ലോഡ്ജില്‍ യുവാവ് തൂങ്ങിമരിച്ചു, ഒപ്പമുളള യുവതി ആശുപത്രിയില്‍

പത്തനംതിട്ട- ഫെയ്‌സ് ബുക്കിലൂടെ പരിചയത്തിലായ യുവതിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു വന്ന യുവാവിനെ ലോഡ്ജിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.  യുവതിയെ അവശനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശാസ്താംകോട്ട കുന്നത്തൂര്‍ പുത്തനമ്പലം ജയാ ഭവനില്‍  ശ്രീജിത്തി (30)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം  പേരൂര്‍ക്കട സ്വദേശിനി ഷീബയെയാണ് അവശനിലയില്‍ കണ്ടത്.
അടൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന നക്ഷത്ര ലോഡ്ജിലായിരുന്നു സംഭവം. ഡിസംബര്‍ 11ന് രാവിലെ 10 നാണ് ഇവര്‍ ലോഡ്ജില്‍  മുറിയെടുത്തത്. ഞായറാഴ്ച രാത്രിയില്‍ മുറിയില്‍നിന്ന് ഷീബയുടെ ബഹളം കേട്ടതിനെ തുടര്‍ന്ന് മാനേജര്‍ ഇവിടെയെത്തിയപ്പോഴാണ് മുറിക്കുള്ളിലെ ജനാലയില്‍ ഷാളില്‍ ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. യുവതിയുടെ ചെവിയില്‍നിന്ന് രക്തം പുറത്തേക്കുവരുന്ന അവസ്ഥയിലായിരുന്നു.  മാനേജര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. മരിക്കണം എന്ന ഉദ്ദേശത്തോടെയാണ് അടൂരില്‍ എത്തിയതെന്നും ഭയത്താല്‍ മരിക്കാന്‍ താന്‍ തയ്യാറായില്ലെന്നും യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
തുടര്‍ന്ന് ശ്രീജിത്ത് നിര്‍ബന്ധപൂര്‍വം നല്‍കിയ ഗുളിക കഴിച്ചതായും ഇതാണ് അബോധാവസ്ഥയില്‍ ആകാന്‍ കാരണമെന്നും ബോധം വന്നപ്പോള്‍ ശ്രീജിത്ത് തൂങ്ങി നില്‍ക്കുന്നതാണ് കണ്ടതെന്നും
യുവതി പോലീസിന് മൊഴി നല്‍കി. ശ്രീജിത്തിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി  ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശ്രീജിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. വിവാഹിതയായ യുവതിക്ക് ഒരു കുട്ടിയുണ്ട്. യുവതിയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുമ്പാണ് മരിച്ചത്. പോലീസ് അന്വേഷണം തുടങ്ങി.

 

Latest News