കര്‍ണാടക: പന്ത് ഗവര്‍ണറുടെ കോര്‍ട്ടില്‍; മുന്നില്‍ നാലു വഴികള്‍

ഗവര്‍ണര്‍ വാജുഭായ് വാല

ബംഗളുരു- കര്‍ണാടകയില്‍ 104 സീറ്റിന്റെ പിന്‍ബലത്തില്‍ ബിജെപിയും 115 സീറ്റിന്റെ ബലത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദമുന്നയിച്ചതോടെ പന്ത് ഗവര്‍ണര്‍ വാജുഭായ് വാലയുടെ കോര്‍ട്ടിലായിരിക്കുകയാണ്. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ആരെ ക്ഷണിക്കുമെന്നാണ് ദേശീയ രാഷ്ട്രീയ ഉറ്റുനോക്കുന്നത്. മുന്‍ അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കോണ്‍ഗ്രസ് സമയം പാഴാക്കാതെ ജെഡിഎസിന് പിന്തുണ പ്രഖ്യാപിക്കുകയും എച്ച് ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം നല്‍കുകയും ചെയ്തതോടെയാണ് ബിജെപി വെട്ടിലായത്.

വഴിമുട്ടിയ ബിജെപി പലവഴികളിലും ശ്രമങ്ങള്‍ തുടരുകയാണ്. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഒരു വേള ജെഡിഎസിന്റെ പിന്തുണയുണ്ടെന്ന് വരെ പ്രഖ്യാപിച്ചു. ഇപ്പോള്‍ ഏതാനും കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്ന പ്രചാരണമാണ ബിജെപി നടത്തുന്നത്. ഇതു സംബന്ധിച്ച സൂചനകളൊന്നുമില്ലെങ്കിലും ബിജെപി അനുകൂല മാധ്യമങ്ങളാണ് ഈ പ്രചാരണം ഏറ്റുപിടിച്ചിരിക്കുന്നത്.

ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യങ്ങളില്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക ഏറ്റവും കൂടുതല്‍ സീറ്റു നേടിയ കക്ഷിയേയാണ്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ശരിവച്ച സര്‍ക്കാരിയ കമ്മീഷന്‍ നിര്‍ദേശങ്ങളനുസരിച്ച് നാലു സാധ്യതകളാണ് കര്‍ണാടകയില്‍ ഗവര്‍ണര്‍ക്കു മുമ്പിലുള്ളത്.

1- തെരഞ്ഞെടുപ്പിനു മുന്നോടിയായി രൂപീകരിക്കപ്പട്ട രാഷ്ട്രീയ സഖ്യത്തെ ഗവര്‍ണര്‍ക്കു ക്ഷണിക്കാം. 

2- ഏറ്റവും വലിയ ഒറ്റകക്ഷി മറ്റുള്ളവരുടേയും സ്വതന്ത്രരുടേയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചാല്‍ ഗവര്‍ണര്‍ക്കു അവരെ ക്ഷണിക്കാം. 

3-തെരഞ്ഞെടുപ്പിനു ശേഷം രൂപംകൊണ്ട രാഷ്ട്രീയ സഖ്യത്തെ അതിലെ എല്ലാ കക്ഷികളും ഉള്‍പ്പെട്ട സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ക്കു ക്ഷണിക്കാം. 

4- തെരഞ്ഞെടുപ്പിനു ശേഷം രൂപംകൊണ്ട രാഷ്ട്രീയ സഖ്യത്തിലെ ഏതാനും പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ബാക്കി കക്ഷികളും സ്വതന്ത്രരും പുറത്തു നിന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കുകയും ചെയ്യുകയാണെങ്കില്‍ ആ രാഷ്ട്രീയ സഖ്യത്തേയും ഗവര്‍ണര്‍ക്കു ക്ഷണിക്കാം.
 

Latest News