ഉരച്ചു നോക്കിയാൽ തെളിഞ്ഞു വരുന്നത്

മുസ്്‌ലിം ലീഗിന്റെ മതേതരത്വമാണല്ലോ കാലിക രാഷ്ട്രീയ ചർച്ച.പൊതുജന മധ്യത്തിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ വർഗീയ നിലപാടുകൾ എന്നും സമൂഹം ചർച്ച ചെയ്യാറുണ്ട്.മതവും രാഷ്ട്രീയവും അത്രമേൽ അടുത്തു കിടക്കുന്നുവെന്നതുകൊണ്ടാണത്.അത് കേരളത്തിൽ മാത്രമുള്ള കാര്യമല്ല, പുതിയതുമല്ല.ലോകത്താകമാനം ഭരണക്രമങ്ങൾ രൂപപ്പെട്ട കാലം മുതൽ മതം രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടുണ്ട്.രാഷ്ട്രീയ കക്ഷികൾ അധികാരം അരക്കിട്ടുറപ്പിക്കാൻ മതത്തെ കൂട്ടുപിടിച്ചിട്ടുണ്ട്.ആദ്യകാലങ്ങളിൽ അത് പ്രത്യക്ഷമായിരുന്നെങ്കിൽ ഇപ്പോൾ പരോക്ഷമാണെന്നത് മാത്രമാണ് വ്യത്യാസം.
രാഷ്ട്രീയ സംഘടനകളെ ഇസങ്ങളുമായി ചേർത്തു വായിക്കുന്നതും പുതിയ കാര്യമല്ല.അത് മതവിശ്വാസവുമായി ബന്ധപ്പെട്ടതോ മറ്റു പ്രത്യയശാസ്ത്രങ്ങളുമായി ബന്ധപ്പെട്ടതോ ആകാം.യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്തീയ സഭകളുടെ സ്വാധീനം ഭരണരംഗത്തും രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളിലും പ്രകടമാണ്.അറേബ്യൻ രാജ്യങ്ങളിൽ അത് ഇസ്‌ലാമുമായി ബന്ധപ്പെട്ടതാണ്.കമ്യൂണിസത്തെ പിൻപറ്റി രാഷ്ട്രീയ നിലപാടുകളും ഭരണപരമായ തീരുമാനങ്ങളും എടുക്കുന്ന രാജ്യങ്ങളും ഇവിടെയുണ്ട്.ഭരണഘടനയിൽ മതേതര ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യയിൽ, രാഷ്ട്രീയത്തിൽ മതത്തിന്റെ ഇടപെടൽ വർധിക്കുന്നത് ചർച്ചയാകുന്നത് സ്വാഭാവികം.മതേതര ഇന്ത്യയെ പ്രകടമായി ഹിന്ദു ഇന്ത്യയാക്കി മാറ്റാൻ ബി.ജെ.പിയും ആർ.എസ്.എസും തീവ്രശ്രമം നടത്തുമ്പോൾ മതേതരത്വമെന്ന വാക്ക് കൂടുതൽ ഉച്ചത്തിൽ ഉയരുകയും ചെയ്യും.
പേരിൽ മുസ്്‌ലിം എന്നുള്ളതുകൊണ്ടു തന്നെ ഇന്ത്യൻ യൂനിയൻ മുസ്്‌ലിം ലീഗിന് മേൽ എക്കാലത്തും വർഗീയത ആരോപിക്കപ്പെട്ടിട്ടുണ്ട്.മുസ്്‌ലിം ജനസംഖ്യ കൂടുതലുള്ള മലബാർ മേഖല ആസ്ഥാനമായ പാർട്ടി, മുസ്്‌ലിം സമുദായ സംഘടനകളുമായി അടുത്തു നിൽക്കുന്ന പാർട്ടി എന്നീ ഘടകങ്ങളും മുസ്്‌ലിം ലീഗിനെ മുസ്്‌ലിം പാർട്ടിയായി കാണുന്നവരാണ് കൂടുതലും. മുസ്്‌ലിം സമുദായത്തിന്റെ പ്രശ്്‌നങ്ങളിൽ കർശനമായി ഇടപെടുമ്പോഴും സമുദായത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയാൻ മടി കാണിക്കാറില്ല. ലീഗിനെ സംബന്ധിച്ച് അതാണ് നിലപാട്.മഹാഭൂരിപക്ഷം വരുന്ന അണികളും മുസ്്‌ലിം സമുദായത്തിൽ നിന്നുള്ളവരായതിനാൽ ലീഗിന് മറിച്ചൊരു നിലപാടെടുക്കാനും കഴിയില്ല.ലീഗിൽ മുസ്‌ലിം വർഗീയത ആരോപിക്കാൻ ഇത് പ്രധാന കാരണമാണ്. 
