Sorry, you need to enable JavaScript to visit this website.

VIDEO കേരളത്തില്‍നിന്ന് ലണ്ടനിലേക്ക് സൈക്കിളില്‍ പുറപ്പെട്ട ഫായിസ് വിശുദ്ധ ഭൂമിയില്‍

മക്ക- തിരുവനന്തപുരത്തുനിന്ന് സൈക്കിളില്‍ ലണ്ടനിലേക്ക് പുറപ്പെട്ട കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ഫായിസ് അഷ്‌റഫ് അലി വിശുദ്ധ ഭൂമിയില്‍. സൗദിയില്‍ പ്രവേശിച്ച ശേഷം മികച്ച അനുഭവങ്ങളാണെന്നും സുരക്ഷക്കായി നാലു ദിവസത്തോളം സൗദി പോലീസ് കാറില്‍ അനുഗമിച്ചുവെന്നും ഫായിസ് പറഞ്ഞു. പ്രവാസികളും സ്വദേശികളും വലിയ സ്വീകരണമാണ് നല്‍കിയത്. റിയാദില്‍നിന്ന് മക്കയിലേക്കുള്ള യാത്രയില്‍ ഒരു ദിവസം മരുഭൂമിയില്‍ ടെന്റടിച്ചാണ് താമസിച്ചത്. മലയാളികള്‍ക്കു പുറമെ മറ്റു രാജ്യക്കാരും തങ്ങളുടെ താമസ കേന്ദ്രങ്ങളില്‍ ആതിഥ്യമൊരുക്കി. രണ്ടു ദിവസം പാക്കിസ്ഥാനികളുടെ റൂമിലായിരുന്നു താമസം. ഒരു ദിവസം സൗദി പൗരന്‍ വിളിച്ചുകൊണ്ടുപോയി അദ്ദേഹത്തിന്റെ മജ് ലിസില്‍ വിരുന്നും താമസ സൗകര്യവും നല്‍കി.


ഓഗസ്റ്റ് 15 നാണ് ഫായിസ് രണ്ട് ഭൂഖണ്ഡങ്ങളിലെ 35 രാജ്യങ്ങള്‍ താണ്ടിയുള്ള സൈക്കിള്‍ യാത്ര ആരംഭിച്ചത്. ലോകസമാധാനം, ആരോഗ്യ സംരക്ഷണം, സീറോ കാര്‍ബണ്‍, മയക്കുമരുന്നിനെതിരെയുള്ള ബോധവല്‍ക്കരണം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 450 ദിവസം സൈക്കിളില്‍ യാത്ര ചെയ്യുന്നത്.
തിരുവനന്തപുരത്തുനിന്ന് റിയാദില്‍ എത്തുന്നതുവരെ സൈക്കിളിന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പ്രധാന നഗരങ്ങളിലെത്തുമ്പോള്‍ പരിശോധിച്ച് ആവശ്യമായ മെയിന്റനന്‍സ് നടത്തും. എന്നാല്‍ റിയാദില്‍നിന്നുള്ള മക്കാ റോഡില്‍ രണ്ടു തവണ ടയര്‍ പഞ്ചറായി. ഇതുവരെ കാലാവസ്ഥയും പ്രശ്‌നങ്ങളൊന്നും സൃഷ്ടിച്ചില്ല. മുംബൈയില്‍ എത്തിയപ്പോഴായിരുന്നു മഴ. ശൈത്യകാലം തുടങ്ങിയിരിക്കെ ഇനിയങ്ങോട്ടുള്ള യാത്രയില്‍ തണുപ്പായിരിക്കും വില്ലനെന്ന് ഫായിസ് പറയുന്നു. കോഴിക്കോട്ടുനിന്ന് സിംഗപ്പൂരിലേക്ക് നടത്തിയ യാത്രയുടെ അനുഭവമുള്ള ഫായിസിന് പക്ഷേ ദൃഢനിശ്ചയത്തിനും ആത്മവിശ്വാസത്തിനും ഒട്ടും കുറവില്ല. വിപ്രോയിലെ ജോലി രാജിവെച്ച് 2019 ലായിരുന്നു സിംഗപ്പൂരിലേക്കുള്ള യാത്ര.
ഒമാനില്‍നിന്ന് യു.എ.ഇയിലെത്തിയ ഫായിസ് അല്‍ഐന്‍ ഒഴികെയുള്ള എല്ലാ എമിറേറ്റുകളിലും സഞ്ചരിച്ച ശേഷമാണ് സൗദിയില്‍ കാലു കുത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ലോകകപ്പിന് വേദിയായ ഖത്തറിലേക്കുള്ള ആദ്യ ഹയ്യാ കാര്‍ഡ് യാത്രക്കാരനായിരുന്നു ഫായിസ്. ഖത്തറും സൗദിയും അതിര്‍ത്തി പങ്കിടുന്ന അബൂസംറ വഴിയാണ് ഖത്തറില്‍ പ്രവേശിച്ചത്. ഖത്തറില്‍ 11 ദിവസം ചെലവഴിച്ച ശേഷമാണ് വീണ്ടും സൗദിയിലെത്തിയത്. പിന്നീട് ഹുഫൂഫ്, ദമാം വഴി ബഹ്‌റൈനിലേക്ക് പോയി. ആറു ദിവസം അവിടെ തങ്ങിയ ശേഷം വീണ്ടും സൗദിയിലെത്തി. റിയാദില്‍ നാലു ദിവസം താമസിച്ച ശേഷമായിരുന്നു മക്ക ലക്ഷ്യമിട്ടുള്ള യാത്ര. 15, 16, 17 തീയതികളില്‍ ജിദ്ദയിലുണ്ടാകും.
ദമാം വഴി കുവൈത്തിലേക്കാണ് അടുത്തയാത്ര. അവിടെ നിന്ന് ഇറാന്‍, ഇറാഖ്, അസൈര്‍ബൈജാന്‍, ജോര്‍ജിയ അങ്ങിനെയാണ് യൂറോപ്പിലേക്കുള്ള റൂട്ട്.

യാത്രയെ ഇഷ്ടപ്പെടുന്നവര്‍ പിന്തുണയുമായി രംഗത്തുണ്ടെങ്കിലും സ്‌പോണ്‍സറെ തേടുകയാണെന്ന് ഫായിസ് പറഞ്ഞു. സൗദിയില്‍ ബന്ധപ്പെടാനുള്ള നമ്പര്‍ 0571198162.

 

 

Latest News