വിവാദവുമായി മന്ത്രി കിരണ്‍ റിജിജു വീണ്ടും; ജാമ്യാപേക്ഷകള്‍ സുപ്രീം കോടതി കേള്‍ക്കരുത്

ന്യൂദല്‍ഹി-കേസുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ ജാമ്യാപേക്ഷകളും നിസ്സാര പൊതുതാല്‍പര്യ ഹരജികളും സുപ്രീം കോടതി പരിഗണിക്കരുതെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് കേന്ദ്ര നിയമ മന്ത്രി രണ്ടാമത്തെ വിവാദ പ്രസ്താവന.

ന്യൂദല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററിനെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനുള്ള ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ രാജ്യസഭയിലാണ് മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവന.സുപ്രീം കോടതി പ്രസക്തമായ കേസുകള്‍ ഏറ്റെടുക്കണമെന്ന് ഞാന്‍ സദുദ്ദേശ്യത്തോടെ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ജാമ്യാപേക്ഷകളോ നിസ്സാരമായ പൊതുതാത്പര്യ ഹരജികളോ സുപ്രീം കോടതി കേള്‍ക്കാന്‍ തുടങ്ങിയാല്‍, അത് ഒരുപാട് അധിക ബാധ്യത ഉണ്ടാക്കും-അദ്ദേഹം പറഞ്ഞു.

വിചാരണ കോടതികളില്‍ നാലു കോടിയിലധികം കേസുകള്‍ കെട്ടിക്കിടക്കുന്നു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പണവും പിന്തുണയും നല്‍കുന്നു. എന്നാല്‍ അര്‍ഹരായ ആളുകള്‍ക്ക് മാത്രമേ നീതി ലഭിക്കൂ എന്ന് ഉറപ്പാക്കാന്‍ ജുഡീഷ്യറിയോട് ആവശ്യപ്പെടണമെന്നും കിരണ്‍ റിജിജു പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കേസുകള്‍ കെട്ടിക്കിടക്കുന്നത് കുറയ്ക്കാന്‍ സര്‍ക്കാര്‍ പല നടപടികളും സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നതില്‍ സര്‍ക്കാരിന് വളരെ പരിമിതമായ റോളേയുള്ളൂ. കൊളീജിയമാണ് പേരുകള്‍ തെരഞ്ഞെടുക്കുന്നത്. അതല്ലാതെ ജഡ്ജിമാരെ നിയമിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല- റിജിജു പറഞ്ഞു.

ജാമ്യാപേക്ഷകള്‍ സുപ്രീംകോടതി കേള്‍ക്കരുതെന്ന് ഒരു നിയമ മന്ത്രിക്ക് എങ്ങനെ പറയാന്‍ കഴിയുമെന്ന് ചോദിച്ച് പ്രതിപക്ഷ നേതാക്കളും മുതിര്‍ന്ന അഭിഭാഷകരും റിജിജുനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മറ്റുനടപടികള്‍ നിര്‍ത്തിവെച്ച് സഭ റിജിജുവിന്റെ പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. പൗരസ്വാതന്ത്ര്യം എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് നിയമ മന്ത്രിക്ക് അറിയാമോയെന്നും പ്രതിപക്ഷ എം.പിമാര്‍ ചോദിച്ചു.

 

Latest News