സമൂഹത്തെ പൊതുവിൽ ബാധിക്കുന്ന കാര്യങ്ങളിൽ മുസ്്‌ലിം ലീഗ് എടുക്കുന്ന നിലപാടുകൾ വർഗീയമാണോ എന്ന പരിശോധന എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്.ഇപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ, ഏറെ ചർച്ച ചെയ്യപ്പെടുന്ന, പ്രസ്താവനയുടെ ഉള്ളടക്കവും അതുമായി ബന്ധപ്പെട്ടതാണ്.മുസ്്‌ലിം ലീഗ് വർഗീയ പാർട്ടി അല്ലെന്നും ജനാധിപത്യ പാർട്ടിയാണെന്നുമാണ് സി.പി.എം സെക്രട്ടറി ഒടുവിൽ വ്യക്തമാക്കിയിട്ടുള്ളത്.ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കത്തിലെ പ്രധാന വിഷയമായ സർവകലാശാല ചാൻസലർ നിയമനം, വിഴിഞ്ഞം സംഭവം, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ ആനുകാലിക വിഷയങ്ങളിൽ മുസ്‌ലിം ലീഗ് സ്വീകരിച്ച നിലപാടുകളാണ് സി.പി.എം നേതാവിന്റെ നല്ല സർട്ടിഫിക്കറ്റിന് ഇടയാക്കിയിട്ടുള്ളത്.ഈ മൂന്നു വിഷയങ്ങളിലും കോൺഗ്രസിന്റെ നിലപാടിനോട് ചേർന്നു നിൽക്കാത്തതും ഇടതുപക്ഷ നിലപാടിനെ അനുകൂലിക്കുന്നതുമായ നിലപാടാണ് മുസ്്‌ലിം ലീഗ് സ്വീകരിച്ചിരിക്കുന്നത് എന്നതാണ് പ്രശംസക്ക് നിദാനം.
മുസ്്‌ലിം ലീഗിന്റെ നിലപാടുകളോട് പല കാലങ്ങളിൽ സി.പി.എംസ്വീകരിച്ച സമീപനം ഇതോടൊപ്പം ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. വി.എസ്. അച്യുതാനന്ദൻ കർശനമായും പിണറായി വിജയൻ മൃദുവായും മുസ്്‌ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് വിളിച്ചത് കേരളത്തിൽ തന്നെയാണ്.അവരുടെ പാർട്ടിയുടെ പുതിയ നിലപാട് മാറ്റം മുസ്്‌ലിം ലീഗിനെ സംബന്ധിച്ച് അഭിമാനിക്കാവുന്നതാണ്.സി.പി.എമ്മിനാകട്ടെ കൂടുതൽ വിശദീകരണം ആവശ്യമായ നിലപാടുമാണിത്. 
മതേതരത്വ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ഒട്ടേറെ തിരിച്ചടികൾ ഏറ്റ പാർട്ടിയാണ് മുസ്്‌ലിം ലീഗ്.മുസ്്‌ലിം വർഗീയതക്ക് വേണ്ടി ശക്തമായി നിലകൊണ്ടിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ മുസ്‌ലിം ലീഗല്ലാതെ മറ്റൊരു മുസ്്‌ലിം കേന്ദ്രീകൃത പാർട്ടിയുണ്ടാകുമായിരുന്നില്ല. സമുദായത്തിന്റെ കാര്യങ്ങളിൽ മുസ്്‌ലിം ലീഗിന് തീവ്രത പോരെന്ന് പറഞ്ഞ് രൂപീകരിക്കപ്പെട്ടവയാണ് കേരളത്തിലെ മുസ്്‌ലിം പാർട്ടികളിലേറെയും.അതിന്റെ പേരിൽ ലീഗിലുണ്ടായ ഭിന്നത താൽക്കാലികമായെങ്കിലും ഒരു കാലത്ത് മുസ്്‌ലിം ലീഗിന് രാഷ്ട്രീയമായി ക്ഷീണമുണ്ടാക്കിയിരുന്നു.പിന്നീട്, ആ ക്ഷീണം അകറ്റാൻ പാർട്ടിയുടെ അടിത്തട്ടിലുള്ള പ്രവർത്തനങ്ങളിലൂടെ അവർക്ക് കഴിയുകയും ചെയ്തിട്ടുണ്ട്. ലീഗിന് രാഷ്ട്രീയ അടിത്തറയുള്ള മലബാറിൽ പല ഘട്ടങ്ങളിലും വർഗീയ സംഘർഷങ്ങൾ ഇല്ലാതാക്കുന്നതിൽ പാർട്ടിയുടെ നേതാക്കളും പാണക്കാട് കുടുംബവും എടുത്ത മതേതര നിലപാടുകൾ സഹായകമായിട്ടുണ്ടെന്നതിൽ തർക്കമില്ല.