ജയ്പുർ - ചൈന നുഴഞ്ഞുകയറ്റത്തിനല്ല, യുദ്ധത്തിനാണ് തയ്യാറെടുക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഡാക്കിലും അരുണാചലിലും അവർ ആക്രമണത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യൻ സർക്കാർ ഉറങ്ങുകയാണെന്നും ഇക്കാര്യം നമ്മുടെ സർക്കാർ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ഭാരത് ജോഡോ യാത്രക്കിടെ മാധ്യമങ്ങളോട് പറഞ്ഞു.
ചൈന നമ്മുടെ ഭൂമി പിടിച്ചെടുക്കുന്നു, സൈനികരെ ആക്രമിക്കുന്നു. ചൈനയുടെ ഭീഷണി വ്യക്തമാണ്. അതിനുള്ള തന്ത്രങ്ങൾ സർക്കാർ ആവിഷ്‌കരിക്കുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
ബി.ജെ.പിയെ അധികാരത്തിൽനിന്നു താഴെയിറക്കുമെന്നും തന്റെ വാക്കുകൾ കുറിച്ചുവച്ചോളൂ എന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിനെ വിലകുറച്ച് കാണരുത്. കോൺഗ്രസ് കാര്യക്ഷമമല്ലെന്ന് വരുത്താൻ ബി.ജെ.പിക്കൊപ്പം മാധ്യമങ്ങളും ശ്രമിച്ചു. തന്നെയും അപകീർത്തിപ്പെടുത്താൻ ശ്രമമുണ്ടായി. കോൺഗ്രസ് ഒരു പ്രത്യയശാസ്ത്ര പാർട്ടിയാണ്. ഫാസിസത്തിനെതിരായ പോരാട്ടത്തിൽ ഉറച്ചുനിൽക്കുമെന്നും വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനിലെ കോൺഗ്രസ് പാർട്ടിയിലെ തർക്കത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങളുടെ പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പമില്ല. ചിലപ്പോഴൊക്കെ ചില കാര്യങ്ങൾ സംഭവിക്കാറുണ്ട്. അത് പ്രശ്‌നമൊന്നുമല്ലെന്നായിരുന്നു മറുപടി. രാജസ്ഥാൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ താനല്ല പാർട്ടി അധ്യക്ഷൻ, ഇതു സംബന്ധിച്ച കുടുതൽ കാര്യങ്ങൾ പാർട്ടി അധ്യക്ഷൻ ഖാർഗെജിയോട് ചോദിക്കാമെന്നും പറഞ്ഞു.






