VIDEO കൈക്കൂലി നോട്ടുകള്‍ വിഴുങ്ങാന്‍ ശ്രമിച്ച് എസ്.ഐ, വായില്‍ കൈയിട്ട് വിജിലന്‍സ്

ഫരീദാബാദ്-കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പോലീസ് ഉദ്യോഗസ്ഥന്‍ നോട്ടുകള്‍ വിഴുങ്ങാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലായി. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ചാണ് എസ്.ഐ നോട്ടുകള്‍ വിഴുങ്ങാന്‍ ശ്രമിച്ചത്.
ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. പോത്തുമോഷണ കേസില്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സബ് ഇന്‍സ്‌പെക്ടര്‍ മഹേന്ദ്ര വിജിലന്‍സിന്റെ പിടിയിലായത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൈക്കൂലി പണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐ ഇതു വിഴുങ്ങാന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് ബലം പ്രയോഗിച്ച് എസ്.ഐയെ വിജിലന്‍സ് നിലത്ത് കിടത്തുന്നതും വായില്‍ കൈയിട്ട് നോട്ടുകള്‍ വലിച്ചെടുക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ വിജിലന്‍സ് ശ്രമം തടയാന്‍ ശ്രമിച്ച മറ്റൊരാളെ ഉദ്യോഗസ്ഥര്‍ തള്ളിമാറ്റുകയും ചെയ്യുന്നു.
പോത്തുമോഷണ കേസില്‍ കുറ്റക്കാരനെതിരെ നടപടിയെടുക്കുന്നതിന് സബ് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പോത്തിന്റെ ഉടമയായ ശുഭാനന്ദില്‍ നിന്ന് 10,000 രൂപയാണ് പോലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
ആറായിരം രൂപ ഇതിനകം ഉടമയില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥന്‍ കൈക്കലാക്കിയിരുന്നു. ബാക്കി പണം ചോദിച്ചതോടെയാണ് ഉടമ വിജിലന്‍സിനെ വിവരം അറിയിച്ചത്. വിജിലന്‍സ് നല്‍കിയ നോട്ടുകള്‍ കൈമാറുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ കൈയോടെ പിടിയിലായത്.  

 

Latest News