മതവിഭാഗങ്ങൾ തമ്മിലുള്ള സൗഹാർദം നിലനിർത്തുന്നതിന്, സംഘർഷ കാലങ്ങളിൽ മാത്രമല്ല, സമാധാന കാലങ്ങളിലും മുസ്്‌ലിം ലീഗിന്റെ ഉയർന്ന നേതാക്കൾ മുതൽ താഴെ തട്ടിലുള്ള പ്രവർത്തകർ വരെ പരിശ്രമിക്കുന്നവരാണ്.ഇത് പലപ്പോഴും എതിരാളികളോടുള്ള സന്ധി ചെയ്യലായി വ്യാഖ്യാനിക്കപ്പെടാറുണ്ട്.മ ുസ്്‌ലിം ലീഗിന്റെ ശത്രുക്കൾ കൂടുതലായും ഇടതുപക്ഷ പാർട്ടികൾ കുറഞ്ഞ രീതിയിലും ഈ വ്യാഖ്യാനം ഏറ്റുപാടാറുണ്ട്.മത വർഗീയതക്കൊപ്പം നിൽക്കുന്നതിനേക്കാൾ ശ്രമകരമാണ് പലപ്പോഴും മതേതര നിലപാടിനൊപ്പം നിൽക്കുന്നത്.വിമർശനങ്ങൾ ഏറ്റുവാങ്ങിയും മതേതരത്വ നിലപാട് സ്വീകരിക്കുന്ന ലീഗ്, ആർ.എസ്.എസിനെ മുഖ്യ ശത്രുവായി കാണുന്നവെന്നത് ജനാധിപത്യ സംരക്ഷണത്തിന്റെ ഭാഗം കൂടിയാണ്.വർഗീയതയുടെ ഉരക്കല്ലിൽ ഉരച്ചു നോക്കിയാൽ മുസ്്‌ലിം ലീഗിന്റെ മതേതര നിലപാടുകൾ തെളിഞ്ഞു വരും.
സി.പി.എം സെക്രട്ടറിയുടെ നല്ല സർട്ടിഫിക്കറ്റോടെ മുസ്്‌ലിം ലീഗ് ഇടതുമുന്നണിക്കൊപ്പം പോകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.സാധാരണയായി തെരഞ്ഞെടുപ്പ് കാലങ്ങളിൽ ഉയരുന്ന സന്ദേഹമാണിത്.അത്രമേൽ രാഷ്ട്രീയ അരക്ഷിതമല്ലാത്ത ഇടതുമുന്നണിക്ക് മുസ്്‌ലിം ലീഗിന്റെ പിന്തുണ ആവശ്യമുള്ള സമയമല്ലിതെന്ന് ആർക്കും മനസ്സിലാകും.മുസ്്‌ലിം ലീഗിനാണ് അത് കൂടുതൽ മനസിലാവുക.അതുകൊണ്ടു തന്നെ പാർട്ടി അധ്യക്ഷൻ അക്കാര്യം വ്യക്തമായി നിഷേധിച്ചിട്ടുണ്ട്.യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് ലീഗ് എന്ന് പാണക്കാട് സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിക്കഴിഞ്ഞു.
മതേതരത്വത്തിന്റെ സംരക്ഷണത്തിനായുള്ള കൂട്ടായ്്മയിൽ മാറ്റി നിർത്തേണ്ട പാർട്ടിയല്ല മുസ്്‌ലിം ലീഗ്.ബി.ജെ.പിയുടെ ഹിന്ദുവർഗീയതയെ ചെറുക്കാൻ മുസ്്‌ലിം ലീഗിന്റെ മുസ്്‌ലിം വർഗീയത എന്ന സമവാക്യം ജനാധിപത്യത്തിൽ അവതരിപ്പിക്കപ്പെടേണ്ട ഒന്നല്ല.ദേശീയ തലത്തിൽ മതേതരത്വം നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയുകയും അതിന് വേണ്ടി ജനാധിപത്യ കക്ഷികൾ ഒന്നിക്കുകയും ചെയ്യേണ്ടത് അനിവാര്യമായ കാര്യമാണ്.മതേതര, ജനാധിപത്യ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടികളെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.സി.പി.എം സെക്രട്ടറി ചെയ്തത് അതിൽ കുറഞ്ഞതൊന്നുമല്ല.മുന്നണി മാറണോ വേണ്ടയോ എന്നത് മുസ്്‌ലിം ലീഗ് തീരുമാനിക്കേണ്ട കാര്യമാണ്. അതിനേക്കാൾ പ്രധാനമാണ് കാലിക ഇന്ത്യയിൽ മതേതരത്വത്തിന്റെ സംരക്ഷണത്തിനായി ഏടുക്കുന്ന നിലപാടുകൾ.

Latest News