തിരുവനന്തപുരം - തിരുവനന്തപുരം പേരൂർക്കടയിൽ യുവാവ് നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നു. നന്ദിയോട് സ്വദേശി സിന്ധു(50)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സിന്ധുവിന്റെ ആൺസുഹൃത്ത് വഴയില സ്വദേശി രാകേഷി(47)നെ പോലീസ് അറസ്റ്റ് ചെയ്തു.
രാകേഷ് കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. ഇന്ന് രാവിലെ 9.30നാണ് സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ, രാകേഷ് കയ്യിൽ കരുതിയ കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യയും മക്കളുമുള്ള രാകേഷ് സിന്ദുവുമായുള്ള അടുപ്പത്തെ തുടർന്ന് പത്തനംതിട്ടയിൽനിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറ്റുകയായിരുന്നു. 12 വർഷത്തോളമായി ഇരുവരും തമ്മിൽ അടുപ്പമുണ്ട്. എന്നാൽ കഴിഞ്ഞ ഒരുമാസമായി ഇരുവരും അകൽച്ചയിലായി. തുടർന്ന് രാകേഷ് ഒറ്റയ്ക്ക് വേറെയാണ് താമസം. സിന്ധു തന്നിൽ നിന്നും അകന്ന് പോകുന്നുവെന്ന തോന്നലിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് രാകേഷ് മൊഴി നൽകിയതായി പോലീസ് പറഞ്ഞു.






