ബംഗളൂരു- കർണാടക തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ച എക്സിറ്റ് പോളുകളെല്ലാം കിങ്മേക്കർ ആകുമെന്ന് പ്രഖ്യാപിച്ച ജെഡിഎസ് നേതാവ് കുമാരസ്വാമിയും ഒടുവിൽ ഫലം പുറത്തു വന്നപ്പോൾ സാക്ഷാൽ കിങ് തന്നെയായി. 104 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ടാണ് മുന്നാം സ്ഥാനത്തുള്ള 37 സീറ്റ് മാത്രം ലഭിച്ച ജെഡിഎസ് ശ്രദ്ധാ കേന്ദ്രമായത്. സർക്കാർ രൂപീകരിക്കാൻ ജെഡിഎസിനെ പിന്തുണക്കാൻ 78 സീറ്റ് നേടിയ കോൺഗ്രസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി പോലും വന്നില്ല. കോൺഗ്രസ് പിന്തുണ സ്വീകരിക്കുകയാണെന്ന് അറിയിച്ചതോടെ കുമാരസ്വാമിക്ക് രാജപരിവേഷം ലഭിക്കുകയായിരുന്നു.
കുമാരസ്വാമിക്ക് അഞ്ചു വർഷവും മുഖ്യമന്ത്രിയാകാമെന്ന വൻ ഓഫറാണ് കോൺഗ്രസ് നൽകിയിരിക്കുന്നത്. കുമാരസ്വാമി സർക്കാർ രൂപീകരിക്കുമെന്നും തങ്ങൾ അതിന്റെ ഭാഗമാകുമെന്നുമാണ് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞത്.






