സൗദിയില്‍ അഗ്നിപര്‍വത ഗര്‍ത്തങ്ങള്‍ക്കരികെ രാപ്പാര്‍ക്കാം; ഖൈബര്‍ ക്യാമ്പ് ശ്രദ്ധേയമാകുന്നു

മദീന- സൗദിയില്‍ സാഹസികതയും പര്യവേക്ഷണവും ഇഷ്ടപ്പെടുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ അഗ്നിപര്‍വത ക്യാമ്പ്. അല്‍ഉല ഗവര്‍ണറേറ്റ് റോയല്‍ കമ്മീഷന്‍ സ്ഥാപിച്ച ഖൈബര്‍ അഗ്‌നിപര്‍വ്വത ക്യാമ്പ് ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി സജീവമല്ലാത്ത നിരവധി അഗ്‌നിപര്‍വ്വതങ്ങള്‍ നിലകൊള്ളുന്ന ഹറാത്ത് ഖൈബറിലെ അഗ്‌നിപര്‍വ്വത പാറകള്‍ക്കിടയിലാണ് ക്യാമ്പ്.
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ജിയോസയന്‍സസും (ഐയുജിഎസ്) യുണൈറ്റഡ് നേഷന്‍സ് എജുക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും (യുനെസ്‌കോ) അടുത്തിടെ മികച്ച 100 ജിയോളജിക്കല്‍ സൈറ്റുകളില്‍ ഉള്‍പ്പെടുത്തിയ ജബല്‍ അല്‍ഖദര്‍ അഗ്‌നി പര്‍വതത്തിന്റെ സാമീപ്യമാണ് ക്യാമ്പിനെ വ്യത്യസ്തമാക്കുന്നത്.
പ്രകൃതിയെ ദോഷകരമായി ബാധിക്കാതെ ബാര്‍ബിക്യൂ അടക്കം ആസ്വദിക്കാനും വിറകിന്റെ വെളിച്ചത്തില്‍ ഇരിക്കാനും സൗകര്യമൊരുക്കുന്ന നിരവധി യൂണിറ്റുകളും അവയുടെ ചുറ്റുപാടുകളും അടങ്ങുന്നതാണ് ക്യാമ്പ്. പര്യവേക്ഷണ ടൂറുകള്‍ ഉള്‍പ്പെടുന്ന ക്യാമ്പ് ചുറ്റുപാടുമുള്ള അഗ്‌നിപര്‍വ്വത ഭൂപ്രകൃതിയുമായി യോജിപ്പിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്ലാ സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് അഗ്‌നിപര്‍വ്വത മലകള്‍ കയറാം.
യോഗ്യരായ സൗദി കേഡര്‍മാരാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്.
മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ക്യാമ്പായതിനാല്‍ ഖൈബര്‍ അഗ്‌നിപര്‍വ്വത ക്യാമ്പ് വ്യത്യസ്തവും അതുല്യവുമായ വിനോദ അനുഭവമാണ് സമ്മാനിക്കുകയെന്ന്   പ്രോജക്ട് സൂപ്പര്‍വൈസര്‍ ഫൈസല്‍ അല്‍ ഖര്‍നി സൗദി പ്രസ് ഏജന്‍സിയോട് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ അഗ്‌നിപര്‍വ്വത ഗര്‍ത്തങ്ങള്‍, സാഹസിക പ്രേമികളേയും പര്യവേക്ഷകരേയും ഗവേഷകരേയും യാത്ര ഇഷ്ടപ്പെടുന്നവരേയും ഒരുപോലെ ആകര്‍ഷിക്കും.
ഖൈബര്‍ അഗ്‌നിപര്‍വത ക്യാമ്പ് ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. ദിവസങ്ങള്‍ തെരഞ്ഞെടുത്തുകൊണ്ട്  ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനും കഴിയുമെന്ന് അല്‍ഖര്‍നി പറഞ്ഞു.

 

Latest News