ളത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന പോലീസുകാരുടെ എണ്ണം കേരളത്തില്‍ വളരെ കുറവാണെങ്കിലും താരതമ്യേന മെച്ചപ്പെട്ട പോലീസ് സംവിധാനമുള്ള കേരളത്തില്‍ ഒരു വിഭാഗം പോലീസുകാരുടെ പ്രവര്‍ത്തനങ്ങള്‍ പോലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്നുണ്ട്.
പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിനടക്കമുള്ള കാര്യങ്ങള്‍ക്ക് ഭയരഹിതമായി പോലീസ് സ്‌റ്റേഷനുകളെ സമീപിക്കുന്നതിന് നിരവധി നടപടികള്‍ കഴിഞ്ഞ കാലങ്ങളായി ആഭ്യന്തര വകുപ്പ് കൈക്കൊള്ളുന്നുണ്ടെങ്കിലും ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെ ക്രമിനല്‍ സ്വഭാവം കാരണം ഈ നടപടികളൊന്നും വേണ്ട രീതിയില്‍ ഫലവത്താകാത്ത അവസ്ഥയാണുള്ളത്. പരാതിയുമായെത്തുന്നവരെ സഹായിക്കുന്നതിനും സേനയെ സ്ത്രീ സൗഹൃദമാക്കുന്നതിനുമായി  എല്ലാ പോലീസ് സ്‌റ്റേഷനുകളിലും വനിതാ പോലീസുകാരെ നിയോഗിച്ചിരുന്നു. എന്നാല്‍ അതുകൊണ്ട് ഉദ്ദേശിച്ച ഗുണം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍.
ജനങ്ങളോട് എങ്ങനെ പെരുമാറണമെന്നും കേസുകള്‍ ഏത് രീതിയില്‍ കൈകാര്യം ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഏറ്റവും ഒടുവില്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉരുത്തിരിയുകയും ഇത് സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും ഡി ജി പിയുടെ ഉത്തരവായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല പരാതികള്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും ഗുണ്ടാ -മാഫിയ സംഘങ്ങളുമായി പോലീസുകാര്‍ ഇടപഴകുന്നുണ്ടോയെന്ന് നിരീക്ഷിക്കാനുമായി ഓരോ ജില്ലയിലെയും സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നക്കാരുടെ ലിസ്റ്റ് ജില്ലാ പോലീസ് മേധാവി മുഖേന ഡി.ജി.പിക്ക് കൈമാറാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണ പോലീസുകാരന്‍ വരെ വിവിധ കേസുകളില്‍ പ്രതിപ്പട്ടികയിലുണ്ട്. പ്രതികളെ രക്ഷിക്കാന്‍ കൈക്കൂലി വാങ്ങിയതിനും പ്രമാദമായ കേസുകളില്‍ അനധികൃതമായി ഇടപെടല്‍ നടത്തിയതിനുമൊക്കെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ  കേസുകളുണ്ട്. ശരാശരി 150 പുതിയ കേസുകളാണ് ഓരോ വര്‍ഷവും പോലീസുകാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പലരും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇപ്പോഴും കൃത്യമായി പ്രമോഷനും മറ്റും നേടി സര്‍വ്വീസില്‍ തുടരുന്നുണ്ട്.
പോലീസില്‍ കുറച്ച് പേര്‍ ക്രിമിനലുകളായി ഉണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ  വിവിധ കേസുകളിലെ പ്രതികളുടെ ഭാഗത്ത് നിന്ന് പോലീസുകാരെ കരുതിക്കൂട്ടി  കേസുകളില്‍ പെടുത്തുന്ന പ്രവണത ഏറിവരികയാണെന്ന് പോലീസുകാരുടെ സംഘടനകള്‍ പറയുന്നു. പ്രതികള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അഭിഭാഷകരില്‍ ചിലര്‍ ഇടപെട്ട് പോലീസുകാര്‍ക്കെതിരെ വ്യാജ പരാതികള്‍ നല്‍കാറുണ്ട്. ഇത്തരം പരാതികള്‍ കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള നീക്കങ്ങള്‍ അഭിഭാഷകര്‍ നടത്താറുമുണ്ട്. പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടപടി എടുക്കുന്നതിനൊപ്പം ഇത്തരം പ്രവണതകള്‍ തടയാനുള്ള നീക്കങ്ങള്‍ കൂടി ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് പോലീസ് സംഘടനാ നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

 

 

 

Latest News